INDIALATEST NEWS

രാജാ രാമണ്ണയുടെയും പി.കെ.അയ്യങ്കാരുടെയും അരുമശിഷ്യൻ; ബോംബ് ഉണ്ടാക്കി ‘രഹസ്യം’ സൂക്ഷിച്ച ശാസ്ത്രജ്ഞൻ

ചിദംബരസ്മരണ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Scientist | Rajagopalan Chidambaram | Chidambaram | Indian nuclear scientist | Pokhran nuclear test | India’s nuclear program | 1974 nuclear test | Raja Ramanna | P.K. Iyengar | R Chidambaram: The scientist who kept India’s nuclear secrets |

രാജാ രാമണ്ണയുടെയും പി.കെ.അയ്യങ്കാരുടെയും അരുമശിഷ്യൻ; ബോംബ് ഉണ്ടാക്കി ‘രഹസ്യം’ സൂക്ഷിച്ച ശാസ്ത്രജ്ഞൻ

ആർ. പ്രസന്നൻ

Published: January 05 , 2025 03:28 AM IST

Updated: January 05, 2025 03:56 AM IST

1 minute Read

ന്യൂഡൽഹി ∙ 1974–ൽ ആദ്യത്തെ ആണവപരീക്ഷണത്തിനായി തയാറെടുക്കുകയായിരുന്നു ഹോമി സെഥ്നയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ആണവശാസ്ത്രജ്ഞർ. പരീക്ഷണത്തിന്റെ ചുമതലയുള്ള ഭാഭാ അറ്റോമിക് റിസർച് സെന്ററിന്റെ തലവൻ ഡോ.രാജാ രാമണ്ണ പരീക്ഷണസ്ഥലമായ രാജസ്ഥാനിലെ പൊഖ്‌റാൻ റേഞ്ചിലെത്തി, തന്റെ രണ്ടാമൻ ഡോ.പി.കെ.അയ്യങ്കാരോടു ചോദിച്ചു. ‘‘എല്ലാം ശരിയാകുമോ?’’

‘‘ഇത് ശരിയായേ പറ്റൂ. ആയില്ലെങ്കിൽ ഫിസിക്സിന്റെ നിയമങ്ങളെല്ലാം തെറ്റാണ്’’ എന്നായിരുന്നു അയ്യങ്കാരുടെ മറുപടി. പരീക്ഷണത്തിന്റെ ഫിസിക്സെല്ലാം നോക്കാൻ അയ്യങ്കാർ ചുമതലപ്പെടുത്തിയിരുന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ, രാമണ്ണ നേരിട്ട് റിക്രൂട്ട് ചെയ്ത, സോഡാക്കുപ്പിക്കണ്ണട വച്ച ഒരു ചെറുപ്പക്കാരനെയായിരുന്നു– ഡോ. രാജഗോപാലൻ ചിദംബരം. അവന്റെ ഫിസിക്സ് തെറ്റില്ലെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.  

രാമണ്ണയ്ക്കും ചിദംബരത്തെ ഇഷ്ടമായിരുന്നു. അതിന് കാരണം മറ്റൊന്നായിരുന്നു. ‘‘അവന് വായടച്ചു വയ്ക്കാനറിയാം’’. രാമണ്ണ ഓർമ്മക്കുറിപ്പുകളിൽ പിന്നീടെഴുതി. കാൽ നൂറ്റാണ്ടിന്റെ വ്യത്യാസത്തിൽ നടന്ന ഇന്ത്യയുടെ 2 ആണവപരീക്ഷണങ്ങളിലും പ്രധാന പങ്ക് വഹിച്ച ഏക വ്യക്തി ഡോ. ചിദംബരമായിരിക്കാം. 
ആദ്യത്തെ പരീക്ഷണത്തിന്റെ കാതലായ ഫിസിക്സ് അദ്ദേഹമാണ് നോക്കിയതെങ്കിൽ, 1998–ലെ പരീക്ഷണങ്ങളുടെ പൂർണ ഉത്തരവാദിത്തം അറ്റോമിക് എനർജി കമ്മിഷന്റെ അധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹത്തിനായിരുന്നു. എന്നിട്ടും 1998–ലെ പരീക്ഷണത്തിൽ തനിക്കും ബോംബ് യഥാർഥത്തിൽ നിർമിച്ച അനിൽ കാക്കോദ്ക്കർക്കും മറ്റ് ആണവശാസ്ത്രജ്ഞർക്കും ലഭിക്കേണ്ട അംഗീകാരം വേണ്ടത്ര ലഭിക്കാതിരുന്നപ്പോഴും അദ്ദേഹം വായടച്ചു പിടിച്ചു.  

1999–നു മുൻപ് തന്നെ ആയുധമുണ്ടാക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയ്ക്കുണ്ടെന്നു ചിദംബരത്തിന് ബോധ്യമുണ്ടായിരുന്നു. ഇക്കാര്യം ഓരോ പ്രധാനമന്ത്രിമാരെയും അറിയിച്ചു കൊണ്ടുമിരുന്നു. ഇതനുസരിച്ച് പി.വി നരസിംഹറാവു ആണവായുധ പരീക്ഷണത്തിന് സമ്മതം മൂളുകയും ചെയ്തതാണ്. 
പക്ഷേ, അവസാന നിമിഷം അമേരിക്കൻ ഉപഗ്രഹക്കണ്ണുകൾ പരീക്ഷണത്തിനുള്ള തയാറെടുപ്പുകൾ പിടിച്ചെടുത്ത് സർക്കാരിനുമേൽ സമ്മർദം ചെലുത്തിയതോടെ അതു റദ്ദാക്കേണ്ടി വന്നു. ഒടുവിൽ 1998–ൽ വാജ്പേയി പരീക്ഷണത്തിനു തയാറായി. ചിദംബരവും കാക്കോദ്ക്കറുമുൾപ്പെട്ട ആണവശാസ്ത്രജ്ഞർ തയാറാക്കുന്ന ആയുധം മിസൈൽ പോർമുനയാക്കാൻ പ്രതിരോധ ഗവേഷണവകുപ്പ് തലവൻ ഡോ.അബ്ദുൽ കലാമും തയാറായി. ഇത്തവണ അമേരിക്കൻ ഉപഗ്രഹങ്ങളുടെ കണ്ണിൽ മണ്ണെറിയാൻ തന്നെ അവർ തീരുമാനിച്ചു. സൈന്യത്തിന്റെ ഒരു പരിശീലന ഫയറിങ്ങിനുള്ള  തയാറെടുപ്പുകളാണ് പൊഖ്റാനിൽ നടക്കുന്നതെന്ന് തോന്നിക്കാൻ ചിദംബരവും കലാമും മറ്റു ശാസ്ത്രജ്ഞരുമെല്ലാം സൈനിക യൂണിഫോമിലാണ് അവിടെയെത്തിയതും ദിവസങ്ങളോളം അവിടെ കൂടാരമടിച്ച് കഴിഞ്ഞതും. കേണൽ നടരാജൻ എന്നായിരുന്നു ചിദംബരത്തിന്റെ ആ ദിവസങ്ങളിലെ വിളിപ്പേര്. കലാമാകട്ടെ മേജർ പൃഥ്വിരാജും.

വിക്രം സാരാഭായി മുതൽ കലാം വരെചെന്നൈയിൽ ജനിച്ച ഡോ. ആർ.ചിദംബരം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻ‌സസിൽനിന്ന് പിഎച്ച്ഡി നേടിയ ശേഷം 1962 ൽ ആണ് ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ ചേർന്നത്. 1990 ൽ ഡയറക്ടറും 1993 ൽ ആണവോർജ കമ്മിഷൻ ചെയർമാനമായി. 2000 വരെ ഈ പദവി വഹിച്ചു. ഡോ. വിക്രം സാരാഭായി, ഡോ. രാജാ രാമണ്ണ, ഡോ. എം.ആർ.ശ്രീനിവാസൻ, ഡോ. പി.കെ.അയ്യങ്കാർ എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പൊഖ്റാൻ– 2 ആണവപരീക്ഷണത്തിൽ ഡോ. എ.പി.ജെ.അബ്ദുൽ കലാമിനൊപ്പവും പ്രവർത്തിച്ചു. നൂതന സാങ്കേതികവിദ്യകൾ രാജ്യത്തു തന്നെ വികസിപ്പിക്കണമെന്ന കാഴ്ചപ്പാടുണ്ടായിരുന്ന അദ്ദേഹം വിദേശത്തുനിന്നു സാങ്കേതികവിദ്യ വാങ്ങുന്നതിനെ എതിർത്തിരുന്നു.

English Summary:
R Chidambaram: The scientist who kept India’s nuclear secrets

mo-news-common-malayalamnews mo-news-common-newdelhinews r-prasannan 40oksopiu7f7i7uq42v99dodk2-list 30djkha3l12l8d8ahi7v952er6 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-educationncareer-scientist mo-science-pokhrannucleartests


Source link

Related Articles

Back to top button