സനാതന ധർമ്മം ആരുടെയും കുത്തകയല്ല : വി.ഡി.സതീശൻ

ശിവഗിരി : സനാതന ധർമ്മം ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ലെന്നും , ഈ രാജ്യത്തെ മുഴുവൻ പേരുടെയും പാരമ്പര്യവും പൈതൃകവുമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വിഭാഗം പേരുടെ അവകാശമായി സനാതന ധർമ്മത്തെ ചാർത്തിക്കൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രി ഉദ്ദ്യേശിച്ച ആളുകളുടേതല്ല സനാതന ധർമ്മം. തീർത്ഥടന സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ അഭിപ്രായത്തോട് വിയോജിക്കുന്നു. സനാതന ധർമ്മം എങ്ങനെയാണ് ചാതുർവണ്യത്തിന്റെയും വർണാശ്രമത്തിന്റെയും ഭാഗമാകുന്നതെന്ന് മനസിലാകുന്നില്ല.രാജ്യത്തിന്റെ മഹിതമായ പാരമ്പര്യത്തിന്റെ, സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണത്. .വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവയിൽ നിന്നുള്ള സാരാംശം ഉൾക്കൊണ്ട സാംസ്‌കാരിക പാരമ്പര്യവുമാണ്. ഇടക്കാലത്ത് ഉപയോഗിക്കുമായിരുന്ന കാവി വത്കരണമെന്ന തെറ്റായ പ്രയോഗം പോലെയാണിതും. കാവി ഉടുക്കുന്നവരും അമ്പലത്തിൽ പോകുന്നവരും ചന്ദനം തൊടുന്നവരുമെല്ലാം ഒരു വിഭാഗത്തിൽ മാത്രം ഉൾപ്പെട്ടതാണോ.എല്ലാ ഹൈന്ദവരെയും അവിടേക്ക് തെളിച്ചു വിടലാണോ നമ്മുടെ ജോലി. ഒരു ജാതി ഒരു മതം ഒരു ദൈവമെന്ന് ഗുരുദേവൻ പറഞ്ഞത് സനാതന ധർമമാണ്. വർഗീയമായി ചേരിതിരിവുണ്ടാക്കാൻ ചിലർ കാത്തിരിക്കുകയാണ്. പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന അവസ്ഥയാണ് .സംസാരിക്കുമ്പോൾ പോലും വളരെ സൂക്ഷിക്കണമെന്നും സതീശൻ പറഞ്ഞു.
Source link