INDIA

ഭോപാൽ ദുരന്തം: 377 ടണ്‍ വിഷാവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി; കത്തിത്തീരാൻ 353 ദിവസം?

ഭോപാൽ ദുരന്തം: 377 ടണ്‍ വിഷാവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി; കത്തിത്തീരാൻ 353 ദിവസം? | മനോരമ ഓൺലൈൻ ന്യൂസ്- bhopal india news malayalam | Bhopal Gas Tragedy | 377 Tonnes of Toxic Waste Begins its Journey to Incineration | Malayala Manorama Online News

ഭോപാൽ ദുരന്തം: 377 ടണ്‍ വിഷാവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി; കത്തിത്തീരാൻ 353 ദിവസം?

ഓൺലൈൻ ഡെസ്ക്

Published: January 02 , 2025 10:31 AM IST

1 minute Read

ഭോപാൽ∙ വാതകദുരന്തം നടന്ന് 40 വർഷങ്ങൾക്കുശേഷം ദുരന്ത സ്ഥലത്തെ 377 ടണ്‍ വിഷാവശിഷ്ടങ്ങൾ നശിപ്പിക്കുന്നതിനായി അവിടെനിന്നു മാറ്റിത്തുടങ്ങി. 12 കണ്ടെയ്നറുകളിലാണ് വിഷാവശിഷ്ടങ്ങൾ മാറ്റുന്നത്. 250 കിലോമീറ്റർ അകലെ ഇൻഡോറിനു സമീപമുള്ള പീതാംപുറിലെ ഇൻസിനറേഷൻ പ്ലാന്റിലേക്കാണ് അതീവ സുരക്ഷയിൽ വിഷാവശിഷ്ടങ്ങൾ നീക്കുന്നത്. പീതാംപുർ വരെയുള്ള പാതയിൽ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. പൊലീസ് വാഹനങ്ങൾക്കുപുറമെ ആംബുലൻസുകൾ, അഗ്നിരക്ഷാസേനാ വാഹനങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സുരക്ഷാക്രമീകരണങ്ങൾ നിരീക്ഷിക്കുന്നത്. 

തീപിടിത്തത്തെ പ്രതിരോധിക്കുന്ന, ചോർച്ചയില്ലാത്ത പ്രത്യേകമായി ഡിസൈൻ‍ ചെയ്ത 12 കണ്ടെയ്നറുകളാണ് വിഷാവശിഷ്ടങ്ങൾ നീക്കാൻ ഉപയോഗിക്കുന്നത്. ഓരോ കണ്ടെയ്നറിനും 30 ടണ്ണോളം വിഷാവശിഷ്ടങ്ങൾ വഹിക്കാൻ സാധിക്കും. രാസപ്രതിപ്രവർത്തനങ്ങൾ ഉണ്ടാകാതിരിക്കാൻ വലിയ എച്ച്ഡിപിഇ ബാഗുകളിലാണ് ഇവ കൊണ്ടുപോകുന്നത്. വിഷാവശിഷ്ടങ്ങൾ മാറ്റുന്നതിനു മുന്നോടിയായി യൂണിയൻ കാർബൈഡ് ഫാക്ടറിയുടെ 200 മീറ്റർ ചുറ്റളവ് പൊലീസ് സീൽ ചെയ്തിരുന്നു. 200ൽ പരം തൊഴിലാളികൾ 30 മിനിറ്റ് നീണ്ടുനിൽക്കുന്ന ചെറിയ ഷിഫ്റ്റുകളിലായി ജോലി ചെയ്താണ് വിഷാവശിഷ്ടങ്ങൾ സുരക്ഷിതമായി കണ്ടെയ്നറുകളിലേക്കു മാറ്റിയത്. പിപിഇ കിറ്റ് ധരിച്ചായിരുന്നു വിഷാവശിഷ്ടങ്ങൾ നീക്കം ചെയ്തത്.

അതേസമയം, വിഷാവശിഷ്ടങ്ങൾ പീതാംപുറിലെ ഇൻസിനറേഷൻ പ്ലാന്റിലെത്തിക്കുന്നതിനെതിരെ ജനങ്ങൾക്കു ശക്തമായ എതിർപ്പുണ്ട്. നാളെ നഗരം പൂർണമായി അടച്ചിടാൻ 10ൽ അധികം സംഘടനകൾ ആഹ്വാനം ചെയ്തു. പിതാംപുറിനു പകരം വിദേശത്തേക്കുവേണം വിഷാവശിഷ്ടങ്ങൾ കടത്തേണ്ടതെന്നാണ് ഇവരുടെ നിലപാട്. ഈ വിഷാവശിഷ്ടങ്ങൾ 25 അടി ഉയരത്തിൽ സ്ഥാപിച്ച പ്രത്യേക പ്ലാറ്റ്‌ഫോമിലാണ് കത്തിക്കുക. പ്രത്യേക മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് കത്തിക്കുക. മണിക്കൂറിൽ 90 കിലോ വീതം കത്തിക്കുക എന്ന വേഗത്തിൽ പോയാൽ 153 ദിവസമെടുക്കും 377 ടൺ കത്തിത്തീരാൻ. മണിക്കൂറിൽ 270 കിലോ വീതം കത്തിച്ചാൽ 51 ദിവസം കൊണ്ട് പൂർണമായി കത്തിത്തീരും. 
യൂണിയൻ കാർബൈഡ് കമ്പനിയുടെ രാസകീടനാശിനി ഫാക്ടറിയിൽ നിന്നു മീതൈൽ ഐസോസയനേറ്റ് വിഷവാതകം ചോർന്ന് ദുരന്തമുണ്ടായത് 1984 ഡിസംബർ 2–3 തീയതികളിലായിരുന്നു. 5479 പേരാണ് അന്ന് മരിച്ചത്. അഞ്ചു ലക്ഷത്തിലേറെപ്പേരായിരുന്നു അന്ന് ദുരിതം അനുഭവിച്ചത്. ജനുവരി മൂന്നിന് പീതാംപുറിലെത്തിക്കുന്ന വിഷാവശിഷ്ടങ്ങൾ കത്തിച്ച് ലഭിക്കുന്ന ചാരം പരിശോധിച്ച് വിഷാംശം ഇല്ലെന്ന് ഉറപ്പുവരുത്തും. മധ്യപ്രദേശ് ഹൈക്കോടതിയുടെ കർശന ശാസനയെ തുടർന്നാണ് വിഷാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത്.

English Summary:
Bhopal Gas Tragedy :377 tonnes of toxic waste removal begins; the incineration process will take up to 153 days. Concerns remain over transporting the waste to Pithampur.

4sbtgo5sd3a74p7771fv8bkcqi 5us8tqa2nb7vtrak5adp6dt14p-list mo-news-common-bhopalgastragedy 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews


Source link

Related Articles

Back to top button