KERALAM

വീണയ്ക്ക് നികുതി രജിസ്‌ട്രേഷൻ ഒരു രേഖയും ലഭ്യമല്ല: കുഴൽനാടൻ

തിരുവനന്തപുരം: സി.എം.ആർ.എൽ കമ്പനിയിൽനിന്നു കൈപ്പറ്റിയ 1.72കോടിയ്ക്ക് വീണ വിജയനും എക്സാലോജിക് സൊലൂഷൻസും നികുതിയടച്ചെന്നു തെളിയിക്കാൻ സി.പി.എമ്മിനെയും സർക്കാരിനെയും വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. 2017ൽ ജി.എസ്.ടി നിലവിൽ വരുന്നതിനു മുൻപ് ഇത്തരത്തിൽ പണം കൈപ്പറ്റിയാൽ സേവന നികുതിയാണ് അടയ്‌ക്കേണ്ടത്. എന്നാൽ വീണയ്ക്ക് സേവന നികുതി രജിസ്‌ട്രേഷൻ ഉണ്ടായിരുന്നതിന്റെ ഒരു രേഖയും ലഭ്യമല്ലെന്നു വിവരാവകാശ നിയമപ്രകാരമുള്ള തന്റെ ചോദ്യത്തിനു ബംഗളൂരുവിലെ കേന്ദ്രനികുതി അസി.കമ്മിഷണർ നൽകിയ മറുപടിയിലുണ്ടെന്നു കുഴൽനാടൻ പറഞ്ഞു. വിവരാവകാശ രേഖയും വാർത്താസമ്മേളനത്തിൽ അദ്ദേഹം പുറത്തുവിട്ടു.
പല സമയത്തായി വീണ 1.05 കോടിയും എക്സാലോജിക് കമ്പനി 65 ലക്ഷം രൂപയുമാണു കൈപ്പറ്റിയത്. 2017ലാണു ജി.എസ്.ടി വന്നത്. അതിനു മുൻപു സേവന നികുതിയാണ്. സേവന നികുതി അടച്ചിരുന്നവർ ജി.എസ്.ടിയിലേക്കു മാറുമ്പോൾ ‘ട്രാൻസിഷൻ ഫോം’ സമർപ്പിക്കണം. വീണ ഫോം നൽകിയതിന്റെ രേഖകൾ കേന്ദ്ര നികുതി വകുപ്പിലില്ല. സി.എം.ആർ.എലിൽനിന്നു കിട്ടിയ പണത്തിനു വീണ നികുതിയടച്ചെന്നാണ് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ മാദ്ധ്യമങ്ങളോടു പറഞ്ഞത്. വീണയെ സംരക്ഷിക്കാൻ ധനകാര്യമന്ത്രിയെക്കൊണ്ടു കള്ളം പറയിച്ചതാണെന്നു കുഴൽനാടൻ ആരോപിച്ചു.


Source link

Related Articles

Back to top button