പി വി അന്‍വര്‍ അറസ്റ്റില്‍, പുറത്തിറങ്ങിയാല്‍ ബാക്കി കാണിച്ച് തരാമെന്ന് എംഎല്‍എയുടെ വെല്ലുവിളി

നിലമ്പൂര്‍: പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് പി.വി അന്‍വറിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ എംഎല്‍എ ഉള്‍പ്പെടെ 11പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. തനിക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അന്‍വര്‍ ആരോപിച്ചു.

ഇതിന്റെ ബാക്കി താന്‍ പുറത്തിറങ്ങിയ ശേഷം കാണിച്ച് തരാമെന്ന് അന്‍വര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം എംഎല്‍എയെ അറസ്റ്റ് ചെയ്തതില്‍ വ്യാപകമായി പ്രതിഷേധിക്കുകയാണ് ഡിഎംകെ അനുയായികള്‍. മുഖ്യമന്ത്രിക്കെതിരെയാണ് അനുയായികള്‍ മുദ്രാവാക്യം വിളിച്ച് അന്‍വറിന് പിന്തുണ പ്രഖ്യാപിക്കുന്നത്.

നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലാണ് പിവി അന്‍വറിന്റെ വീടിന് പുറത്ത് പൊലീസ് സന്നാഹമെത്തിയത്. വീടിന് അകത്തേക്ക് ആളുകളെ കയറ്റുന്നുണ്ടായിരുന്നില്ല. എംഎല്‍എയെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ അന്‍വറിന്റെ അനുയായികള്‍ വീടിന് പുറത്ത് തടിച്ചു കൂടി നില്‍ക്കുകയാണ്. വീടിന് മുന്നിലും വന്‍ പൊലീസ് സന്നാഹം സജ്ജീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി വീടിനുള്ളിലേക്ക് പ്രവേശിച്ചത്.

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിഷയത്തില്‍ പ്രതിചേര്‍ത്ത് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്.

അതേസമയം എംഎല്‍എ അറസ്റ്റിന് വഴങ്ങുമെന്ന് ഡിഎംകെ നേതാവ് ഇ.എ സുകു പ്രതികരിച്ചിരുന്നു. ഒരു ജനപ്രതിനിധിയെ അറസ്റ്റ് ചെയ്യുന്നതിന് ചില നടപടിക്രമങ്ങളുണ്ടെന്നും സിപിഎം വിട്ട് അന്‍വറിനൊപ്പം ചേര്‍ന്ന സുകു പ്രതികരിച്ചു.


Source link
Exit mobile version