ചെന്നിത്തല എൻ.എസ്.എസിന്റെ പുത്രനെന്ന് സുകുമാരൻ നായർ

കോട്ടയം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എൻ.എസ്.എസിന്റെ പുത്രനാണെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തിൽ സ്വാഗതം പറയുകയായിരുന്നു അദ്ദേഹം.
ചെന്നിത്തലയെ ക്ഷണിച്ചത് വിവാദമാക്കാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചു. ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഏറ്റവും അർഹനാണ് ചെന്നിത്തല. ക്ഷണിച്ചത് കോൺഗ്രസ് മുദ്രയിലല്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുള്ള നേട്ടത്തിനുമല്ല. അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തണം. കളിച്ചു നടന്ന കാലം മുതൽ ഈ മണ്ണിന്റെ സന്തതിയാണ് അദ്ദേഹം. രാഷ്ട്രീയം നോക്കുന്നില്ല, അദ്ദേഹത്തിന്റെ ജന്മം കൊണ്ടാണ് ചടങ്ങിന്റെ ഉദ്ഘാടകനായത്.
ഒരു കുടുംബത്തിൽ നാലുമക്കളുണ്ടെങ്കിൽ നാലു പേർക്കും പ്രത്യേകം രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം സംഘടന കൊടുത്തിട്ടുണ്ട്. പക്ഷേ, അത് കുടുംബത്തെ ബാധിക്കാൻ പാടില്ല. മറ്റൊരു പുത്രൻ, ഇടതുപക്ഷത്തിന്റെ ഭാഗമായ മന്ത്രി ഗണേശ്‌കുമാറിന്റെ രാഷ്ട്രീയത്തിൽ ജാതിയുടെ പേര് പറഞ്ഞ് ആരും ഇടപെടുന്നില്ല. കുടുംബം മറക്കാത്തവരായതിനാലാണ് രമേശിനെയും ഗണേശിനെയും ആ രീതിയിൽ എൻ.എസ്.എസ് ഉൾക്കൊള്ളുന്നത്.
ക്ഷേത്രദർശനത്തിന് ഷർട്ട് ഊരുന്നത് നിറുത്തലാക്കണമെന്ന് നിർദ്ദേശിച്ച ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയെ പിന്തുണച്ചതിന് മുഖ്യമന്ത്രിയെ സുകുമാരൻ നായർ രൂക്ഷമായി വിമർശിച്ചു . ”ഷർട്ട് ഊരുന്നത് സവർണനാണോയെന്ന് തിരിച്ചറിയാനാണെന്ന് ചിലർ പറഞ്ഞു. വ്യാഖ്യാനങ്ങൾ ഹിന്ദുവിന്റെ പുറത്ത് മാത്രമാണ്. ഇവിടെ ക്രൈസ്തവരും മുസ്ളിങ്ങളുമുണ്ട്. അവരുടെ ആചാരത്തിൽ ഇന്നത്തെ കാലത്തിന് പറ്റാത്തത് ഇല്ലേ? അതിനെ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ വിമർശിക്കാൻ ധൈര്യമുണ്ടോ? ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് പോകണമെന്ന് നായർക്കോ മറ്റ് സമുദായങ്ങൾക്കോ ഉദ്ദേശ്യമുണ്ടെങ്കിൽ പൊയ്‌ക്കോട്ടെ. കാലാകാലങ്ങളിലുള്ള ആചാരങ്ങൾ മാറ്റിമറിക്കാൻ ആരാണ് പറയുന്നത്. ഇത് വിശ്വാസികളുടെ അവകാശമല്ലേ?
ഇത്തരം പ്രസ്താവനകളെ മുഖ്യമന്ത്രി പിന്തുണയ്ക്കാൻ പാടില്ലായിരുന്നു. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. ആചാരാനുഷ്ഠാനങ്ങൾക്ക് വിഘ്നം വരാതെ മുന്നോട്ടുപോകാൻ ഹൈന്ദവ സമൂഹത്തിന് അവകാശമുണ്ട്. എത്രയോ കാലം മുമ്പ് മന്നത്ത് പത്മനാഭന്റെ ക്ഷേത്രം എല്ലാവർക്കും തുറന്നുകൊടുത്തതാണ്. അത്രയും പുരോഗമന ചിന്തയുള്ള മഹാമനുഷ്യൻ തുടങ്ങിവച്ച പ്രസ്ഥാനത്തോട് ഇക്കാര്യം ഉപദേശിക്കാൻ ആർക്കും അവകാശമില്ല. നിങ്ങൾ തീരുമാനിച്ച് നിങ്ങൾ നടപ്പാക്കിക്കൊള്ളൂ. ഞങ്ങളുടെ തീരുമാനങ്ങൾ ഇങ്ങനെയാണ്. ഷർട്ട് ധരിച്ച് പോകാൻ കഴിയുന്ന ക്ഷേത്രങ്ങളിൽ അങ്ങനെ പോകണം. അല്ലാത്തിടത്ത് അങ്ങനെയും. അതിൽ ചാതുർവർണ്യമൊന്നും മനസിൽ വയ്ക്കേണ്ട കാര്യമില്ല. ഇതൊരു സർക്കാരോ, മതവിഭാഗമോ തിരുത്തേണ്ടതല്ല. ഹിന്ദുവിന് മാത്രം ഈ രാജ്യത്ത് ഒന്നും പറ്റില്ലെന്ന ചിലരുടെ പിടിവാശി അംഗീകരിക്കാൻ പറ്റില്ല.
Source link