KERALAM

മാമൂലുകളെ  മുറുകെപ്പിടിച്ചാൽ രാജ്യം 100 വർഷം പിന്നിലേയ്ക്ക് പോകും: സ്വാമി സച്ചിദാനന്ദ

ശിവഗിരി: പഴയ മാമൂലുകളെ മുറുകെപ്പിടിച്ച് മുന്നോട്ടുപോയാൽ മതിയെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ അഭിപ്രായം രാജ്യത്തെ 100 വർഷം പിന്നിലേക്കു കൊണ്ടുപോകുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ക്ഷേത്രത്തിലെ വസ്ത്രധാരണ വിഷയത്തിൽ ശിവഗിരി മഠത്തെ വിമർശിച്ചു സംസാരിച്ചതിൽ പ്രതികരിക്കുകയായിരുന്നു സ്വാമി.

ജാതിമതഭേദ ചിന്തകൾക്കതീതമായി സർവരെയും ഒന്നായി കണ്ടുകൊണ്ടുള്ള വിശ്വദർശനം ലോകത്തിനു സമ്മാനിച്ച ശ്രീനാരായണ ഗുരുദേവന്റെ അനുയായി എന്ന നിലയിൽ അഭിപ്രായം പറയുന്നതിനുള്ള ധാർമ്മികമായ ചുമതലയുണ്ടെന്നും അത് തന്റെ കടമയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. സാമൂഹികവും മതപരവുമായ കാര്യങ്ങളിൽ ഏറെ പരിഷ്‌കാരങ്ങൾ ഉണ്ടാകേണ്ടതായിട്ടുണ്ട്. കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും മേൽവസ്ത്രം ധരിച്ചുകൊണ്ട് ക്ഷേത്രദർശനമാകാം. കേരളത്തിൽതന്നെ ശബരിമലയിലും ശിവഗിരി, ചെമ്പഴന്തി, അരുവിപ്പുറം തുടങ്ങിയ പുണ്യസ്ഥലങ്ങളിലും മേൽവസ്ത്രം ധരിച്ച് പ്രവേശിക്കുന്നുണ്ട്.

പണ്ടുണ്ടായിരുന്ന മാമൂലുകൾ ഗുരുദേവൻ തിരുത്തിക്കുറിച്ചു. അങ്ങനെയാണ് അരുവിപ്പുറം പ്രതിഷ്ഠയുണ്ടായതും കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകത്തിലുമായി നിരവധി ക്ഷേത്രങ്ങളും മഠങ്ങളും ആശ്രമങ്ങളും ശാന്തിക്കാരുടെ പരമ്പരയും സന്ന്യാസിസംഘവും ഗുരുദേവൻ സ്ഥാപിച്ചത്. ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന ഈ വക പ്രവർത്തനങ്ങളാണ് ഭ്രാന്താലയമായിരുന്ന രാജ്യത്തെ തീർത്ഥാലയമാക്കി മാറ്റിയത്. കരിയും കരിമരുന്നും ആവശ്യമില്ലെന്ന് ഗുരു പറഞ്ഞത് ഇപ്പോൾ കോടതിയും അംഗീകരിച്ചു.

പക്ഷേ, സുകുമാരൻ നായരെപ്പോലുള്ള മാമൂൽ വിശ്വാസികൾ കോടതിയുടെ അഭിപ്രായത്തെ മാനിക്കുന്നില്ല. ഇത് രാജ്യത്തിന് അപകടമാണ്. അദ്ദേഹം എന്നെക്കുറിച്ചു പറഞ്ഞ പ്രയോഗം അദ്ദേഹത്തിന്റെ സംസ്‌കാരത്തെ വെളിപ്പെടുത്തുന്നതാണ്. ക്രൈസ്തവ, ഇസ്ളാം മതങ്ങളെക്കുറിച്ച് ഇങ്ങനെ സംസാരിക്കുമോയെന്ന് ചോദിക്കുന്നവരുണ്ട്. അവർക്കാവശ്യമായ പരിഷ്‌കാരവും പുതുതായി ആവശ്യമായതും മതനേതാക്കൾ നിർവഹിക്കുന്നുണ്ട്.

പഴയ മാമൂലുകൾക്കപ്പുറത്ത് പരിഷ്‌കൃതിയും ഐക്യവും ഊട്ടിയുറപ്പിക്കാൻ പര്യാപ്തമായ നടപടികളാണ് നേതാക്കന്മാരിൽ നിന്നുമുണ്ടാകേണ്ടത്. മഹാനായ മന്നത്ത് പദ്മനാഭൻ പരിഷ്‌കാരങ്ങളെ ഉൾക്കൊണ്ടിരുന്നു. എന്നാൽ, ചില നായർ സമുദായ നേതാക്കന്മാർ ഹിന്ദുമതത്തിന്റെ വളർച്ചയ്ക്ക് തടസമായി നിൽക്കുന്നുവെന്ന് മന്നത്തിന്റെ ആത്മകഥയിൽ പറയുന്നുണ്ട്. സുകുമാരൻ നായരും ഈ പാതയാണോ പിന്തുടരുന്നത് എന്ന സന്ദേഹമുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.


Source link

Related Articles

Back to top button