സി.ബി.ഐ അപ്പീലിന്: പ്രതികളെ കാറിൽ രക്ഷപ്പെടുത്തിയ രണ്ടുപേരെ വിട്ടയച്ചതിൽ വിയോജിപ്പ്
തിരുവനന്തപുരം: പത്തു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കിട്ടിയെങ്കിലും പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അപ്പീൽ നൽകും.
കൊലയ്ക്ക്ശേഷം പ്രതികളെ കാറിൽ കൊണ്ടുപോകുകയും സുരക്ഷിത കേന്ദ്രത്തിലേക്ക് രക്ഷപെടാൻ സഹായിക്കുകയും ചെയ്ത മുരളി, ഹരിപ്രസാദ് എന്നിവരെ വെറുതേവിട്ടതിലാവും അപ്പീൽ. കാറിലെ രക്തത്തിന്റെ ഫോറൻസിക് ഫലമടക്കം ശാസ്ത്രീയ തെളിവുകൾ ഇവർക്കെതിരെയുണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കി.
കൊച്ചി യൂണിറ്റാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടത്.കേന്ദ്ര പേഴ്സണൽ മന്ത്രാലയം അംഗീകരിച്ചാലേ അപ്പീൽ ഫയൽചെയ്യാനാവൂ.
ഇതിനായി അന്വേഷണ സംഘത്തലവനായ സി.ബി.ഐ അഡി.എസ്.പി ടി.പി അനന്തകൃഷ്ണൻ ശുപാർശ നൽകും. 10 പേരെ ഇരട്ടജീവപര്യന്തത്തിന് ശിക്ഷിച്ച വിധി അന്വേഷണത്തിലെ മികവാണെന്നാണ് സി.ബി.ഐ വിലയിരുത്തുന്നത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും കുറ്റപത്രവും പഴുതുകൾ നിറഞ്ഞതായിരുന്നു. മൊഴികൾ കൃത്യമായി രേഖപ്പെടുത്തിയില്ല. മിക്ക മൊഴികളിലും സമയം തെറ്റിച്ചും പരസ്പരവിരുദ്ധമായ വിവരങ്ങൾ ഉൾപ്പെടുത്തിയും പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി. ക്രൈംബ്രാഞ്ചിന്റെ വീഴ്ചകൾ സി.ബി.ഐ കുറ്റപത്രത്തിൽ എണ്ണിപ്പറഞ്ഞിട്ടുണ്ട്. വീഴ്ചവരുത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സി.ബി.ഐ ശുപാർശ ചെയ്തിട്ടില്ല.
ആയുധങ്ങൾ ഫോറൻസിക് പരിശോധന നടത്തുന്നതിലടക്കം ക്രൈംബ്രാഞ്ച് വീഴ്ചവരുത്തിയെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടി. കസ്റ്റഡിയിൽ നിന്ന് പ്രതിയെ ബലമായി മോചിപ്പിക്കുകയും തെളിവുനശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത നേതാവിനെതിരെ കുറ്റംചുമത്തിയതും സി.ബി.ഐയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ നൽകിയ ശക്തമായ മൊഴിയാണ് മുൻഎം.എൽ.എ കെ.വി.കുഞ്ഞിരാമനെതിരേ നിർണായക തെളിവായത്. സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് രേഖകൾ സി.ബി.ഐയ്ക്ക് കിട്ടിയത്. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കപ്പെട്ടു.
പന്തംകൊളുത്തി
തുരത്താൻ ശ്രമം
പെരിയയിലെത്തിയ സി.ബി.ഐ സംഘത്തിനെതിരേ പന്തംകൊളുത്തി പ്രകടനംനടത്തി. ഗസ്റ്റ്ഹൗസിനടക്കം ശക്തമായ സുരക്ഷയേർപ്പെടുത്തേണ്ടിവന്നു.
എതിർപ്പ് വകവയ്ക്കാതെ സി.പി.എമ്മിന്റെ രണ്ട് ഓഫീസുകളിൽ റെയ്ഡ് നടത്തിയ സി.ബി.ഐ ഏതാനും രേഖകളും പിടിച്ചെടുത്തിരുന്നു.
ഗൂഢാലോചന തെളിയിക്കാനും കൊലപാതകത്തിന്റെ പുനരാവിഷ്കാരത്തിലൂടെ ഓരോരുത്തരുടെയും പങ്ക് കണ്ടെത്താനും സി.ബി.ഐയ്ക്കായി.
രാഷ്ട്രപതിയുടെ മെഡൽ
അന്വേഷണഉദ്യോഗസ്ഥനായ ടി.പി.അനന്തകൃഷ്ണന് അന്വേഷണമികവിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു. രാജ്യത്തെ മികച്ച15 കുറ്റാന്വേഷകരിലൊരാൾ. ബാലഭാസ്കർ, വാളയാർ, പയ്യോളിമനോജ്, പാവറട്ടി കസ്റ്റഡിമരണ കേസുകളും അന്വേഷിച്ചു.
Source link