KERALAM

പി വി അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം, വീട് വളഞ്ഞ് പൊലീസ്; പ്രതിഷേധവുമായി അനുയായികള്‍

മലപ്പുറം: ഡിഎംകെ നേതാവും നിലമ്പൂര്‍ എംഎല്‍എയുമായ പി വി അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം.നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് പി.വി അന്‍വറിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ എംഎല്‍എ ഉള്‍പ്പെടെ 11പേര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. പി വി അന്‍വറിന്റെ അറസ്റ്റിന് നീക്കമെന്നാണ് സൂചന. അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം എംഎല്‍എയുടെ വീട്ടിലെത്തി.

നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലാണ് പിവി അന്‍വറിന്റെ വീടിന് പുറത്ത് പൊലീസ് സന്നാഹമെത്തിയത്. വീടിന് അകത്തേക്ക് ആളുകളെ കയറ്റുന്നുണ്ടായിരുന്നില്ല. അന്‍വറിന്റെ അനുയായികള്‍ വീടിന് പുറത്ത് തടിച്ചു കൂടി നില്‍ക്കുകയാണ്. വീടിന് മുന്നിലും വന്‍ പൊലീസ് സന്നാഹം സജ്ജീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി വീടിനുള്ളിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിഷയത്തില്‍ പ്രതിചേര്‍ത്ത് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്.

അതേസമയം എംഎല്‍എ അറസ്റ്റിന് വഴങ്ങുമെന്ന് ഡിഎംകെ നേതാവ് ഇ.എ സുകു പ്രതികരിച്ചു. ഒരു ജനപ്രതിനിധിയെ അറസ്റ്റ് ചെയ്യുന്നതിന് ചില നടപടിക്രമങ്ങളുണ്ടെന്നും സിപിഎം വിട്ട് അന്‍വറിനൊപ്പം ചേര്‍ന്ന സുകു പ്രതികരിച്ചു.


Source link

Related Articles

Back to top button