KERALAM

രണ്ട് തവണ കഥകളിയിൽ സമ്മാനം നേടി, പക്ഷേ ഇത്തവണ എത്തിയത് തിരുവാതിരയുമായി; അതിനൊരു കാരണമുണ്ടെന്ന് ധന്യ

തിരുവനന്തപുരം: തിരുവാതിര മത്സരത്തിനായിട്ടാണ് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ധന്യ പ്രകാശ് ഇത്തവണ സഹപാഠികൾക്കും അദ്ധ്യാപകർക്കുമൊപ്പം കലോത്സവ വേദിയിലെത്തിയത്. ധന്യയെ സംബന്ധിച്ച് കലോത്സവ വേദി ഒരു പുതിയ അനുഭവമല്ല.

കഴിഞ്ഞ രണ്ട് തവണയും സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്തു. പക്ഷേ അന്ന് കഥകളി വേഷമണിഞ്ഞായിരുന്നു എത്തിയതെന്ന വ്യത്യാസമുണ്ട്. അന്ന്‌ ധന്യ വേദിയിൽ വെറുതെ വന്നുപോകുകയായിരുന്നില്ല, ഒന്നാം സ്ഥാനവും നേടിയായിരുന്നു തിരിച്ചുപോയത്. ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നുണ്ടെന്ന് ധന്യ പറയുന്നു. ബയോളജി സയൻസ് വിദ്യാർത്ഥിനിയായ ധന്യയ്ക്ക് പൈലറ്റാകാനാണ് ആഗ്രഹം. എന്നാലും കലാമേഖലയിൽ തു‌ടരുമെന്നും ധന്യ വ്യക്തമാക്കി.


രണ്ട് തവണ സമ്മാനം നേടിയിട്ടും ഇത്തവണ എന്തുകൊണ്ട് കഥകളിക്ക് പകരം തിരുവാതിര എന്ന ചോദ്യത്തിന് ഒരു വെറൈറ്റി ആയിക്കോട്ടെയെന്ന് വിചാരിച്ചെന്നായിരുന്നു ഈ മിടുക്കിയുടെ മറുപടി. എന്നാൽ കഥകളിയുടെ ചെലവ് താങ്ങാവുന്നതിലുമപ്പുറമാണെന്നായിരുന്നു ധന്യയുടെ പിതാവ് പ്രകാശിന്റെ പ്രതികരണം.

‘കഥകളി വളരെ ചെലവേറിയ പരിപാടിയാണ്. ഒന്ന് – ഒന്നരലക്ഷം രൂപയൊക്കെ ചെലവുണ്ട്. ഇത്തരം ഭീമമായ ചെലവുകൾ മൂലം കഴിവുള്ള പല കുട്ടികളും കഥകളിയിലേക്ക്‌ കടന്നു വരുന്നില്ല.’- ധന്യയുടെ പിതാവ് പ്രകാശ് പറഞ്ഞു. കാസർകോട്,, കാഞ്ഞങ്ങാട് ആണ് ധന്യയുടെ വീട്. കാർത്തികയാണ് ധന്യയുടെ അമ്മ. സഹോദരി: അമൃത.


Source link

Related Articles

Back to top button