KERALAM

പ്രതിസന്ധിയിൽ അഭയമേകിയത് എൻ.എസ്.എസെന്ന് ചെന്നിത്തല

ചങ്ങനാശേരി: ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ അഭയം തന്നത് എൻ.എസ്.എസ് ആണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മണ്ണുമായി അത്രമാത്രം ബന്ധമുണ്ട്. ആരുവിചാരിച്ചാലും അത് മുറിച്ചു മാറ്റാനാകില്ല.

പത്താം ക്ളാസിൽ ഉന്നത മാർക്കുണ്ടായിട്ടും പ്രീഡിഗ്രിക്ക് അപേക്ഷ കൊടുത്ത കോളേജിൽ രാഷ്ട്രീയംമൂലം അഡ്മിഷൻ ലഭിക്കാതിരുന്നപ്പോൾ സഹായിച്ചത് എൻ.എസ്.എസ് നേതൃത്വമാണ്. ചങ്ങനാശേരി എൻ.എസ്.എസ് കോളേജിൽ പഠിക്കാനും യൂണിയൻ ചെയർമാനാകാനും കഴിഞ്ഞു. പൊതുജീവിതം ഇവിടെ നിന്ന് തുടങ്ങി പച്ചപിടിച്ചു നിൽക്കുന്നു. തികഞ്ഞ അഭിമാന ബോധത്തോടെയാണ് ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

സമുദായത്തെ കരുത്തനായി നയിക്കുന്ന ആളാണ് സുകുമാരൻ നായർ. മതനിരപേക്ഷത രാജ്യത്ത് ഉറപ്പാക്കാനുള്ള എൻ.എസ്.എസ് നേതൃത്വത്തിന്റെ സംഭാവനയ്ക്ക് സല്യൂട്ട് നൽകുന്നു. മതനിരപേക്ഷതയിൽ കുലീനവും, ശ്രേഷ്ഠവുമായ ബ്രാൻഡ് ആണ് എൻ.എസ്.എസ്.

ജനങ്ങളിൽ നിന്ന് അകന്ന സർക്കാരിനെതിരെയാണ് മന്നം വിമോചന സമരം നടത്തിയത്. ഇന്നും ആവശ്യമായ ഘട്ടങ്ങളിൽ സർക്കാരുകളെ തിരുത്താൻ സുകുമാരൻ നായർ ഇടപെടൽ നടത്തുന്നു. ശബരിമല വിഷയം ഉണ്ടായപ്പോൾ മന്നം കാണിച്ചുകൊടുത്ത വഴിയിലൂടെ നേതൃത്വം സഞ്ചരിച്ചു. നാമജപ യാത്രയടക്കം നടത്തി വിശ്വാസികളുടെ അവകാശം നേടിയെടുക്കാൻ നടത്തിയ ശ്രമം എന്നും ജനങ്ങൾ ഓർക്കും. സമുദായങ്ങൾ തമ്മിൽത്തല്ലണം എന്നാഗ്രഹിക്കുന്നവർക്ക് എൻ.എസ്.എസിനോട് പിണക്കവും പരിഭവമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

എൻ.എസ്.എസ് പ്രസിഡന്റ് എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ഫ്രാൻസിസ് ജോർജ് എം.പി അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ സ്വാഗതവും, ട്രഷറർ എൻ.വി.അയ്യപ്പൻപിള്ള നന്ദിയും പറഞ്ഞു.


Source link

Related Articles

Back to top button