ബുദ്ധിജീവി നാട്യക്കാര്‍ എക്കാലവും പാണ്ടിപ്പടമെന്ന് അപഹസിച്ചിരുന്ന ഒന്നാണ് തമിഴ് ഫിലിം ഇന്‍ഡസ്ട്രി. എംജിആറിന്റെയും ശിവാജിയുടെയും രജനികാന്തിന്റെയും സത്യരാജിന്റെയും വിജയകാന്തിന്റെയും തട്ടുപൊളിപ്പന്‍ മാസ് മസാലപ്പടങ്ങള്‍ മനസില്‍ വച്ചായിരുന്നു ഈ ആക്ഷേപം. എന്നാല്‍ അന്നും ഇന്നും മെഗാഹിറ്റുകള്‍ക്കും തട്ടുപൊളിപ്പന്‍പടങ്ങള്‍ക്കുമൊപ്പം നവതരംഗം ശക്തമായി വീശിയടിച്ചിരുന്നു തമിഴില്‍. കെ.ബാലചന്ദറില്‍ തുടങ്ങി ശ്രീധര്‍, മഹേന്ദ്രന്‍, ഭാരതിരാജ, ഭാഗ്യരാജ്, മണിരത്‌നം, ബാലു മഹേന്ദ്ര, ബാല, ചേരന്‍, കാര്‍ത്തിക് സുബ്ബരാജ് …എന്നിങ്ങനെ നീണ്ട പട്ടിക ഇപ്പോള്‍ വെട്രിമാരനിലും മാരി സെല്‍വരാജിലും എത്തി നില്‍ക്കുന്നു തമിഴ് സിനിമ. ഇതിനിടയില്‍ മെഗാഹിറ്റുകളുടെ വസന്തം തീര്‍ത്ത ശങ്കര്‍, കെ.എസ്.രവികുമാര്‍, പി.വാസു, ലോകേഷ് കനകരാജ് തുടങ്ങിയവരുടെ നിര വേറെ. ഇത്രയധികം വൈവിധ്യങ്ങളും വൈപുല്യങ്ങളും അവകാശപ്പെടാവുന്ന ഒരു ഫിലിം ഇന്‍ഡസ്ട്രി വേറെയില്ല എന്നതാണ് വാസ്തവം.
ഇന്നും ഇതര ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി നല്ല സിനിമകള്‍ തമിഴില്‍ സംഭവിക്കുന്നുണ്ട്. വാഴൈയും വിടുതലൈ 2 വും പോലുളള സിനിമകള്‍ മാറ്റങ്ങളൂടെ വഴിയില്‍ സഞ്ചരിക്കുന്ന സംവിധായകരെയും നിര്‍മ്മാതാക്കളെയും അടയാളപ്പെടുത്തുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് പോലൊരു മലയാളം ഡബ്ബ്ഡ് ഫിലിം കോടികളാണ് തമിഴ് മാര്‍ക്കറ്റില്‍ നിന്നും വാരിക്കൂട്ടിയത്.
കോടികള്‍ നഷ്ടത്തിലായ ഇന്ത്യൻ 2, വേട്ടയ്യൻ, കങ്കുവ
തമിഴിന്റെ തനത് വാണിജ്യസിനിമകള്‍ നനഞ്ഞ പടക്കങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.തനി ഷോമാനായി വിഷ്വല്‍ ഗിമ്മിക്കുകളുടെ അതിപ്രസരം കൊണ്ട് ബാഹ്യശ്രദ്ധ നേടുമ്പോളും കരുത്തും കാതലുമുളള പ്രമേയങ്ങള്‍ കൊണ്ടും തിരക്കഥയുടെ വശ്യത കൊണ്ടും കയ്യടി നേടിയിരുന്ന സാക്ഷാല്‍ എസ്. ശങ്കര്‍ തന്റെ കള്‍ട്ട് സിനിമയായ ഇന്ത്യന്റെ രണ്ടാം ഭാഗവുമായി വന്ന് പരാജയത്തിന്റെ രുചിയറിഞ്ഞു. സിനിമ ഹിറ്റായില്ല എന്നതിലുപരി ശരാശരി നിലവാരം പോലുമില്ലാത്ത ഒട്ടും ആസ്വാദനക്ഷമമല്ലാത്ത ബോറന്‍ ചിത്രം ഒരുക്കി എന്നിടത്ത് നഷ്ടം മൂന്നാണ്.
ഒന്ന് നിര്‍മാതാക്കള്‍ക്ക് കോടികള്‍ പോയിക്കിട്ടി. രണ്ട് കാണികള്‍ക്ക് ഒരു നല്ല പടം കാണാനുളള അവസരം നഷ്ടപ്പെടുത്തി. മൂന്ന് നഷ്ടപ്പെട്ട താരമൂല്യം വിക്രമിലുടെ തിരിച്ചുപിടിച്ച കമല്‍ഹാസന്റെ കരിയറില്‍ വലിയ തിരിച്ചടിയായി. 300 കോടി ചിലവായെന്ന് പറയപ്പെടുന്ന പടത്തിന് ആകെ ലഭിച്ചത് 151 കോടി മാത്രമാണ്. യുവനിരയില്‍ വിജയകണക്കുകള്‍ മാത്രം പറഞ്ഞുകൊണ്ടിരുന്ന ജയം രവിക്ക് രണ്ട് സിനിമകളുണ്ടായിരുന്നു. ബ്രദറും സൈറണും. രണ്ടും സാമ്പത്തികമായി ലക്ഷ്യത്തിലെത്തിയില്ല.
സ്‌റ്റൈല്‍ മന്നന്‍ രജനി ഒരു മിനിമം ഗ്യാരണ്ടി താരമാണെന്ന് പറയപ്പെടുമ്പോഴും അദ്ദേഹത്തിന്റെ രണ്ട് പടങ്ങളാണ് വീണത്. ലാല്‍സലാമും വേട്ടയ്യനും. ലാല്‍സലാമിന് നഷ്ടം 50 കോടിയോളമാണെന്ന് പറയപ്പെടുന്നു.
ജ്ഞാനവേല്‍ കാതലുളള കമേഴ്‌സ്യല്‍ സിനിമകളുടെ മുന്‍കാല വിജയ ചരിത്രവുമായാണ് വേട്ടയ്യന്‍ എന്ന രജനീകാന്ത് പടം ഒരുക്കുന്നത്. വേലിന്റെ മുന്‍സിനിമകള്‍ കണ്ട് എക്‌സൈറ്റഡായ സാക്ഷാല്‍ സൗന്ദര്യ രജനികാന്ത് തന്നെയാണ് അദ്ദേഹത്തിന്റെ പേര് പിതാവിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ജ്ഞാനവേല്‍ പറഞ്ഞ കാമ്പുളള കഥ തന്റേതായ ശൈലിയില്‍ മാറ്റിയെഴുതാന്‍ രജനി നിർദേശിക്കുകയും ആരാധ്യപുരുഷനെ വച്ച് പടം ചെയ്യാനുളള ആവേശത്തില്‍ തന്റെ തനത് ശൈലി വിട്ട് ഒരു തട്ടിക്കൂട്ട് പടം ജ്ഞാനവേല്‍ ഒരുക്കുകയും ചെയ്തതോടെ വേട്ടയ്യന്‍ കനത്ത തിരിച്ചടി നേരിട്ടു. രജനികാന്ത് മാനസികമായി ഇന്നും ‘ബാഷ’ യുഗത്തില്‍ നില്‍ക്കുകയാണെങ്കിലും തമിഴ് പ്രേക്ഷകര്‍ ബഹുദൂരം മൂന്നോട്ട് പോയി എന്നതാണ് വസ്തുത. സ്‌ക്രിപ്റ്റിങിലും മേക്കിങിലും പുതുവഴികള്‍ തേടുന്ന സിനിമകളാണ് അവര്‍ പ്രതീക്ഷിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ മാസ്റ്റര്‍ ഡയറക്‌ടേഴ്‌സിനും മെഗാസ്റ്റാറുകള്‍ക്കും കഴിയുന്നില്ല.
സൂര്യയെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കിയ കങ്കുവയാണ് ബോക്സ്ഓഫിസിൽ മറ്റൊരു കനത്ത തിരിച്ചടി നേടിട്ടത്. 350 കോടി മുടക്കിയ ചിത്രത്തിന് കോടികളാണ് നഷ്ടമുണ്ടായത്. വിക്രം നായകനായ തങ്കലാനും കാർത്തി–അരവിന്ദ് സാമി ചിത്രം മെയ്യഴകനും മികച്ച പ്രേക്ഷക പ്രതികരണം നേടിയെങ്കിലും ബോക്സ്ഓഫിസില്‍ വിജയമായില്ല.
2024 ല്‍ റിലീസ് ചെയ്യപ്പെട്ട 241 പടങ്ങളില്‍ 223 എണ്ണവും തിയറ്ററില്‍ പരാജയമായി. ഏതാണ്ട് 1000 കോടിയിലധികം ഈ വകയില്‍ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. ആകെ 18 സിനിമകള്‍ മാത്രമാണ് ബോക്‌സ്ഓഫിസിന്റെ കരയ്ക്കണഞ്ഞത്. ആദ്യത്തെ 6 മാസത്തിനിടയില്‍ ഒരേയൊരു സിനിമ മാത്രം ഹിറ്റായപ്പോള്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഏതാനും സിനിമകള്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ചരിത്രവിജയം എന്ന് അവകാശപ്പെടാവുന്ന ഒരു സിനിമ പോലും ഉണ്ടായില്ല എന്നതും ആഘാതത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നു.
അതേ സമയം മലയാളത്തിലെ നവതാരം നസ്‌ലിന്‍ നായകനായ പ്രേമലുവിന്റെ ഡബ്ബ് പതിപ്പ് തമിഴ്‌നാട്ടില്‍ നിന്നും മികച്ച കലക്‌ഷന്‍ നേടുകയുണ്ടായി. മഞ്ഞുമ്മല്‍ ബോയ്‌സ്, ഭ്രമയുഗം എന്നീ ചിത്രങ്ങളും പണം കൊയ്തു.
താരങ്ങളല്ല സിനിമയാണ് മുഖ്യം
മെഗാസ്റ്റാറുകളുടെ സാന്നിധ്യമില്ലാത്ത, നവാഗത സംവിധായകരും പുതിയ താരങ്ങളും അണിനിരന്ന സിനിമകള്‍ മികച്ച ലാഭം കൊയ്തു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ പ്രവണത. 4 കോടിയില്‍ തീര്‍ത്ത വാഴൈ 40 കോടിയിലധികം സ്വന്തമാക്കിയാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചത്. മുടക്കുമുതലിന്റെ പത്തിരട്ടി. അതേ സമയം 300 കോടിയില്‍ പരം രൂപ മുടക്കി രജനികാന്തിനെ നായകനാക്കി തമിഴില്‍ ഏറ്റവും വലിയ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്‌ഷന്‍സ് ഒരുക്കിയ വേട്ടയ്യാന്‍ ഇതുവരെ തിരികെ പിടിച്ചത് 260 കോടി മാത്രമാണെന്ന് അറിയുന്നു. അങ്ങനെ കണക്കാക്കിയാല്‍ ബിഗ് ബജറ്റ് സിനിമകളേക്കാള്‍ നിര്‍മ്മാതാക്കള്‍ക്ക് ലാഭം ലോബജറ്റ് ചിത്രങ്ങളാണ്.
കുറഞ്ഞ ചിലവില്‍ ഒരുക്കിയ ലബ്ബര്‍ പന്തില്‍ ഹരീഷ് കല്യാണ്‍ ആണ് മുഖ്യവേഷത്തില്‍. മലയാളത്തിന്റെ സ്വാസികയും സിനിമയില്‍ നിർണായക വേഷത്തിലുണ്ട്. ചിത്രം 43 കോടിയോളം കലക്ട് ചെയ്തതായി കണക്കുകള്‍ പറയുന്നു. തമിഴരശന്‍ എന്ന സംവിധായകന്റെ വൈഭവമാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ആര് അഭിനയിക്കുന്നു എന്നതോ ആര് സംവിധാനം ചെയ്യുന്നു എന്നതോ അല്ല സിനിമ എന്ത് പറയുന്നു എങ്ങനെ പറയുന്നു എന്നതിനാണ് തമിഴ് പ്രേക്ഷകര്‍ മൂന്‍തൂക്കം നല്‍കുന്നത്. മലയാള സിനിമകള്‍ക്ക് ലഭിച്ച മികച്ച വിപണിയും ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.
20 കോടി മുടക്കി 200 കോടിക്കടുത്ത് തിരിച്ചു പിടിച്ച വിജയ് സേതുപതി ചിത്രമായ മഹാരാജായുടെ വിജയരഹസ്യവും നല്ല സിനിമ എന്നത് മാത്രമായിരുന്നു. നടന്‍ ശശികുമാറിനൊപ്പം ഉണ്ണി മുകുന്ദനും അഭിനയിച്ച ഗരുഡനും കുറഞ്ഞ മുതല്‍മുടക്കിലെടുത്ത് 44 കോടി കൊയ്ത പടമാണ്. ശിവകാര്‍ത്തികേയന്‍-സായി പല്ലവി ചിത്രമായ അമരന്‍ 70 കോടിയില്‍ തീര്‍ത്ത് 335 കോടി തിരിച്ചുപിടിച്ച ചിത്രമാണ്. കമല്‍ഹാസന്‍ നിര്‍മ്മാണപങ്കാളിയായ ഈ ചിത്രവും പ്രമേയത്തിന്റെയും അവതരണത്തിന്റെയും പ്രത്യേകത കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റി.
ഡിമോണ്ടെ കോളനി 2 ആദ്യഭാഗത്തേക്കാള്‍ മികച്ച വിജയം സ്വന്തമാക്കി. 20 കോടിയില്‍ തീര്‍ത്ത പടം 85 കോടി കടന്നു. നാലിരട്ടി ലാഭം. സുന്ദര്‍ സി -തമന്ന ഭാട്ടിയ ചിത്രമായ അരമനൈ 40 കോടി മുടക്കി 100 കോടിയിലധികം വാരി. കെവിന്‍ നായകനായ സ്റ്റാര്‍ തരക്കേടില്ലാത്ത വിജയം നേടി.10 കോടി മുടക്കി 13 കോടി തിരിച്ചുപിടിച്ച പിടി സര്‍ ടൈറ്റില്‍ സൂചിപ്പിക്കും പോലെ പുതുമയുളള ചിത്രം എന്ന നിലയിലാണ് തിയറ്ററുകള്‍ കയ്യടക്കിയത്. എന്നിരുന്നാലും മഹാവിജയമെന്ന് വിശേഷിപ്പിക്കാനാവില്ല. നഷ്ടം ഉണ്ടാക്കിയില്ലെന്ന് മാത്രം. ഇതര വരുമാനങ്ങള്‍ കൂടിയാവുമ്പോള്‍ പടം മികച്ച വിജയം നേടും.
ധനുഷ് സംവിധാനം ചെയ്ത് അദ്ദേഹം തന്നെ നായകനായ റയാനില്‍ മലയാളിയായ അപര്‍ണ ബാലമുരളിയായിരുന്നു നായിക. ചിത്രം 100 കോടി മുടക്കി 160 കോടി സ്വന്തമാക്കി. ധനുഷിന് ഇക്കുറി രണ്ട് വിജയചിത്രങ്ങളുണ്ടായിരുന്നു. 50 കോടിയില്‍ തീര്‍ത്ത ക്യാപ്റ്റൻ മില്ലര്‍ 90 കോടിയോളം കളക്ട് ചെയ്തു. വിജയ് നായകനായ ബ്രഹ്‌മാണ്ഡ ചിത്രം ഗോട്ട് 400 കോടി മുടക്കി 456 കോടി തിരിച്ചുപിടിച്ചുവെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. തമിഴ്നാട്ടിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഗ്രോസ് നേടി സിനിമയായും ഗോട്ട് മാറി.
നവാഗതനായ പ്രഭുറാം വ്യാസിന്റെ ലവര്‍, ബ്ലാക്ക് എന്നീ സിനിമകളും വിജയചിത്രങ്ങളൂടെ പട്ടികയില്‍ പെടുന്നു. ജീവ നായകനായ ബ്ലാക്ക് 5 കോടി മുടക്കി 50 കോടി തിരിച്ചുപിടിച്ച പടമാണ്. കാര്യം ഇതൊക്കെയാണെങ്ങിലും റിലീസ് പടങ്ങളില്‍ 93 % കനത്ത പരാജയം ഏറ്റുവാങ്ങുകയും ശേഷിക്കുന്ന 7% മാത്രം വിജയിക്കുകയും ചെയ്തു എന്നത് ഒട്ടും ആശാസ്യമല്ല. നിരവധി ഹിറ്റുകള്‍ ഉണ്ടായെന്ന് അഭിമാനിക്കുന്ന മലയാള സിനിമയിലും 700 കോടിയോളം രൂപയുടെ നഷ്ടകണക്കുകളുണ്ട്. വിജയിക്കുന്ന പടങ്ങള്‍ കോടാനുകോടികള്‍ വാരിക്കൂട്ടുമ്പോള്‍ തോല്‍ക്കുന്ന പടങ്ങള്‍ മുടക്കുമുതലിന്റെ ഒരംശം പോലും തിരിച്ചുപിടിക്കുന്നില്ല എന്ന ദുര്യോഗവും മലയാളത്തിലുണ്ട്.
എന്താണ് പരിഹാര മാര്‍ഗം?
ഈ ദുരവസ്ഥയ്ക്ക് എന്താണ് പോംവഴിയെന്ന് ഇരുഭാഷകളിലും വിജയിച്ച സിനിമകള്‍ തന്നെ പറയുന്നു. അടിസ്ഥാന പ്രമേയങ്ങളിലും കഥാസന്ദര്‍ഭങ്ങളിലും പ്രതിപാദന രീതിയിലും പുതുമയുണ്ടാവുക. കണ്ടുമടുത്ത മുഖങ്ങള്‍ക്കപ്പുറം പുതിയ ആളുകളെ പരീക്ഷിക്കാന്‍ ധൈര്യം കാണിക്കുക. പുതിയ കാഴ്ചപ്പാടുകളുളള സംവിധായകര്‍ക്കും എഴൂത്തുകാര്‍ക്കും അവസരം കൊടുക്കുക. മാറ്റങ്ങള്‍ സംഭവിക്കേണ്ടത് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുളളവരില്‍ നിന്നാണ്. പതിറ്റാണ്ടുകളുടെ അനുഭവ പരിചയത്തിന്റെ കണക്ക് പറഞ്ഞ് മേനി നടിക്കുന്ന പലരും ഇപ്പോഴും തുടങ്ങിയിടത്ത് നില്‍ക്കുകയാണ്. അവരുടെ മനസിലെ പ്രണയവും പ്രതികാരവും സ്‌നേഹവും കാമവുമെല്ലാം എണ്‍പതുകളില്‍ അവര്‍ ശീലിച്ച തലത്തിലാണ്.
ജീവിതത്തിന്റെ എല്ലാ മേഖലയിലുമെന്ന പോലെ മനുഷ്യമനോഭാവങ്ങളിലും വീക്ഷണകോണിലും വൈകാരിക സാന്ദ്രതയിലും ജീവിതപ്രശ്‌നങ്ങളോടുളള സമീപനങ്ങളിലും വന്ന കാതലായ മാറ്റങ്ങള്‍ തിരിച്ചറിയാനോ ഉള്‍ക്കൊളളാനോ കഴിയാത്തവര്‍ സിനിമയെടുത്താല്‍ നശിക്കുന്നത് മനോഹരമായ ഒരു വ്യവസായമാണ്. തങ്ങള്‍ക്ക് സംഭവിക്കുന്ന വീഴ്ചകള്‍ വീഴ്ചകളാണെന്ന് തിരിച്ചറിയാന്‍ പോലുമുളള വിവേകം അമ്മാവന്‍ സിന്‍ഡ്രോം ബാധിച്ച ഇക്കൂട്ടര്‍ക്കില്ല. തങ്ങളുടെ ശരികള്‍ മാത്രമാണ് ശരികളെന്ന് വാദിച്ചും പ്രേക്ഷകരെയും റിവ്യൂവേഴ്‌സിനെയും പുലഭ്യം പറഞ്ഞും കാണികള്‍ക്ക് സിനിമയെ പറ്റി എന്തറിയാം എന്ന് ആക്രോശിച്ചും ഇവര്‍ സ്വയം കോമാളികളാകുമ്പോള്‍ കാലിയാകുന്നത് പാവം നിർമാതാവിന്റെ കീശയാണ്.നവമാധ്യമങ്ങളിലൂടെ ലോക സിനിമയിലെ പുതിയ ചലനങ്ങളുമായി നിരന്തര പരിചയവും സഹവാസവും സിദ്ധിച്ച പ്രേക്ഷകര്‍ സഹതാപത്തോടെ തീയറ്ററുകളില്‍ നിന്നിറങ്ങി ഒ.ടി.ടിയിലേക്ക് പോകുമ്പോള്‍ മഹത്തായ പാരമ്പര്യമുളള തമിഴ്-മലയാള സിനിമ അതിന്റെ പടിയിറക്കത്തിലേക്ക് മെല്ലെ പതിച്ചുകൊണ്ടിരിക്കും.
ആഖ്യാനത്തിലെ നവസമീപനങ്ങള്‍
‘പ്രേമലു’ എന്ന സിനിമയില്‍ സുഹൃത്തായ പെണ്‍കുട്ടി നായകന്റെ കരിയര്‍ ഗ്രോത്തിന് സഹായകമായ എല്ലാം കാര്യങ്ങളും സ്വയം ചെയ്തു കൊടുക്കുന്നു. ഇത് കണ്ട് പെണ്‍കുട്ടിക്ക് തന്നോട് പ്രേമമാണെന്ന് തെറ്റിദ്ധരിച്ച നായകന്‍ അവളെ പ്രപ്പോസ് ചെയ്യുന്നു. പെട്ടെന്ന് പെണ്‍കുട്ടി അവനു നേര്‍ക്ക് പൊട്ടിത്തെറിക്കുകയാണ്. നിഷ്‌കളങ്കമായ സൗഹൃദത്തിനപ്പുറം മറ്റൊന്നും ആ സമയത്ത് അവളുടെ മനസിലുണ്ടായിരുന്നില്ല. പിന്നീട് ഏറെക്കാലത്തിന് ശേഷമാണ് അവള്‍ തന്റെ മനസിന്റെ ഏതോ വിദൂരകോണില്‍ അവനോടുണ്ടായിരുന്ന ഇഷ്ടം തിരിച്ചറിയുന്നത്. മുന്‍കാലങ്ങളില്‍ നായകന്‍ ഇഷ്ടം പറയേണ്ട താമസം നായിക ചിരിച്ചുകൊണ്ട് ലജ്ജാവതിയാകുന്നു. അവിടെ നിന്ന് നേരെ ഒരു ഡ്യൂയറ്റിലേക്ക് കട്ട് ചെയ്യുന്നു.
ഇത്തരം സമീപനങ്ങളെ പാടെ പൊളിച്ചടുക്കി പുതുകാലത്തിന്റെ മനസിലുടെ സഞ്ചരിക്കുന്ന സിനിമയാണ് പ്രേമലു. എന്നാല്‍ അതില്‍ എന്തിരിക്കുന്നു എന്നാണ് പരിണിതപ്രജ്ഞനായ ഒരു സിനിമാ പ്രവര്‍ത്തകന്‍ ചോദിച്ചത്. ഒരേ സമയം വിവിധ ഭാഷകളിലെ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ തക്ക ആസ്വാദനക്ഷമമായ അവതരണമായിരുന്നു പ്രേമലുവിന്റെ സവിശേഷത. അതൊരു മഹത്തായ ചിത്രമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പോലും അവകാശപ്പെടുന്നില്ല. ഇന്‍ഡസ്ട്രിക്ക് ആവശ്യം ഇത്തരം വിജയചിത്രങ്ങളാണ്.
കില്‍ എന്ന ഹിന്ദി സിനിമ ചെറുതല്ലാത്ത വിജയം കൈവരിച്ചതിനെക്കുറിച്ച് ഇതേ ചലച്ചിത്ര പ്രവര്‍ത്തകനോട് സൂചിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. ‘‘എന്താണ് ആ സിനിമയിലുളളത് കുറെ വയലന്‍സ് മാത്രം. പിന്നെ ആകെ കാണിക്കുന്നത് ഒരു ട്രെയിനിന്റെ ബോഗിയാണ്. ഇതൊക്കെ ആളുകള്‍ക്ക് ബോറടിക്കില്ലേ? മൊണോട്ടണസ് ഫീല്‍ ചെയ്യില്ലേ?’വാസ്തവത്തില്‍ ബോറടിച്ചത് വഴിമാറി ചിന്തിക്കാന്‍ കെല്‍പ്പില്ലാത്ത അദ്ദേഹത്തെ പോലുളളവര്‍ക്കാണ്. ജനകോടികള്‍ ഹര്‍ഷാരവത്തോടെ പടം ഏറ്റെടുത്തു. കുമാരനാശാന്റെ വരികളാണ് ഇത്തരക്കാര്‍ക്കുളള മറുപടി.
‘‘മാറ്റുവിന്‍ ചട്ടങ്ങളെ അല്ലെങ്കില്‍ മാറ്റുമത് നിങ്ങളെത്താന്‍.’’ ഭാഷ ഏതായാലും സിനിമ നന്നായാല്‍ മതി എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ അടക്കമുളള സിനിമകളൂടെ ഡബ്ബിങ് പതിപ്പ് വിവിധ സംസ്ഥാനങ്ങളില്‍ പണം കൊയ്യുന്നത്. നല്ല സിനിമ എന്നതിന്റെ നിര്‍വചനം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഫെല്ലിനിയും കുറസോവയും ബര്‍ഗ്മാനും കണ്‍സീവ് ചെയ്ത തരം സിനിമകളെക്കുറിച്ചല്ല സൂചന. കോടികണക്കിന് വരുന്ന ഒരു വലിയ ജനവിഭാഗത്തിന് ഒരേ സമയം ആസ്വാദനക്ഷമമാം വിധത്തില്‍ ആദിമധ്യാന്തം രസകരവും കൗതുകപൂര്‍ണ്ണവും ഉദ്വേഗഭരിതവുമായ വാണിജ്യ സിനിമകള്‍. ഫിലിം ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അത്തരം സിനിമകള്‍ സംഭവിച്ചേ തീരൂ. തമിഴിലായാലും മലയാളത്തിലായാലും.
ഇത്തരം പ്രൊജക്ടുകളുടെ അഭാവമാണ് ബോളിവുഡ് ഫിലിം ഇന്‍ഡസ്ട്രിയെ പോലും ഉലയ്ക്കുന്നത്. ഈ രീതിയില്‍ കാര്യങ്ങള്‍ മൂന്നോട്ട് പോയാല്‍ നാളെ കോളിവുഡിലും സമാനമായ ദുരന്തങ്ങള്‍ സംഭവിച്ചേക്കാം. അപ്പോഴും വെട്രിമാരനെയും മാരി സെല്‍വരാജിനെയും പ്രദീപ് രംഗനാഥനെയും ലോകേഷ് കനകരാജിനെയും പോലുളള നവകാല സംവിധായകര്‍ നമുക്ക് പ്രതീക്ഷ നല്‍കുന്നു. കണ്‍വന്‍ഷനല്‍ ക്ലീഷേകളില്‍ അഭിരമിക്കുന്ന സീനിയര്‍ സംവിധായകര്‍ക്കിടയില്‍ ധ്വനിസാന്ദ്രമായ കഥാകഥനത്തിന്റെ പുതിയ മാതൃകകളുമായി വന്ന് വിജയം അടിച്ചെടുത്ത രണ്ട് സിനിമകള്‍ കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. മലയാളത്തിന്റെ കിഷ്‌കിന്ധാകാണ്ഡവും ( ദിന്‍ജിത്ത് അയ്യത്താന്‍ ) വാഴൈയും (മാരി സെല്‍വരാജ്) എല്ലാം വിളിച്ചു കൂവാതെ ഒതുക്കി പറയുന്നതിലെ കലാത്മകത ആസ്വദിക്കാന്‍ പാകത്തില്‍ ഇന്ന് പ്രേക്ഷകന്‍ വളര്‍ന്നു കഴിഞ്ഞു. കാഴ്ചക്കാരന്റെ സെന്‍സിബിലിറ്റിക്കൊപ്പം അമ്മാവന്‍ സിന്‍ഡ്രോംകാര്‍ ഇനി എന്നാണാവോ വളരുക?
Source link