KERALAM

‘നഷ്ടപ്പെട്ടവർക്കേ വേദന അറിയൂ’ കോടതിയിൽ വിങ്ങിപ്പൊട്ടി ഉറ്റവർ

കൊച്ചി: പെരിയ കേസിലെ വിധിയറിഞ്ഞ് കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബാംഗങ്ങൾ സി.ബി.ഐ കോടതിയിൽ വിങ്ങിപ്പൊട്ടി. താങ്ങും തണലുമാകേണ്ടവരുടെ മരണത്തിൽ ആറുവർഷമായി നീറിക്കഴിയുന്ന കുടുംബത്തിന് ശിക്ഷാവിധി പൂർണതൃപ്തി നൽകിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

കോടതി മന്ദിരത്തിലെ താഴത്തെ നിലയിൽ പ്രോസിക്യൂട്ടറുടെ ഓഫീസിലാണ് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ, സഹോദരി കൃഷ്ണപ്രിയ, ശരത്‌ലാലിന്റെ അമ്മ ലത, സഹോദരി അമൃത എന്നിവർ വിധിയറിയാൻ കാത്തിരുന്നത്. വിധിയറിഞ്ഞതോടെ ലത പൊട്ടിക്കരഞ്ഞു. നീതി നടപ്പായെന്ന് കൃഷ്ണൻ പ്രതികരിച്ചു. മുൻ എം.എൽ.എ അടക്കം 4 പേരുടെ ശിക്ഷ കുറഞ്ഞുപോയെന്നും 10 പേരെ വെറുതേ വിട്ടതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിധിയിൽ പൂർണതൃപ്തരല്ലെന്ന് അമൃത പറഞ്ഞു. ഒന്നുമുതൽ 8വരെ പ്രതികൾക്ക് വധശിക്ഷ നൽകേണ്ടതായിരുന്നു. 6 വർഷമായി ജയിലിലുള്ള ഇവർ അടുത്ത 6വർഷം കഴിയുമ്പോൾ നാട്ടിലിറങ്ങാൻ ഇടവരും. നഷ്ടപ്പെട്ടവർക്കേ വേദന മനസിലാകൂവെന്നും ശിക്ഷ കുറഞ്ഞുപോയെന്നും കൃഷ്ണപ്രിയ കണ്ണീരോടെ പറഞ്ഞു.

കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ എം.പി​, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, എറണാകുളം ഡി​.സി​.സി​ പ്രസി​ഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു.

ചിരിയോടെ പീതാംബരൻ

മിണ്ടാതെ കുഞ്ഞിരാമൻ

ശിക്ഷാവിധിക്കായുള്ള അന്തിമവാദത്തിന് ഇന്നലെ രാവിലെ 11നാണ് സി.ബി.ഐ പ്രത്യേക കോടതി ചേർന്നത്. അതിന് മുമ്പുതന്നെ പ്രതികളെ എത്തിച്ചിരുന്നു. ശുഭ്രവസ്ത്രധാരിയായ ഒന്നാംപ്രതി എ. പീതാംബരൻ നിറഞ്ഞചിരിയോടെ കോടതി വരാന്തയിൽ അങ്ങോളമിങ്ങോളം നടന്നു. പരിചയക്കാർക്ക് ഹസ്തദാനം നൽകി.

കെ.വി.കുഞ്ഞിരാമനടക്കം മറ്റ് പ്രതികൾ ഒന്നും സംസാരിച്ചില്ല. കുഞ്ഞിരാമന്റെ ഉളുക്കിയ കൈയിൽ പ്ലാസ്റ്ററിട്ടിരുന്നു. വാദത്തിനുശേഷം ശിക്ഷാവിധിക്ക് കോടതി 12.15 എന്ന സമയം നിശ്ചയിച്ചു. ആ ഇടവേളയിലും പീതാംബരൻ അഭിഭാഷകരോടും സുഹൃത്തുക്കളോടും സംസാരിച്ചു. കൂട്ടുപ്രതികൾ ഏറെക്കുറെ നിശബ്ദരായിരുന്നു. വിധി കേൾക്കാൻ പ്രതിക്കൂട്ടിൽ കയറിയപ്പോൾ പ്രതികളുടെ മുഖത്ത് ആശങ്ക നിറഞ്ഞിരുന്നു.

കോടതി പരിസരത്ത്

അതീവ ജാഗ്രത

കോടതി പരിസരം കനത്ത പൊലീസ് കാവലിലായിരുന്നു. സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥരും എത്തിയിരുന്നു. ഒന്നാംനിലയിലുള്ള കോടതിമുറിയിലേക്ക് കയറുന്ന പടവുകളിൽ മെറ്റൽഡിറ്റക്ടർ സ്ഥാപിച്ചിരുന്നു. കയറുന്നവരുടെ പേരും ഫോൺനമ്പറും പൊലീസ് കുറിച്ചെടുത്തു.


Source link

Related Articles

Back to top button