CINEMA

അഹങ്കാരം കൂടി നിന്ന സമയത്ത് ആ വലിയ സിനിമ ഒഴിവാക്കി, വാളെടുത്തവൻ വാളാൽ എന്ന അവസ്ഥ: വിൻ സി. അലോഷ്യസ് പറയുന്നു

ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന സിനിമയിലേക്ക് ക്ഷണം കിട്ടിയിട്ടും‌ം തന്റെ അഹങ്കാരം കാരണം ആ സിനിമ വേണ്ടെന്ന് വച്ചുവെന്ന് വെളിപ്പെടുത്തി വിൻ സി. അലോഷ്യസ്. പ്രാർഥനയും നന്മയും ചെയ്തിരുന്ന സമയത്ത് തനിക്കു ലഭിക്കേണ്ടത് ലഭിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഉയർച്ചയിൽ നിന്ന് താഴേക്ക് എത്തി നിൽക്കുകയാണെന്നും വിൻസി പറഞ്ഞു. നസ്രാണി യുവശക്തി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
‘‘ഞാൻ എങ്ങനെയാണ് സിനിമാ ലോകത്തേക്കു കടന്നു വന്നതെന്ന് നിങ്ങൾക്ക് എല്ലാം അറിയാവുന്ന കാര്യമാകും. ‘നായിക നായകൻ’ എന്ന റിയാലിറ്റി ഷോ വഴിയായിരുന്നു എന്റെ കടന്നുവരവ്.  ആ സമയത്ത് ഞാൻ വിചാരിച്ചിരുന്നു എനിക്ക് ഭയങ്കര അനുഗ്രഹം ലഭിച്ചിട്ടുണ്ടെന്ന്. കാരണം ആ സമയത്ത് നല്ല രീതിയിലുള്ള പ്രാർഥനയുണ്ട്, നല്ല രീതിയിൽ ആരെയും ബുദ്ധിമുട്ടിക്കാതെയും ആരെയും വെറുപ്പിക്കാതെയുമാണ് നടന്നിരുന്നത്. വലിയ അഹങ്കാരം ഒന്നും ഉണ്ടായിരുന്നില്ല.  അങ്ങനെ ഓരോ വഴികൾ തുറന്നുവന്നു.  നായിക നായകൻ കഴിഞ്ഞ് സിനിമകൾ വരാൻ തുടങ്ങി. കനകം കാമിനി കലഹം, വികൃതി, ഭീമന്റെ വഴി, ജനഗണമന അങ്ങനെ നല്ല നല്ല സിനിമകളുടെ ഭാഗമായി. പിന്നീട് രേഖ വന്നു. രേഖയിലൂടെയാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടുന്നത്.  

എന്റെ ഈ വളർച്ചയ്ക്കിടയിൽ എന്നിൽ ചില കാര്യങ്ങൾ സംഭവിച്ചു. ഓരോ സിനിമയും വിജയിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് അഹങ്കാരം കൂടി. ഞാൻ അഹങ്കരിച്ചു തുടങ്ങിയപ്പോൾ എന്റെ പ്രാർഥന കുറഞ്ഞു. അതിനു ശേഷം ഇറങ്ങിയ സിനിമകൾ എല്ലാം പരാജയമായിരുന്നു. പിന്നെ ഒന്നും നല്ലതായി എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. ഞാൻ ഒരു ഏറ്റുപറച്ചിൽ ആയി ഒരു കാര്യം പറയാം. എനിക്ക് അഹങ്കാരം കേറിയ സമയത്താണ് ഒരു സിനിമ എനിക്ക് വരുന്നത്. ആ ഓഫർ വന്നപ്പോൾ ഇത് എനിക്ക് പറ്റിയ സിനിമയല്ല എന്നുപറഞ്ഞ് ഒഴിവാക്കി വിട്ടു.  അത് ഇന്ന് കാൻസിൽ എത്തി നിൽക്കുന്ന ഒരു സിനിമയാണ്, ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’. 

കനി കുസൃതി, ദിവ്യ പ്രഭ ഒക്കെ അഭിനയിച്ച സിനിമയാണ്. എന്റെ അഹങ്കാരത്തിന്റെ പേരിൽ ഞാൻ ഒഴിവാക്കിയ സിനിമ. വാളെടുത്തവൻ വാളാൽ എന്ന് പറയുന്നതുപോലെ ഒരു അവസ്ഥയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്. നമ്മൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്നത് എത്തിച്ചേരണം, എങ്കിൽ മനസ്സിൽ നന്മയും വിശ്വാസവും വേണം. പ്രാർഥനയുള്ള സമയത്ത്, മനസ്സിൽ നന്മയുള്ള സമയത്ത് എത്തേണ്ടിടത്ത് ഞാൻ എത്തിയിരുന്നു. ഇതെല്ലാം മാറി നിന്ന സമയത്ത് ജീവിതത്തിൽ ഒരു സ്ഥലത്തും ഞാൻ എത്തിയിട്ടില്ല.  നമ്മൾ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം നമ്മൾ അനുഭവിക്കുക തന്നെ ചെയ്യും. എന്റെ അനുഭവം അതാണ്.  ഇപ്പോൾ ഞാൻ എന്നെ മനസ്സിലാക്കുന്നുണ്ട്.  അഹങ്കരിച്ചതിനൊക്കെ പ്രതിഫലം കിട്ടി.  രണ്ടു വർഷത്തോളം സിനിമ ചെയ്യാത്ത ഞാൻ ഇപ്പോൾ ഒരു സിനിമ ചെയ്യുന്നുണ്ട്. ‘സൂത്രവാക്യം’ എന്നാണു സിനിമയുടെ പേര്. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കണം എന്നാണ് ഇപ്പോൾ ആഗ്രഹം.’’–വിൻസി അലോഷ്യസ് പറഞ്ഞു.

നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനത്തെത്തി വിജയിച്ച് സിനിമാലോകത്തേക്ക് എത്തിയ താരമാണ് വിൻ സി. അലോഷ്യസ്.  തുടർന്ന് കനകം കാമിനി കലഹം, വികൃതി, ഭീമന്റെ വഴി, ജനഗണമന തുടങ്ങി നിരവധി നല്ല സിനിമകളുടെ ഭാഗമാവുകയും രേഖ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുകയും ചെയ്തു.   

English Summary:
Win C. Aloshious revealed that despite receiving an invitation to the film “All We Imagine As Light”, she rejected it due to her ego.


Source link

Related Articles

Back to top button