‘ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി’; പ്രതികരിച്ച് മന്ത്രി ഗണേശ് കുമാർ
തിരുവനന്തപുരം: ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അതിൽ മാറ്റം വേണോയെന്ന് തന്ത്രി തീരുമാനിക്കുമെന്നും ഗണേശ് കുമാർ പറഞ്ഞു. ഭരണാധികാരികൾക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും മന്ത്രി വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഗണേശ് കുമാർ പ്രതികരിച്ചത്.
ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളെ തള്ളിക്കൊണ്ടാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമർശമുണ്ടായത്. മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശമെന്ന് പറഞ്ഞ മുഖ്യമന്ത്രി ക്ഷേത്രങ്ങളിൽ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തിൽ സാമൂഹിക ഇടപെടൽ ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കാലാന്തരത്തിൽ ഇതിന് മാറ്റമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു.ഇത് വലിയ രീതിയിൽ ചർച്ചയായി. പിന്നാലെയാണ് ഇപ്പോൾ പ്രതികരണവുമായി ഗണേശ് കുമാർ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറുന്നതിൽ അഭിപ്രായം പറയാനില്ലെന്നായിരുന്നു കോൺഗ്രസിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. അതാത് മത സമുദായിക സംഘടനകൾ ചർച്ച ചെയ്ത് തീരുമാനിക്കട്ടെയന്നും അദ്ദേഹം വ്യക്തമാക്കി.
Source link