ഡിപോൾ പബ്ലിക് സ്കൂൾ കൽപ്പറ്റയിൽ നിന്നും ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലേക്ക്; പരിഹസിച്ചവരോട് എസ്തർ അനിൽ | Esther Anil London School Of Economics
കൽപറ്റയിലെ സ്കൂളിൽനിന്ന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലേക്ക്; പരിഹസിച്ചവരോട് എസ്തർ അനിൽ
മനോരമ ലേഖകൻ
Published: January 02 , 2025 03:08 PM IST
Updated: January 02, 2025 03:32 PM IST
1 minute Read
എസ്തർ അനിൽ
യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിനു (എൽഎസ്‌ഇ) മുന്നിൽ നിന്നുള്ള ചിത്രം പങ്കുവച്ച് നടി എസ്തർ അനിൽ. അവിടെ ഡവലപ്‌മെന്റൽ സ്റ്റഡീസിൽ ഉപരിപഠനം നടത്തുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ തന്നപ്പറ്റിയുള്ള വിവരങ്ങളൊന്നും പങ്കുവയ്ക്കാൻ ആഗ്രഹിക്കാറില്ലെങ്കിലും ഇത് പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ടെന്ന് എസ്തർ കുറിച്ചു. ‘നായികയാകാൻ അവൾ പെടുന്ന പാടു കണ്ടില്ലേ’ എന്ന തരത്തിൽ കമന്റിടുന്ന ആളുകൾക്കിടയിൽ, സുന്ദരമായ ചിത്രങ്ങൾക്കു പിന്നിൽ മറഞ്ഞിരിക്കാനാണ് ഇഷ്ടമെന്ന് എസ്തർ പറയുന്നു. ഒരു ചെറിയ പെൺകുട്ടി എന്ന ടാഗിനപ്പുറം തനിക്കു വേണ്ടതെന്താണെന്ന് ഉറപ്പുള്ള, വലിയ സ്വപ്നങ്ങളുള്ള പെൺകുട്ടിയാണ് താനെന്നും ആത്മാർഥമായി പിന്തുണയ്ക്കുന്നവരോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും എസ്തർ കുറിച്ചു. നാലുവയസ്സിൽ സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് എൽഎസ്‌ഇക്കു മുന്നിൽ നിൽക്കുന്ന പുതിയ ചിത്രം എസ്തർ പങ്കുവച്ചത്.
‘‘സാധാരണയായി സമൂഹ മാധ്യമങ്ങളിലൂടെ എല്ലാം തുറന്നുപറയുന്ന ആളല്ല ഞാൻ. പക്ഷേ ഇന്നിവിടെ ഞാൻ ഇതു പറയാൻ ആഗ്രഹിക്കുന്നു. എപ്പോഴും മനോഹരമായ ചിത്രങ്ങൾക്കു പിന്നിൽ ഒളിച്ചിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ആൾക്കാരെ അവരുടേതായ അനുമാനങ്ങൾ മെനയാൻ വിടുകയാണ് പതിവ്. ‘ഓ, അവൾ ഒരു നായികയാകാൻ വേണ്ടി കഷ്ടപ്പെടുന്ന വെറുമൊരു ചെറിയ പെൺകുട്ടി’ എന്ന തരത്തിലാണ് പലരും കമന്റ് ചെയ്യാറുള്ളത്. ആ ഒരു നരേറ്റീവിനു പിന്നിൽ ഒളിച്ചിരുന്ന് എന്റെ സ്വപ്നങ്ങൾ നിശബ്ദമായി കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിച്ചു. ഇതു പങ്കുവയ്ക്കുമ്പോൾ ഞാൻ എന്നെത്തന്നെ അഭിനന്ദിക്കുന്നു; ഇതൊരു ചെറിയ കാര്യമാണെങ്കിലും. തനിക്ക് എന്താണു വേണ്ടതെന്ന് ഉറപ്പുള്ള, വലിയ സ്വപ്നങ്ങളുള്ള ഒരു ചെറിയ പെൺകുട്ടി അതു നേടാനായി കഠിനമായി പരിശ്രമിച്ചിട്ടുണ്ട്.
ജീവിതത്തിൽ എന്റെ ഓരോ ചുവടിനൊപ്പവും ഉറച്ചു നിൽക്കുന്ന കുറച്ചുപേരുണ്ട് അവരാരൊക്കെയാണെന്ന് അവർക്കറിയാം. നിങ്ങളുടെ സ്നേഹം എന്റെ മനസ്സ് നിറച്ചിരിക്കുന്നു. എന്റെ ചിറകുകൾക്കു ശക്തിയില്ലാത്തപ്പോൾ ചിറകുകൾ നൽകാൻ നിങ്ങളില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്തായിത്തീർന്നേനെയെന്നു ഞാൻ ചിന്തിക്കാറുണ്ട്. ഇവിടെ സോഷ്യൽ മീഡിയയിൽ ഞാൻ അധികം ഇടപഴകാറില്ല. ഇവിടെ കമന്റിടുന്ന നിങ്ങളെ എന്റെ ആരാധകർ എന്നു വിളിക്കാനാകുമോ എന്നു പോലും എനിക്കറിയില്ല, കാരണം എനിക്ക് ആരാധകർ ഉണ്ടോ എന്നുപോലും അറിയില്ല. നിങ്ങളിൽ ചിലർ എന്നെ ആത്മാർഥമായി സ്നേഹിക്കുകയും ആശംസകൾ നേരുകയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങൾക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹമെല്ലാം എന്നെങ്കിലും തിരിച്ചു തരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
നാലുവയസ്സുകാരിയായ എന്നോടൊപ്പം, ‘പരാജയപ്പെടുക, പോരാടുക, പുതിയ ഉയരങ്ങളിലേക്ക് പറക്കുക’ എന്നതിന്റെ പുതിയ പതിപ്പായ ഞാൻ കൈകോർക്കുന്നു.’’ – എസ്തർ അനിലിന്റെ വാക്കുകൾ.
മമിത ൈബജു, ദേവിക സഞ്ജയ്, ഗൗരി കിഷൻ, നന്ദന വർമ, നിവേദിത സതീഷ് തുടങ്ങി നിരവധിപ്പേരാണ് എസ്തറിനെ പ്രശംസിച്ചെത്തിയത്. ‘‘ഡിപോൾ പബ്ലിക് സ്കൂൾ കൽപറ്റയിൽനിന്നു ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് വരെ’’ എന്നായിരുന്നു എസ്തറിന്റെ അമ്മ മഞ്ജുവിന്റെ കമന്റ്.
English Summary:
From Actress to Academic: Esther Anil’s Surprising Next Chapter at the London School of Economics
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews mo-entertainment-movie-estheranil 7n5sht7elm4a2osj61d1lq27g7 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link