KERALAM

“പ്രതികൾക്ക്  വധശിക്ഷ   ലഭിക്കുമെന്നാണ്  പ്രതീക്ഷ”; വിധി  വന്ന  ശേഷം  അപ്പീൽ  പോകുന്ന  കാര്യം  തീരുമാനിക്കുമെന്ന് ശരത് ലാലിന്റെ കുടുംബം

കൊച്ചി: കാസർകോട് പെരിയ ഇരട്ടകൊലപാതക കേസിൽ വിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി ജഡ്ജി എൻ ശേഷാദ്രിനാഥൻ ആണ് വിധി പറയുക. പ്രതികൾക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരി അമൃത പ്രതികരിച്ചു. സി ബി ഐ നല്ല രീതിയിൽ കേസ് അന്വേഷിച്ചെന്നും അമൃത ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

മക്കൾക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ശരത് ലാലിന്റെ അമ്മ പറഞ്ഞു. വിധി വന്ന ശേഷം അപ്പീൽ പോകുന്ന കാര്യം തീരുമാനിക്കുമെന്നും കുടുംബം വ്യക്തമാക്കി. കേസിൽ സി പി എം നേതാക്കളായ ഉദുമ മുൻ എം എൽ എ കെ വി കുഞ്ഞിരാമനും കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠനും അടക്കം 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കൂടാതെ 10 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.

ബൈക്കിൽ പോകുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും (23) കൃപേഷിനേയും (19) തടഞ്ഞുനിറുത്തി വെട്ടിക്കൊല്ലുകയായിരുന്നു. ഇവരുടെയും യൂത്ത് കോൺഗ്രസിന്റെയും രാഷ്ട്രീയവളർച്ച തടയുകയായിരുന്നു കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2019 ഫെബ്രുവരിയിലായിരുന്നു കൊലപാതകം നടന്നത്.

ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ (അബു), ജിജിൻ, ആർ ശ്രീരാഗ് (കുട്ടു), എ അശ്വിൻ (അപ്പു), സുബീഷ് (മണി) എന്നിവരാണ് ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾ. 10-ാം പ്രതി ടി രഞ്ജിത്തും 15-ാം പ്രതി എ സുരേന്ദ്രനും (വിഷ്ണു സുര) കൊലക്കുറ്റത്തിന് തുല്യമായ ഗൂഢാലോചനയിൽ പങ്കുള്ളവരാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജീവപര്യന്തം മുതൽ വധശിക്ഷവരെ ലഭിക്കുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.


Source link

Related Articles

Back to top button