KERALAM

അപകട സമയം മണിയുടെ കയ്യിൽ അഞ്ച് വയസുകാരനായ മകൻ; ആന ചവിട്ടാൻ ഓടിക്കുന്നതിനിടെ അത്ഭുത രക്ഷപ്പെടൽ

മലപ്പുറം: നിലമ്പൂർ കരുളായി വനത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പൂച്ചപ്പാറ കോളനിയിലെ മണിയുടെ (35) കയ്യിൽ അപകടസമയത്ത് കുട്ടിയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ. അത്ഭുതകരമായാണ് അഞ്ച് വയസുകാരൻ രക്ഷപ്പെട്ടതെന്നും ബന്ധുക്കൾ പറഞ്ഞു. മണിയുടെ മകൻ മനുകൃഷ്‌ണ ആണ് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്.

ഇന്നലെ വൈകിട്ട് 6.45ഓടെ ആയിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ചുവരുന്നതിനിടെ ആണ് സംഭവം. മണിയെ കാട്ടാന ആക്രമിച്ചപ്പോൾ കയ്യിൽ പിടിച്ചിരുന്ന അഞ്ച് വയസുകാരൻ തെറിച്ച് വീണു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികളാണ് മനുവിനെ കാട്ടാന ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. കാട്ടാന പാഞ്ഞടുക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾ മനുവിനെ എടുത്ത് ഓടി. കുട്ടികളെല്ലാം കോളനിയിൽ സുരക്ഷിതമായി തിരിച്ചെത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

കുട്ടികളാണ് മണിയുടെ സഹോദരൻ അയ്യപ്പനെ വിവരമറിയിച്ചത്. സ്ഥലത്ത് മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തത് തിരിച്ചടിയായി. അയ്യപ്പൻ സ്ഥലത്തെത്തി മണിയെ ചുമന്നാണ് കൊണ്ടുവന്നത്. പരിക്കേറ്റ മണിയെ ഒന്നര കിലോമീറ്ററോളം അയ്യപ്പൻ ചുമന്നു. വാഹന സൗകര്യമുള്ള കണ്ണക്കൈയിൽ എത്തിച്ചശേഷം അവിടെ നിന്ന് ജീപ്പിൽ കാടിന് പുറത്തെത്തിച്ചു. ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്.

അതേസമയം, കുടുംബത്തിന് ധനസഹായമായി പത്ത് ലക്ഷം രൂപ ഉടൻ നൽകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. വന്യജീവി ആക്രമണ തോത് കുറഞ്ഞുവരികയാണ്. മരണ നിരക്ക് കുറച്ചുകൊണ്ടുവരാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് പാമ്പ് കടിയേറ്റാണ്. വന നിയമ ഭേദഗതിയിൽ നിയമസഭ സബ്‌ജക്‌ട് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരും. ജനങ്ങൾക്ക് പ്രായോഗികമായ നിയമങ്ങൾ മാത്രമേ നടപ്പിലാക്കൂ എന്നും വനമന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button