KERALAM

നവീൻ ബാബുവിന്റെ മരണം, സി.ബി.ഐ അന്വേഷണ ആവശ്യത്തിൽ നാളെ വിധി

കൊച്ചി: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബിഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധിപറയും. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിധി പറയുക. നവീന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും പൊലീസ് അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും വീഴ്ചകളുണ്ടെന്നുമാണ് മഞ്ജുഷയുടെ ആരോപണം. കോടതി നിർദ്ദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ അറിയിച്ചിട്ടുണ്ട്.

കേസ് സി.ബി.ഐ ഏറ്റെടുക്കേണ്ട അസാധാരണ സാഹചര്യമെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. പ്രതി പി.പി.ദിവ്യയുടെ രാഷ്ട്രീയ സ്വാധീനത്തിലുള്ള ആശങ്കയാണ് ഹർജിക്കാരി പങ്കുവച്ചത്. തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ നവീൻബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറ പൊലീസ് അവഗണിച്ചതും ദേഹപരിശോധന തിടുക്കത്തിൽ നടത്തിയതും ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ തമ്മിലുള്ള അന്തരവുമടക്കം മഞ്ജുഷ ചൂണ്ടിക്കാട്ടിയിരുന്നു.

ആരോപണത്തിനപ്പുറം തെളിവുകളൊന്നും ഹാജരാക്കാൻ ഹർജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നായിരുന്നു സർക്കാർ വാദം. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും അറിയിച്ചിരുന്നു. കേസിൽ അറസ്റ്റിലായ ദിവ്യ ഇപ്പോൾ ജാമ്യത്തിലാണ്.


Source link

Related Articles

Back to top button