CINEMA

ഒറ്റയ്ക്ക് സ്വരം ഉയർത്തുന്നവരെ എപ്പോഴും മാറ്റി നിർത്തും: ചർച്ചയായി വിൻ സി.യുടെ വാക്കുകൾ

എല്ലാ മിന്നുന്ന താരങ്ങളും പ്രചോദനം നൽകുന്നവരാകണമെന്നില്ല: ചർച്ചയായി വിൻ സി.യുടെ വാക്കുകൾ | Win C Alosious Movie

ഒറ്റയ്ക്ക് സ്വരം ഉയർത്തുന്നവരെ എപ്പോഴും മാറ്റി നിർത്തും: ചർച്ചയായി വിൻ സി.യുടെ വാക്കുകൾ

മനോരമ ലേഖകൻ

Published: January 06 , 2025 10:35 AM IST

Updated: January 06, 2025 10:50 AM IST

1 minute Read

വിൻ സി. അലോഷ്യസ്

സ്‌ക്രീനിൽ കണ്ട് ആരാധിക്കുന്ന സിനിമാ താരങ്ങളിൽ പലരും യഥാർഥ ജീവിതത്തിൽ നമുക്ക് പ്രചോദനം നൽകുന്നവരായിരിക്കില്ലെന്ന് നടി വിൻ സി. അലോഷ്യസ്.  ഹേമ കമ്മിറ്റിയിൽ ചിലർ നടത്തിയ തുറന്നുപറച്ചിലൂടെ പല താരങ്ങളുടെയും മുഖം മൂടികൾ വെളിപ്പെട്ടെന്നും നടി പറയുന്നു. സിനിമ മേഖല മേൽക്കോയ്മയുടേതാണ്, അവിടെ ഒറ്റയ്ക്ക് ശബ്ദമുയർത്തിയാൽ പുറത്താക്കപ്പെടുമെന്നും വിൻ സി. തുറന്നു പറഞ്ഞു. നസ്രാണി യുവശക്തി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
‘‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം സിനിമാ മേഖലയിലുള്ള പ്രശ്നങ്ങൾ നിങ്ങളെല്ലാവരും അറിഞ്ഞിട്ടുണ്ടാവും. ഇപ്പോൾ മലയാള സിനിമ ഭയങ്കര മോശം അവസ്ഥയിൽ കൂടി കടന്നുപോവുകയാണ്.  പൊതുവെ സിനിമകളില്ല, അവസരങ്ങൾ കുറവാണ്. മുൻപ് ഫിലിം ചേമ്പറിൽ റജിസ്റ്റർ ചെയ്യുന്നത് ഒരു മാസത്തിൽ 20-30 സിനിമകൾ ആണെങ്കിൽ ഇപ്പോൾ അത് നാലോ അഞ്ചോ സിനിമകൾ ഒക്കെയാണ്. സിനിമാ മേഖല എന്ന് മാത്രമല്ല ഏതു മേഖലയും നമ്മൾ ചികഞ്ഞു നോക്കി കഴിഞ്ഞാൽ അവിടെ ശരിയല്ല എന്ന് തോന്നുന്ന പല കാര്യങ്ങളും നടക്കുന്നുണ്ടാവും. സിനിമ മേഖലയിൽ പ്രത്യേകിച്ചും. കലാകാരന്മാർ ഒത്തിരി ഉണ്ട്. 

നിങ്ങൾ കാണുന്ന താരങ്ങൾ, എല്ലാ താരങ്ങളും എന്ന് ഞാൻ പറയില്ല. പക്ഷേ എല്ലാ മിന്നുന്ന താരങ്ങളും നമ്മളൊരു ഇൻസ്പിരേഷനായി കൊണ്ട് നടക്കാൻ പാകത്തിലുള്ള താരങ്ങളാകണമെന്നില്ല. നിങ്ങൾക്ക് ആർക്കും ഇവരുടെ വ്യക്തിജീവിതത്തെപ്പറ്റി അറിയില്ല. സ്‌ക്രീനിൽ കണ്ട് നമ്മൾ അവരെ ഒരുപാട് ആരാധിക്കും. പക്ഷേ അവരുടെ മനസ്സിൽ എന്താണ് ചിന്താഗതി എന്താണ് എന്നൊന്നും അറിയില്ല. അങ്ങനെ കുറെ മുഖംമൂടികൾ വ്യക്തിപരമായിട്ടുള്ള പലരുടെയും തുറന്നു പറച്ചിലിലൂടെ ഹേമ കമ്മിറ്റി വഴി വെളിപ്പെട്ടിട്ടുണ്ട്.  സിനിമ മേഖല എന്ന് മാത്രമല്ല എല്ലാ മേഖലയിലും പ്രശ്നങ്ങൾ ഉണ്ട്. സിനിമ മേഖല എന്ന് പറയുന്നത് എല്ലാവരും ഉറ്റുനോക്കുന്ന മേഖലയാണ്. എല്ലാവരും ഒരേപോലെ സ്നേഹിക്കുന്ന ഒരുപാട് സ്റ്റാറുകൾ ഉള്ള ഒരു മേഖലയാണ്. അതുകൊണ്ട് അവിടെ ഒരു പ്രശ്നം വന്നാൽ അത് ഫോക്കസ് ചെയ്യപ്പെടും. ബാക്കി പലയിടങ്ങളിലും പീഡനങ്ങളും മറ്റു പ്രശ്നങ്ങളും സംഭവിക്കുന്നുണ്ട്, പക്ഷേ അതൊന്നും പുറത്തുവരുന്നില്ല. പക്ഷേ മാധ്യമങ്ങളടക്കം വാർത്ത റിപ്പോർട്ട് ചെയ്യുക ഈ മേഖലയുടേതായിരിക്കും. അതാണ് സിനിമ മേഖല ഇത്രയും പ്രശ്നത്തിലാണ് എന്നുള്ള തോന്നൽ വരാനുള്ള ആദ്യത്തെ കാരണം. 

സിനിമ മേഖല എളുപ്പത്തിൽ സ്വീകരിക്കാവുന്ന മേഖലയല്ല,  ഭയങ്കര മേൽക്കോയ്മ ഉള്ള ഒരു വ്യവസായമാണ് സിനിമ. ഒരു പ്രശ്നം വന്നാൽ ഒറ്റക്കെട്ടായി സംസാരിച്ചാൽ ചിലപ്പോൾ അതു നടക്കും. പക്ഷേ ഒറ്റയ്ക്ക് ഒരു സ്വരം ഉയർത്തിയാൽ അതിനെതിരെ വരുന്ന ഭൂരിപക്ഷം വിജയിക്കും. ഒറ്റയ്ക്ക് സ്വരം ഉയർത്തുന്നവരെ എപ്പോഴും മാറ്റി നിർത്തും. സിനിമ എനിക്ക് നഷ്ടപ്പെടുന്നതിൽ ഒരു കുഴപ്പവുമില്ല എന്ന് മനസ്സുറപ്പുള്ളവർക്ക് അവിടെ പോയി ശബ്ദം ഉയർത്താം. അവിടെ നിങ്ങൾക്ക് ശക്തയായി നിൽക്കാം. പക്ഷേ ആ മേഖല ചിലപ്പോൾ നഷ്ടപ്പെട്ടു എന്നു വരും. അതുകൊണ്ട് എന്റെ ഒരു ചിന്താഗതിയിൽ ഒരിക്കലും ഒറ്റയ്ക്കു നിന്ന് പോരാടിയാൽ സിനിമയിൽ പിടിച്ചുനിൽക്കാൻ പറ്റും എന്ന് തോന്നുന്നില്ല. കാരണം അത് ഭൂരിപക്ഷം ഭരിക്കുന്ന മേഖലയാണ്. ആ ആധിപത്യം വളരെ നന്മയുള്ള മേധാവിത്വം ആണെന്ന് എനിക്ക് തോന്നുന്നില്ല. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.’’ വിൻ സി. അലോഷ്യസ് പറയുന്നു.

English Summary:
Actress Win C. Alosius says that many film stars whom people admire on screen may not be inspirational figures in real life

7rmhshc601rd4u1rlqhkve1umi-list 374o1orhfm5jqtk3rrgnia2jj2 mo-entertainment-common-malayalammovienews mo-entertainment-movie-vincyaloshious f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button