കായംകുളം: യു പ്രതിഭ എം എൽ എയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് മന്ത്രി ചോദിച്ചു. യു പ്രതിഭയെ വർഗീയവാദിയാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കുട്ടികളാകുമ്പോൾ കൂട്ടുകൂടും. പുകവലിച്ചുവെന്നാണ് എഫ് ഐ ആറിലുള്ളത്. പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ലല്ലോ. പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കായംകുളത്ത് നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വേദിയിൽ പ്രതിഭ എം എൽ എയുമുണ്ടായിരുന്നു.
‘കുട്ടികൾ കൂട്ടുകൂടത്തില്ലേ. ഇത്തിരി വർത്തമാനം പറഞ്ഞു. ആരാണ്ട് വന്ന് പിടിച്ചു. ആ കുട്ടി എന്തെങ്കിലും മോശപ്പെട്ട കാര്യം ചെയ്‌തെന്ന് ഒരു കേസുമില്ല. ആ എഫ് ഐ ആർ ഞാൻ വായിച്ചതാണ്. പുകവലിച്ചു എന്നാണുള്ളത്. ഞാൻ വല്ലപ്പോഴും പുകവലിക്കുന്നയാളാണ്. പുകവലിച്ചെന്ന് എഫ് ഐ ആറിലെഴുതി, ആയിക്കോട്ടെ. അതിന് ജാമ്യമില്ലാ വകുപ്പെന്തിനാണിടുന്നത്. കൊച്ചുകുട്ടികളല്ലേ.’- മന്ത്രി പറഞ്ഞു.
കഞ്ചാവ് കേസിൽ പ്രതിഭയുടെ മകനെതിരായ എഫ്ഐആർ നേരത്തെ പുറത്തുവന്നിരുന്നു. എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. കേസിലെ ഒൻപതാം പ്രതിയാണ് കനിവ്. സംഘത്തിൽ നിന്ന് മൂന്നുഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്നും എഫ് ഐ ആറിൽ പറയുന്നു.
Source link