ചൈനയിൽ വൈറസ് വ്യാപനം: സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം; ആശങ്ക വേണ്ട
ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) ചൈനയിൽ പടരുന്നതായുള്ള വാർത്തകളും സാഹചര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം | Human Metapneumovirus (HMPV) in China is being monitored by India’s health ministry | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
ചൈനയിൽ വൈറസ് വ്യാപനം: സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം; ആശങ്ക വേണ്ട
ഓൺലൈൻ ഡെസ്ക്
Published: January 03 , 2025 10:08 PM IST
1 minute Read
ന്യൂഡൽഹി/ബെയ്ജിങ്∙ ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) ചൈനയിൽ പടരുന്നതായുള്ള വാർത്തകളും സാഹചര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പകർച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിവരികയാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.
ശ്വാസകോശ അണുബാധ വലിയ അളവിൽ പെരുകുന്നതായി 2024 ഡിസംബറിൽ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തണുപ്പു കാലത്ത് ശ്വാസകോശ അണുബാധ സാധാരണമാണ്. ഇത്തരം അണുബാധകൾക്കെതിരെ മുൻകരുതൽ എടുക്കണം. ചുമയോ പനിയോ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു. വൈറസ് പടരുന്നതായുള്ള റിപ്പോർട്ടുകൾ ചൈന നിഷേധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ശ്വാസകോശ അണുബാധ കുറവാണെന്നും അധികൃതർ അവകാശപ്പെട്ടു. ചൈനയിലേക്ക് യാത്ര ചെയ്യാൻ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
ചൈനയിൽ രോഗബാധ വർധിക്കുന്നതായി വാർത്താ ഏജൻസികളാണ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായെങ്കിലും അധികൃതർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും പടർന്നു പിടിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നതെന്നാണ് വിവരം. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ആദ്യം ശരീരത്തിൽ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കുമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.
English Summary:
Human Metapneumovirus (HMPV) in China is being monitored by India’s health ministry
mo-news-common-malayalamnews 6q24bnpuh8gthltqvmlt7tcotl 5us8tqa2nb7vtrak5adp6dt14p-list mo-health 40oksopiu7f7i7uq42v99dodk2-list mo-health-virus mo-news-world-countries-india-indianews mo-news-world-countries-china mo-news-common-worldnews
Source link