മെഗാ നൃത്തസന്ധ്യ: മൃദംഗ വിഷൻ എം.ഡി നിഘോഷ് കുമാർ അറസ്റ്റിൽ

കൊച്ചി: ഉമ തോമസ് എം.എൽ.എ അപകടത്തിൽപ്പെട്ട മെഗാനൃത്തം സംഘടിപ്പിച്ച മൃദംഗ വിഷന്റെ മാനേജിംഗ് ഡയറക്ടർ എം. നിഘോഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പാലാരിവട്ടം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മൃദംഗ വിഷന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ബുധനാഴ്ച രാത്രി അമേരിക്കയിലേക്ക് മടങ്ങിയ പരിപാടിയുടെ അംബാസഡർ നടി ദിവ്യ ഉണ്ണിയെ ആവശ്യമെങ്കിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.

ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് കേസിലെ ഒന്നാം പ്രതിയായ നിഘോഷ് കുമാർ ഇന്നല ഉച്ചയ്ക്ക് രണ്ടിന് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായത്. മൂന്നാം പ്രതിയും ഓസ്‌കാർ ഇവന്റ്‌സ് ഉടമയുമായ തൃശൂർ സ്വദേശി പി.എസ്. ജനീഷ് ഹാജരായില്ല. സാമ്പത്തികതട്ടിപ്പിനും കേസെടുത്തതിന് പിന്നാലെയാണ് 38 ലക്ഷം രൂപയുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു.

കേസിൽ അറസ്റ്റിലായ മൃദംഗ വിഷൻ സി.ഇ.ഒ ഷെമീർ അബ്ദുൾ റഹിം, വേദി ക്രമീകരിച്ച ഓസ്‌കാർ ഇവന്റ്‌സ് മാനേജർ കൃഷ്ണകുമാർ, വേദി നിർമ്മിച്ച ബെന്നി എന്നിവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും.

സംഭവത്തെക്കുറിച്ച് സെക്രട്ടറി പി.എസ്. ഷിബുവിന്റെ നേതൃത്വത്തിൽ കൊച്ചി കോർപ്പറേഷൻ അന്വേഷണം ആരംഭിച്ചു. അനുമതിയില്ലാതെ പരിപാടി നടത്തിയ മൃദംഗ വിഷന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ടിക്കറ്റില്ലാതെയാണ് സംഘടിപ്പിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് ഓൺലൈനിലൂടെ ടിക്കറ്റ് വിറ്റഴിച്ച് വിനോദനികുതി തട്ടാനുള്ള ശ്രമം, അനുമതിയില്ലാതെ വേദികെട്ടി എന്നിവയ്ക്കാണ് നോട്ടീസ് . വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു.


Source link
Exit mobile version