തന്നേക്കാൾ ഇഷ്ടം ചേച്ചിയെ; അമ്മയെ കറിക്കത്തികൊണ്ട് കുത്തിക്കൊന്ന് യുവതി
മുംബയ്: തന്നേക്കാൾ കൂടുതൽ ചേച്ചിയോടാണ് ഇഷ്ടമെന്ന് കരുതി അമ്മയെ കൊന്ന മകൾ അറസ്റ്റിൽ. മുംബയിലെ കുർള ഖുറേഷി നഗർ ഏരിയയിലാണ് സംഭവം. നാൽപ്പത്തിയൊന്നുകാരിയായ രേഷ്മ മുസാഫർ ഖ്വാസിയാണ് അമ്മ സാബിറ ബാനോ അസ്ഗർ ഷെയ്ഖിനെ (62) കുത്തിക്കൊലപ്പെടുത്തിയത്. അമ്മയ്ക്ക് തന്നേക്കാൾ ചേച്ചിയെയാണ് ഇഷ്ടമെന്നായിരുന്നു പ്രതി കരുതിയിരുന്നത്. ഇത് പകയ്ക്ക് കാരണമായെന്ന് പൊലീസ് പറയുന്നു.
മകനോടൊപ്പം മുമ്പ്രയിലായിരുന്നു സാബിറ ബാനോ ഖുറേഷി താമസിച്ചിരുന്നത്. അവിടെ നിന്ന് മകളെ കാണാൻ പോയതായിരുന്നു സാബിറ. മകളുടെ വീട്ടിൽ ഊഷ്മളമായ സ്വീകരണം ലഭിക്കുമെന്നായിരുന്നു വയോധികയുടെ പ്രതീക്ഷ. എന്നാൽ ദാരുണാന്ത്യമായിരുന്നു അവിടെ സാബിറയെ കാത്തിരുന്നത്.
മകളുടെ വീട്ടിലെത്തിയതും അമ്മ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അവൾ ആരോപിച്ചു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. ഒടുവിൽ കൈയാങ്കളിയിലെത്തി. തുടർന്ന് പ്രതി അടുക്കളയിൽ നിന്ന് കത്തിയെടുത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
അമ്മയെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താൻ അമ്മയെ കൊലപ്പെടുത്തിയെന്ന് ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
സാബിറ ബാനോ ഖുറേഷിയുടെ കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയുമൊക്കെ മൊഴി രേഖപ്പെടുത്തി. കൊലപാതകത്തിൽ മറ്റെന്തിലും കാരണമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Source link