കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; അൻവറിന്റെ നേതൃത്വത്തിൽ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു

മലപ്പുറം: കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഡിഎംകെ പ്രവർത്തകർ. പിവി അൻവറിന്റെ നേതൃത്വത്തിൽ പ്രവർത്തക‌ർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലെ ജനലും വാതിലും അടിച്ചു തകർത്തു. കാട്ടാന ആക്രമണത്തിൽ മരിച്ച മണിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിച്ചുവെന്നും ചോര വാർന്ന അവസ്ഥയിലുള്ള മണിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്‌ച സംഭവിച്ചുവെന്നും ആരോപിച്ചാണ് പ്രതിഷേധമുണ്ടായത്. ശേഷം പിവി അൻവറും പ്രവർത്തകരും മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് പോയി. അവിടെയാണ് മണിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നത്.

ഇന്നലെ വൈകിട്ട് 6.45ഓടെ ആയിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ചുവരുന്നതിനിടെ ആണ് സംഭവം. മണിയെ കാട്ടാന ആക്രമിച്ചപ്പോൾ കയ്യിൽ അഞ്ച് വയസുകാരനായ മകനുണ്ടായിരുന്നു. തെറിച്ച് വീണ കുട്ടിയെ ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികളാണ് കാട്ടാന ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. കാട്ടാന പാഞ്ഞടുക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾ മണിയുടെ മകനെ എടുത്ത് ഓടി. അതിനാലാണ് കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടിയത്.

അതേസമയം, മണിയുടെ കുടുംബത്തിന് ധനസഹായമായി പത്ത് ലക്ഷം രൂപ ഉടൻ നൽകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. വന്യജീവി ആക്രമണ തോത് കുറഞ്ഞുവരികയാണ്. മരണ നിരക്ക് കുറച്ചുകൊണ്ടുവരാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് പാമ്പ് കടിയേറ്റാണ്. വന നിയമ ഭേദഗതിയിൽ നിയമസഭ സബ്‌ജക്‌ട് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരും. ജനങ്ങൾക്ക് പ്രായോഗികമായ നിയമങ്ങൾ മാത്രമേ നടപ്പിലാക്കൂ എന്നും വനംമന്ത്രി പറഞ്ഞു.


Source link
Exit mobile version