പെരിയ ഇരട്ടക്കൊല; ശിക്ഷിക്കപ്പെട്ട ഒമ്പതുപേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിലെ കുറ്റവാളികളായ ഒമ്പതുപേരെ കണ്ണൂർ ജയിലിലേക്ക് മാറ്റി. കുറ്റവാളികളായ രഞ്ജിത്ത്, സുധീഷ്, ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് മാറ്റിയത്. ഇന്ന് രാവിലെ 8.15നായിരുന്നു വിയ്യൂരിൽ നിന്ന് കുറ്റവാളികളെ കണ്ണൂരിലേക്ക് കൊണ്ടുപോയത്.

കോടതി നിർദേശപ്രകാരമാണ് മാറ്റിയതെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഒമ്പത് പേർക്കും കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികൾ തന്നെ ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കൾക്കടക്കം വന്നുകാണാൻ ഇതാണ് നല്ലതെന്നും പ്രതികൾ പറഞ്ഞിരുന്നു. ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജയിൽ മാറ്റം.

അതേസമയം, നിയമ പോരാട്ടം തുടരാനാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും തീരുമാനം. ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കൾക്കെതിരെ വിധി വന്ന പശ്ചാത്തലത്തിൽ അപ്പീൽ പോകുമെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്.


Source link
Exit mobile version