ഉമയുടെ അപകടദൃശ്യം: സുരക്ഷാ വീഴ്‌ച വ്യക്തം

കൊച്ചി: ഉമതോമസ് എം.എൽ.എയ്‌ക്ക് ഗുരുതര പരിക്കേൽക്കാനിടയാക്കിയ വേദി യാതൊരു സുരക്ഷാസംവിധാനവുമില്ലാതെ ഒരുക്കിയതാണെന്ന് വ്യക്തമാക്കുന്ന അപകടദൃശ്യം പുറത്തുവന്നു.
വേദിയുടെ പിന്നിലൂടെയാണ് ഉമ തോമസ് എത്തിയത്. മുൻനിരയിലെ കസേരയിലിരിക്കാൻ ശ്രമിച്ച എം.എൽ.എയോട് മന്ത്രി സജി ചെറിയാന്റെ സമീപത്തേക്ക് മാറിയിരിക്കാൻ മൃദംഗ വിഷൻ രക്ഷാധികാരിയും നടനുമായ സിജോയ് വർഗീസ് നിർദ്ദേശിച്ചു. സംഘാടകരിൽപ്പെട്ട യുവതിയെ മറികടന്ന് മന്ത്രിയുടെ സമീപത്തേക്ക് നടക്കാൻ ശ്രമിക്കുന്നതിനിടെ ഉമ കാൽതെന്നി, സ്റ്റേജിന് മുന്നിൽ അതിരായി വലിച്ചുകെട്ടിയ നാടയിൽ പിടിക്കുന്നതും താഴേക്ക് വീഴുന്നതുമാണ് ദൃശ്യത്തിലുള്ളത്. മന്ത്രിക്ക് പുറമെ പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയും വേദിയിലുണ്ടായിരുന്നു.
മുൻനിരയിലെ കസേരകളും വേദിയുടെ മുൻവശവും തമ്മിൽ ഒരാൾക്ക് കഷ്ടിച്ച് നടക്കാൻ കഴിയുന്ന സ്ഥലമേയുള്ളൂ. വേദിയുടെ മുന്നിൽ ബലമുള്ള കൈവരി സ്ഥാപിച്ചിരുന്നില്ല.
Source link