എ വി റസൽ തുടരും; കോട്ടയം ജില്ലാ കമ്മിറ്റിയിലേക്ക് പുതിയതായി ആറ് പേരെ ഉൾപ്പെടുത്തി

കോട്ടയം: എ വി റസൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി തുടരും. പാമ്പാടിയിൽ നടന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. റസലിന്റെ രണ്ടാം ഊഴമാണിത്. 2022 ജനുവരിയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി റസൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

38 അംഗ ജില്ലാ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. പുതിയതായി ആറ് പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ബി ശശി കുമാർ, സുരേഷ് കുമാർ, ഷീജാ അനിൽ, കെ കെ രഞ്ജിത്ത്, സുഭാഷ് ടി വർഗീസ്, കെ ജയകൃഷ്ണൻ എന്നിവരെയാണ് ഉൾപ്പെടുത്തിയത്. സുരേഷ് കുറുപ്പ്, സി ജെ ജോസഫ്, ബി അനന്തക്കുട്ടൻ, കെ അനിൽകുമാർ, എം പി ജയപ്രകാശ്, കെ അരുണൻ എന്നിവർ കമ്മിറ്റിയിൽ നിന്നും ഒഴിവായി.

കഴിഞ്ഞ നാല് ദിവസമായി നടന്നുവന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്നലെ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറിയും സംഘടനാ റിപ്പോർട്ടിൽന്മേലുള്ള ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മറുപടി പറഞ്ഞു.

പാർട്ടി പരിപാടികളിൽ ജനപങ്കാളിത്തം കുറയുന്നുവെന്നും, പൊലീസ് സ്റ്റേഷനുകളിൽ പ്രവർത്തകർക്ക് പോലും രക്ഷയില്ലാത്ത സ്ഥിതിയാണെന്നും ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. പാർട്ടിയിലെ ചില സീനിയർ നേതാക്കളുടെയും വിദ്യാർത്ഥി, യുവജന, വനിത, സർവീസ് , സംഘടനകളുടെയും, ബ്രാഞ്ച് – ലോക്കൽ കമ്മിറ്റിപ്രവർത്തനവും തൃപ്തികരമല്ല. ബി.ജെ.പിയുടെ വളർച്ച ഗൗരവമായി കാണണമെന്ന് പ്രതിനിധികൾ മുന്നറിയിപ്പ് നൽകി.

പല പഞ്ചായത്തുകളിലും ബി.ജെ.പി സ്വാധീനം സിപിഎം വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്നതിനാൽ ജാഗ്രത വേണം. പാർട്ടിക്ക് ശക്തമായി മുന്നോട്ടുപോകാനുതകുന്ന ചർച്ചകളും നിർദ്ദേശങ്ങളുമാണ്‌ പ്രതിനിധി സമ്മേളനത്തിലുയർന്നതെന്ന്‌ ജില്ലാ സെക്രട്ടറി എവി റസൽ പറഞ്ഞു. പൊതുസമ്മേളനം ഇന്ന് വൈകിട്ട് നാലിന് പാമ്പാടി കമ്മ്യൂണിറ്റി ഹാൾ മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി ചുവപ്പ് സേനാമാർച്ചും, ബഹുജന റാലിയും മൂന്നിന് പാമ്പാടി റെഡ്ക്രോസ് റോഡ്സ് സ്കൂൾ മൈതാനത്ത് നിന്ന് ആരംഭിക്കും.


Source link
Exit mobile version