ബംഗളൂരു: മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ജയചന്ദ്രൻ നായർ (85)അന്തരിച്ചു. ബംഗളൂരുവിലെ മകളുടെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് ബംഗളൂരുവിൽ നടന്നു. മുൻനിര മുതിർന്ന പത്രാധിപന്മാരിൽ ഒരാളായിരുന്നു. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയാണ്.
മലയാളത്തിലെ മാഗസിൻ ജേണലിസത്തിൽ പുതിയ വഴിത്താര സൃഷ്ടിച്ച അദ്ദേഹം ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ അക്കാലത്ത് സമൂഹം ചർച്ച ചെയ്തു. രാഷ്ട്രീയരംഗത്ത് വിവാദങ്ങൾക്കും വിശകലനങ്ങൾക്കുമിടയാക്കിയ ഒട്ടേറെ കവർ സ്റ്റോറികൾ അദ്ദേഹത്തിന്റേതായിരുന്നു.
1957ൽ കെ.ബാലകൃഷ്ണന്റെ കൗമുദിയിൽ പത്രപ്രവർത്തനം തുടങ്ങി. തുടർന്ന് കൊല്ലത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്നു മലയാളരാജ്യം,കേരള ജനത എന്നിവയിലും പിന്നീട് കേരളകൗമുദി പത്രാധിപ സമിതിയിലും അംഗമായി. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. സമകാലിക മലയാളം വാരികയുടെ തുടക്കം മുതൽ പത്രാധിപരായി പ്രവർത്തിച്ചു. 2012ൽ മലയാളം വാരികയിൽ നിന്നും രാജിവച്ചു.
സാഹിത്യ കൃതികളെ മുൻനിറുത്തി ജയചന്ദ്രൻനായരുടെ പഠനങ്ങൾ ശ്രദ്ധേയമായിരുന്നു. 2012ലെ ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ഇദ്ദേഹത്തിന്റെ ‘എന്റെ പ്രദക്ഷിണ വഴികൾ’ എന്ന പുസ്തകത്തിനു ലഭിച്ചു. റോസാദലങ്ങൾ,അലകളില്ലാത്ത ആകാശം,പുഴകളും കടലും,ഉന്മാദത്തിന്റെ സൂര്യകാന്തികൾ,വെയിൽത്തുണ്ടുകൾ എന്നിവയാണ് പ്രധാന കൃതികൾ.
അദ്ദേഹം തിരക്കഥ രചിച്ച് ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘പിറവി ‘ക്ക് ദേശീയ-അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചു. ‘സ്വം’എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നിർമാതാവുമാണ്. ഭാര്യ:സരസ്വതി അമ്മ. മക്കൾ:ഡോ. ജയദീപ് (ഓർത്തോ സ്പെഷ്യലിസ്റ്റ് യു.കെ),ദീപ നായർ,(സോഫ്റ്റ് വെയർ എൻജിനിയർ,ബംഗളൂരു). മരുമക്കൾ:ആശു ജയദീപ്,അജിത് ഗുപ്‌ത (സോഫ്റ്റ് വെയർ എൻജിനിയർ).
എസ്.ജയചന്ദ്രൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ അനുശോചിച്ചു.
Source link