‘മാർക്കോ’ കൊറിയയിലേക്ക്; ഉണ്ണി മുകുന്ദനെ സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിച്ച് രാം ഗോപാൽ വർമ
‘മാർക്കോ’ തരംഗത്തിൽ ഞെട്ടി ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വർമ. ചിത്രം കൊറിയയിൽ റിലീസ് ചെയ്യുന്ന വാർത്തയുടെ ആവേശം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ‘സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദന്റെ മാർക്കോ ഇനി കൊറിയയിലേക്ക്’ എന്ന പോസ്റ്ററും രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു. ദക്ഷിണ കൊറിയൻ എന്‍റർടെയ്ൻമെന്‍റ് മേഖലയിലെ വമ്പൻമാരായ നൂറി പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ബാഹുബലിക്കു ശേഷം ദക്ഷിണ കൊറിയയിൽ നിന്നും ഇത്രയും അഭിമാനകരമായ നേട്ടം സ്വന്തമാക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമായി ‘മാർക്കോ’ മാറി. ഈ പങ്കാളിത്തത്തിലൂടെ ഏപ്രില്‍ മാസം ദക്ഷിണ കൊറിയയിലുടനീളമുള്ള 100 സ്ക്രീനുകളിൽ ‘മാർക്കോ’ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഒരു ഇന്ത്യൻ സിനിമയ്ക്ക് കൊറിയൻ മാർക്കറ്റിൽ ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പാണ് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്.
പാൻ ഇന്ത്യൻ താരമെന്ന നിലയിലുള്ള ഉണ്ണി മുകുന്ദന്റെ വളർച്ചയാണ് സിനിമയുടെ ഞെട്ടിപ്പിക്കുന്ന വിജയം സൂചിപ്പിക്കുന്നതെന്നാണ് ബോക്സ്ഓഫിസ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. സിനിമ കണ്ടിറങ്ങുന്ന ഹിന്ദി പ്രേക്ഷകരും നടന്റെ സ്വാഗിനെയും ആക്‌ഷൻ പെർഫോമൻസിനെയും പ്രത്യേകം പ്രശംസിക്കുന്നു. ഇതിനു മുമ്പും രാം ഗോപാൽ വർമയും രംഗത്തുവന്നു. ‘മാർക്കോ’ സിനിമയ്ക്കു ലഭിക്കുന്നതുപോലെ ഞെട്ടിക്കുന്ന പ്രതികരണങ്ങളും പ്രശംസകളും ഇതിനു മുമ്പ് ഒരു സിനിമയ്ക്കും താൻ കേട്ടിട്ടില്ലെന്നും ചിത്രം കാണാൻ അക്ഷമനായി കാത്തിരിക്കുകയാണെന്നും രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു. ഉണ്ണി മുകുന്ദനാൽ താൻ കൊല്ലപ്പെടില്ല എന്നാണ് തന്റെ വിശ്വാസമെന്നും നടനെ ടാഗ് ചെയ്ത് വർമ പറഞ്ഞു.
ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം ആഗോളതലത്തിൽ ചർച്ചയായി കഴിഞ്ഞു. നടൻ ഉണ്ണി മുകുന്ദന്റെ കരിയറും ഇതോടെ പുതിയ ഉയരങ്ങളിലേക്ക് എത്തുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ നേട്ടം അടയാളപ്പെടുത്തുന്നു. ഇൻഡസ്ട്രിയുടെ ആഗോള അംഗീകാരം ഉയർത്തുന്നതിലൂടെ ഭാവിയിൽ ഒട്ടേറെ രാജ്യാന്തര സഹകരണങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് ‘മാർക്കോ’.
1993ൽ സ്ഥാപിതമായ നൂറി പിക്ചേഴ്സ് ദക്ഷിണ കൊറിയൻ ചലച്ചിത്ര വിതരണത്തിലെ ഒരു പ്രമുഖ ശക്തിയാണ്. കൊറിയൻ പ്രേക്ഷകർക്ക് ആകർഷകമായ അന്താരാഷ്ട്ര, ഹോളിവുഡ് ഉള്ളടക്കം എത്തിക്കുന്നതിൽ എന്നും നൂറി പിക്ചേഴ്സ് മുന്നിലുണ്ട്. വൈവിധ്യമാർന്നതും ഉയർന്ന നിലവാരമുള്ളതുമായ സിനിമകളോടുള്ള കമ്പനിയുടെ സമർപ്പണം ഏഷ്യൻ ചലച്ചിത്ര വ്യവസായത്തിലെ ഒരു വിശ്വസനീയമായ പേരായി നൂറി പിക്ചേഴിസിനെ മാറ്റിയിട്ടുണ്ട്. നൂറി പിക്ചേഴ്സിന്‍റെ നേട്ടങ്ങളിൽ മറ്റൊരു പൊൻ തൂവൽ കൂടിയാണിത്.
‘‘ഞങ്ങളുടെ ആദ്യ ഇന്ത്യൻ പങ്കാളിത്തമായി ‘മാർക്കോ’ യെ കൊറിയൻ സിനിമാലോകത്തേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ലോകോത്തരമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്ന മാർക്കോയിലെ ആക്ഷൻ രംഗങ്ങൾ ഞങ്ങളെ ആകർഷിച്ചു. ഈ ചിത്രത്തിന് അന്താരാഷ്ട്ര വേദിയിൽ ഒരു ഗെയിം ചെയ്ഞ്ചർ ആകാനുള്ള കഴിവുണ്ട്, ലോക സിനിമയിലെ ഈ ധീരമായ പുതിയ ശബ്‍ദം കൊറിയൻ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ ചിത്രം കൊറിയൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് “, ‘മാർക്കോ’യുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് നൂറി പിക്ചേഴ്സ് സ്ഥാപകനും സിഇഒയുമായ യോങ്ഹോ ലീ പറയുന്നു.
റെക്കോർഡ് പ്രീ-സെയിൽ കലക്‌ഷനിലൂടെ ഇന്ത്യയിൽ വലിയ തരംഗമായിരിക്കുന്ന മാർക്കോ അതിന്‍റെ സാങ്കേതിക മികവ്, ശക്തമായ കഥപറച്ചിൽ, അഭിനേതാക്കളുടെ സമാനതകളില്ലാത്ത പ്രകടനമികവ് എന്നിവയിന്മേൽ ഇതിനകം പ്രശംസ നേടിയിട്ടുണ്ട്. കൊറിയൻ സിനിമ വിപണിയിലേക്കുള്ള മാർക്കോയുടെ പ്രവേശനം ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ഒരു നിർണായക നിമിഷമാണ്. ബാഹുബലിക്കു ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നിലയിൽ, ഈ നേട്ടം മലയാള സിനിമയുടെ വർധിച്ചുവരുന്ന ആഗോള ആകർഷണത്തിന് അടിവരയിടുക മാത്രമല്ല, മലയാള ചലച്ചിത്ര ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തെ എടുത്തുകാണിച്ചിരിക്കുകയുമാണ്.
ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാക്കളും ദക്ഷിണ കൊറിയയും തമ്മിലുള്ള വർധിച്ച സഹകരണത്തിന് ഇത് അരങ്ങൊരുക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. ഇത് കൊറിയയുമായുള്ള സിനിമാ പങ്കാളിത്തത്തിന്റെ ഒരു പുതിയ യുഗം വളർത്തുമെന്നുമാണ് പ്രതീക്ഷ. ക്രോസ്-കൾച്ചറൽ കൈമാറ്റത്തിനുള്ള അപാരമായ സാധ്യതകള്‍ ഇതിലൂടെ കൈവന്നിരിക്കുകയാണ്. രണ്ട് സിനിമാ വ്യവസായങ്ങളെയും സമ്പന്നമാക്കുകയും ദക്ഷിണേന്ത്യൻ സിനിമയുടെ ആഗോള സാന്നിധ്യം പുനർനിർവചിക്കുകയും ചെയ്തിരിക്കുകയാണ് ഇതിലൂടെ മാർക്കോ.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.
ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തു. തമിഴ് പതിപ്പ് ജനുവരി മൂന്നിനാണ് പുറത്തിറങ്ങുക. മാര്‍ക്കോയിലെ ആക്‌ഷന്‍-വയലന്‍സ് രംഗങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായിരുന്നു. ലോകസിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അതിവിദഗ്ധമായാണ് സംവിധായകനും കൂട്ടരും ഈ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് പരക്കെയുള്ള അഭിപ്രായം.
Source link