മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സാമുദായിക സംഘടനകളല്ല തുറന്നടിച്ച് കെ.മുരളീധരൻ
തൃശൂർ: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഏതെങ്കിലും സാമുദായിക സംഘടനകളല്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ പറഞ്ഞു. കോൺഗ്രസ് കേന്ദ്രനേതൃത്വമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. ആദ്യം ജയിച്ച് ഭൂരിപക്ഷം കിട്ടട്ടെ, എന്നിട്ട് വേണ്ടേ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കാൻ. രാമനിലയത്തിൽ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരൊക്കെയാ പ്രിയപുത്രന്മാരെന്ന് അവർ തീരുമാനിച്ചോട്ടെ. എൻ.എസ്.എസ് എല്ലാ വർഷവും കോൺഗ്രസ് നേതാക്കളെ വിശിഷ്ടാതിഥികളായി വിളിക്കാറുണ്ട്. എൻ.എസ്.എസ് 1996ൽ മാത്രമാണ് എൽ.ഡി.എഫിനെ സഹായിച്ചത്. എന്തായാലും ആര് വിചാരിച്ചാലും ഇത്തവണ പിണറായിയെ രക്ഷിക്കാനാകില്ല. ക്ഷേത്രത്തിൽ കയറാൻ ഷർട്ടിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തന്ത്രിമാരാണ്.
അവർക്കാണ് അതിനുള്ള പൂർണ അധികാരം. അത് അവർക്ക് വിട്ടുകൊടുക്കൂ. അതിലും പിണറായി കയറി അഭിപ്രായം പറയണ്ട. കൊടി സുനിക്ക് പരോൾ കിട്ടിയത് ചർച്ചയാകാതിരിക്കാനാണ് പിണറായി ഷർട്ടിന്റെ കാര്യവുമായി വന്നിരിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനം
ചർച്ചയാക്കേണ്ട
സമയമല്ല: ചെന്നിത്തല
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇപ്പോഴെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനവസരത്തിലുള്ള ചർച്ചയാണിത്. ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നതാണ് പ്രധാനം. ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കോൺഗ്രസ് ജില്ലാകമ്മിറ്റി കോഴിക്കോട് നടത്തിയ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധമാണ് തനിക്ക്. സമസ്ത പരിപാടിയിൽ പങ്കെടുക്കുന്നതും ചർച്ചയാക്കേണ്ടതില്ല. ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് പോയ ആളാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെ കോഴിക്കോട്ടെത്തിയ ചെന്നിത്തല എം.ടി.വാസുദേവൻനായരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു.
Source link