KERALAM

ഉമ തോമസിന്റെ അപകടം; നൃത്ത പരിപാടിയുടെ മറവിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി മൂന്ന് പ്രതികൾ

കൊച്ചി: ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത സാമ്പത്തിക തട്ടിപ്പ് കേസിൽ മൂന്ന് പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സംഘാടകരായ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ, സിഇഒ ഷമീർ അബ്‌ദുള്ള റഹീം, നാലാം പ്രതിയും നിഗോഷ് കുമാറിന്റെ ഭാര്യയുമായ മിനി എന്നിവരാണ് ഹർജി നൽകിയത്.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്‌ത രണ്ടാമത്തെ കേസിൽ സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് മൂന്ന് പ്രതികൾക്കുമെതിരെ ചുമത്തിയിട്ടുള്ളത്. സ്റ്റേഡിയം അപകടക്കേസിൽ എം നിഗോഷ് കുമാർ ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഈ സാഹചര്യത്തിൽ സാമ്പത്തിക തട്ടിപ്പ് കേസിലെ അറസ്റ്റും പാലാരിവട്ടം പൊലീസ് രേഖപ്പെടുത്തിയേക്കും.

കൊച്ചിയിലെ പരിപാടിക്ക് പണം നൽകി വഞ്ചിതരായെന്ന് ചൂണ്ടിക്കാണിച്ച് കൂടുതൽ ആളുകൾ പൊലീസിനെ സമീപിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മൃദംഗ വിഷന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതിനായി പുതിയ കേസ് രജിസ്റ്റർ ചെയ്‌തു. മൃദംഗ വിഷൻ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പണമിടപാടുകൾ ആദായ നികുതി വകുപ്പും പരിശോധിക്കുന്നുണ്ട്. സംഘാടകരായ മൃദംഗ വിഷനുമായി സഹകരിച്ച മറ്റ് ഏജൻസികളുടെയും വ്യക്തികളുടെയും മൊഴികളും പൊലീസ് എടുക്കും.

അതേസമയം, സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ നൃത്താവതരണത്തിന് നേതൃത്വം നൽകിയ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് പൊലീസിന് തിരിച്ചടിയായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദിവ്യ ഉണ്ണി അമേരിക്കയിലാണ് സ്ഥിരതാമസം. കേസിലെ പ്രതികളുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കിൽ ദിവ്യ ഉണ്ണിയെ തിരികെ വിളിപ്പിക്കാനാണ് പൊലീസ് തീരുമാനം.


Source link

Related Articles

Back to top button