പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ ജയിലിലെത്തി സന്ദർശിച്ച് പി ജയരാജൻ, മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലെത്തി സന്ദർശിച്ച് സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജൻ. അഞ്ചുപ്രതികളെയാണ് സന്ദർശിച്ചത്. ‘കേരളം- മുസ്ളീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ളാം’ എന്ന സ്വന്തം പുസ്തകവും പ്രതികൾക്ക് സമ്മാനിച്ചു.
‘തടവറകൾ കമ്മ്യൂണിസ്റ്റുകാർക്ക് പറഞ്ഞുവച്ചതാണ്. തടവറ കാട്ടി പേടിപ്പിക്കാമെന്ന് ആരും കരുതേണ്ടന്നും പി ജയരാജൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാനാണ് സിപിഎം ആഗ്രഹിക്കുന്നത്. ഒട്ടേറെ അക്രമസംഭവങ്ങൾ സമൂഹത്തിൽ നടക്കുന്നു. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. എന്നാൽ കമ്മ്യൂണിസ്റ്റുകാർ കൊല്ലപ്പെടുമ്പോൾ മാദ്ധ്യമങ്ങൾ വാർത്തയാക്കുന്നില്ല.
സിപിഎമ്മുകാർ കൊല്ലപ്പെടേണ്ടവരാണെന്നാണോ ധാരണ? പല കോടതി വിധികളും ഉപരികോടതികളെ സമീപിച്ച് നിരപരാധികളാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. അതുപോലെ ഈ കേസിലും പോരാടുമെന്ന് പ്രതികൾ അറിയിച്ചിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് പ്രതികരിക്കുന്നില്ല’- പി ജയരാജൻ പറഞ്ഞു. ജയിൽ ഉപദേശക സമിതിയംഗം എന്ന നിലയിലാണ് എത്തിയതെന്നാണ് ജയരാജൻ പറഞ്ഞത്.
പി ജയരാജന്റെ സാന്നിദ്ധ്യത്തിൽ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് ഉദുമ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കമുള്ള പ്രതികളെ അഭിവാദ്യം ചെയ്തത്. ഇന്ന് വൈകിട്ടോടെയാണ് പെരിയ കേസിലെ ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളെയും പത്താം പ്രതിയെയും കണ്ണൂരിലെത്തിച്ചത്. വിയ്യൂരിൽനിന്ന് പീതാംബരൻ ഉൾപ്പെടെ ഒൻപത് പേരെ എത്തിച്ച് ഏതാണ്ട് ഒരു മണിക്കൂറിന് ശേഷമാണ് കാക്കനാട് ജയിലിൽനിന്ന് ബാക്കിയുള്ള പ്രതികളെയും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്.
Source link