ജയിൽ വാസത്തിനിടെ പാർട്ടി രൂപീകരിക്കാൻ അമൃത്പാൽ സിംഗ്

ചണ്ഡീഗർ: ജയിലിൽ കഴിയുന്ന ഖാലിസ്ഥാൻ നേതാവും പാർലമെന്റ് അംഗംവുമായ അമൃത്പാൽ സിംഗ് 14ന് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും. പഞ്ചാബിലെ ശ്രീ മുക്ത്സർ സാഹിബിൽ നടക്കുന്ന റാലിയിൽ പ്രഖ്യാപനമുണ്ടാകും. സിഖ് വംശജരുടെ ആഘോഷമായ മാഘി ദാ മേളയിലാണ് ‘പന്ഥ് ബചാവോ, പഞ്ചാബ് ബചാവോ’ എന്നു പേരിട്ടിട്ടുള്ള റാലി നടക്കുന്നത്.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരിലൊരാളുടെ മകനും ഫരീദ്‌കോട്ട് എം.പിയുമായ സരബ്ജീത് സിങ് ഖൽസയും പുതിയ രാഷ്ട്രീയ സംഘടനയുടെ ഭാഗമാകും. പാർട്ടിയുടെ ചട്ടക്കൂട് തയാറാക്കാൻ ഒരു പാനൽ രൂപീകരിക്കുമെന്ന് സരബ്ജീത് സിങ് അറിയിച്ചു. തുടർന്ന് പുതിയ പാർട്ടിയുടെയും അംഗങ്ങളുടെയും പേര് പ്രഖ്യാപിക്കും. രണ്ട് എം.പിമാരും സ്വതന്ത്രരും കടുത്ത നിലപാടുകളോട് ചായ്വുള്ളവരുമായതിനാൽ പുതിയ പാർട്ടി സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണായക സ്വാധീനം ചെലുത്തിയേക്കുമെന്ന് വിലയിരുത്തലുണ്ട്.
പഞ്ചാബിലെ ഖഡൂർ സാഹിബ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അമൃത്പാൽ സിങ്ങിനെയും കൂട്ടാളികളെയും ദേശീയ സുരക്ഷാ നിയമപ്രകാരം 2023 ഏപ്രിൽ 23നാണ് അറസ്റ്റ് ചെയ്തത്. പൊലീസ് പിടിയിലായ അനുയായികളെ മോചിപ്പിക്കാൻ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതുൾപ്പെടെ ഒട്ടേറെ കേസുകൾ അമൃത്പാൽ സിങ്ങിന്റെ പേരിലുണ്ട്. വധശ്രമം, തട്ടിക്കൊണ്ടുപോയി ആക്രമിക്കൽ, പൊലീസിനെ കൈയേറ്റം ചെയ്യൽ എന്നിവയും ഇതിലുൾപ്പെടുന്നു.
2022ൽ പഞ്ചാബി രാഷ്ട്രീയ ഗ്രൂപ്പായ വാരിസ് പഞ്ചാബ് ദേയുടെ തലവനായി നിയമിതനായ ശേഷം, അമൃതപാൽ സിങ് ഖലിസ്ഥാനി അനുകൂല പ്രസംഗങ്ങൾ നടത്തുകയും അജ്നാല പോലീസ് സ്‌റ്റേഷൻ ആക്രമണത്തിന് നേതൃത്വം നൽകുകയും ചെയ്തു. സായുധ സംഘം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ഇതോടെയാണ് അമൃതപാലിനെ തടവിൽവെക്കണമെന്ന ആവശ്യമുയർന്നത്. ജയിലിൽ കഴിയവെയാണ് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമൃത്പാൽ മത്സരിച്ച് ജയിച്ചത്.
Source link