ജീവനൊടുക്കിയ ഡിസിസി ട്രഷറർ വിജയന് ഒരു കോടി രൂപയുടെ ബാദ്ധ്യത, പത്ത് ബാങ്കുകളിൽ ഇടപാടുണ്ടായിരുന്നെന്ന് വിവരം

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് ബാങ്കുകളിലായി വിജയന് ഒരു കോടി രൂപയുടെ സാമ്പത്തികബാദ്ധ്യതയുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഈ ബാദ്ധ്യത എങ്ങനെ ഉണ്ടായെന്ന് പരിശോധിക്കുകയാണ്. ഇതിനായി 14 ബാങ്കുകളിൽ നിന്ന് അന്വേഷണസംഘം വിവരം തേടിയിട്ടുണ്ട്. പത്ത് ബാങ്കുകളിൽ വിജയന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റ് ബാങ്കുകളിലെ വായ്പകൾ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്.

വിജയനെതിരെ ഉയർന്ന കോഴ ആരോപണത്തിലെ സത്യാവസ്ഥ അറിയുന്നതിനും അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ, വിജയനടക്കുമുളളവർക്കെതിരെ ബാങ്ക് നിയമനക്കോഴയിൽ അമ്പലവയൽ സ്വദേശി ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ബത്തേരി കാർഷിക ഗ്രാമവികസന ബാങ്കിൽ ജോലി ലഭിക്കാൻ മുൻ പ്രസിഡന്റ് കെ കെ ഗോപിനാഥന് മൂന്ന് ലക്ഷം നൽകിയെന്നാണ് പരാതി. കോൺഗ്രസ് നേതാക്കളായ സി ടി ചന്ദ്രനും കെ എം വർഗീസും സാക്ഷികളായി ഒപ്പിട്ടുവെന്നും പരാതിയിലുണ്ട്.

ഡിസംബർ 24നാണ് വിജയനെയും മാനസിക വെല്ലുവിളി നേരിടുന്ന മകൻ ജിജേഷിനെയും വീടിനുളളിൽ വിഷം ഉളളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. വീട്ടിലുളളവർ അമ്പലത്തിൽ പോയപ്പോഴായിരുന്നു കീടനാശിനി കഴിച്ചുള്ള ആത്മഹത്യാശ്രമം. ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. സാമ്പത്തിക ബാദ്ധ്യത മൂലമാണ് വിജയൻ ആത്മഹത്യ ചെയ്തതെന്ന് സിപിഎം ആരോപിച്ചിരുന്നു.


Source link
Exit mobile version