KERALAM

രാഷ്ട്രീയ നശീകരണ പ്രവണതയുടെ പ്രതിഫലനം: സി.ബി.ഐ കോടതി #രണ്ടു കുടുംബങ്ങളെ നിതാന്ത ദുഃഖത്തിലേക്ക് തള്ളിവിട്ടു

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് വിചിത്രമായ രാഷ്ട്രീയ നശീകരണപ്രവണതയുടെ പ്രതിഫലനമെന്ന് സി.ബി.ഐ പ്രത്യേക കോടതി. ഊർജസ്വലരായ യുവാക്കളുടെ അകാല മരണത്തിനിടയാക്കിയ കുറ്റകൃത്യം രണ്ട് കുടുംബങ്ങളെ നിതാന്ത ദുഃഖത്തിലേക്ക് തള്ളിവിട്ടതായും ജഡ്ജി എൻ. ശേഷാദ്രിനാഥന്റെ വിധിപ്രസ്താവത്തിൽ പറയുന്നു.

‘വ്യത്യസ്ത പാർട്ടിയിലുള്ള ഉന്നത നേതാക്കൾ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്യുന്നുണ്ടെങ്കിലും താഴേത്തട്ടിലേക്ക് ഇത്തരം കാര്യങ്ങൾ എത്തുന്നില്ലെന്ന ‘ ഹർപാൽ- ദേവീന്ദർസിംഗ് കേസിലെ സുപ്രീംകോടതി പരാമർശവും വിധിയിൽ ഉദ്ധരിച്ചു.

മുഖ്യപ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ഇന്നലെ രാവിലെ ശിക്ഷാവിധിയിലെ വാദത്തിൽ പ്രോസിക്യൂട്ടർ ബോബി ജോസഫ് ആവശ്യപ്പെട്ടു. പ്രൊഫഷണൽ രീതിയിൽ ആസൂത്രണം ചെയ്താണ് നിഷ്ഠുരകൃത്യം നടപ്പാക്കിയത്. മാരകായുധങ്ങൾ പ്രയോഗിച്ച പ്രതികൾ കൊടുംക്രിമിനലുകളാണ്.

ഇരട്ടക്കൊല കേസിന്റെ ഗൗരവം കൂട്ടുന്നതായും മരിച്ചത് ചെറുപ്പക്കാരാണെന്നത് കണക്കിലെടുക്കണമെന്നും വാദിച്ചു.

പ്രതികളുടെ പേരിൽ മുമ്പ് കേസുകളൊന്നും ഇല്ലെന്നും അവർ പ്രൊഫഷണൽ ക്രിമിനലുകളല്ലെന്നും പ്രതിഭാഗം അഭിഭാഷകൻ സി.കെ. ശ്രീധരൻ ചൂണ്ടിക്കാട്ടി. മിക്കവരും കർഷകരും സാധാരണക്കാരുമാണ്. ഇവരെ ആശ്രയിച്ച് കഴിയുന്ന വ‌ൃദ്ധരും കുട്ടികളുമടക്കമുണ്ട്. 13 പേർ കൊല്ലപ്പെട്ട ഡൽഹി സ്ഫോടനക്കേസിലും കെ.ടി. ജയകൃഷ്ണനെ വിദ്യാർത്ഥികളുടെ മുന്നിൽ കൊലപ്പെടുത്തിയ സംഭവത്തിലും സുപ്രീംകോടതി വധശിക്ഷ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് കുറഞ്ഞശിക്ഷയേ നൽകാവൂ എന്നും അപേക്ഷിച്ചു.

കേസിൽ തെളിവുകൾ കൂട്ടിയിണക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചതായി കോടതി വിലയിരുത്തി. സുപ്രീംകോടതിയുടെ ബച്ചൻസിംഗ് കേസ് വിധി മുൻനിറുത്തിയാണ് കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമായി കണക്കാക്കാനാകില്ലെന്ന് സി.ബി.ഐ കോടതി വ്യക്തമാക്കിയത്.


Source link

Related Articles

Back to top button