പാരമ്പര്യത്തെ ചോദ്യം ചെയ്യലല്ല പ്രശ്ന പരിഹാരം: ജോർജ് കുര്യൻ
ശിവഗിരി: രാജ്യത്തിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യലല്ല വേണ്ടത്, മറിച്ച് വർത്തമാനകാല വിഷയങ്ങളെ അഭിസംബോധന ചെയ്യലാണെന്ന് കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ. ഇന്നത്തെ തലമുറയ്ക്ക് എന്തു നൽകാനാവും എന്ന് ചിന്തിക്കണം..92-ാമത് ശിവഗിരി തീർത്ഥാടന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുരോഗതിയെക്കുറിച്ച് ഏറെ പറയുമ്പോഴും നമ്മൾ എവിടെ എത്തിനിൽക്കുന്നുവെന്ന് ചിന്തിക്കണം. ആഭിചാരക്രിയകളും അനാചാരങ്ങളും ഏറിവരുകയാണ്. ഇവിടെയാണ് ഗുരുദേവ ദർശനത്തിന്റെ പ്രസക്തി. ഏത് രാഷ്ട്രീയ പാർട്ടിയുടെ പ്രകടന പത്രിക നോക്കിയാലും അതിന്റെ അടിസ്ഥാനം ഗുരു ശിവഗിരി തീർത്ഥാടനത്തിനായി നിർദ്ദേശിച്ച വിഷയങ്ങളാണെന്ന് കാണാം. അടിസ്ഥാനവർഗ്ഗത്തിന്റെ സ്വാതന്ത്ര്യത്തിനായിട്ടാണ് ഗുരു നിലകൊണ്ടത്. വത്തിക്കാനിൽ നടന്ന ലോക മതപാർലമെന്റോടെ പൗരസ്ത്യചിന്തകളിൽ ഒരു ജ്യോതിർഗോളമായി ഗുരുമാറി. പൗരസ്ത്യരെ നമ്മൾ അനുകരിക്കുക മാത്രമല്ല, അവർ നമ്മളെ അനുകരിക്കുന്ന സ്ഥിതിയിലേക്കും എത്തിയിരിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻ.കെ.പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിശിഷ്ടാതിഥിയായിരുന്നു. മുൻ എം.എൽ.എ വർക്കല കഹാർ, ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനുചാക്കോ, വർക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാസുന്ദരേശൻ, വർക്കല നഗരസഭ പ്രതിപക്ഷനേതാവ് ആർ.അനിൽകുമാർ, ഗുരുധർമ്മപ്രചരണസഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ, ജി.ഡി.പി.എസ് കോ ഓർഡിനേറ്റർ അനിൽതടാലിൽ, വർക്കല നഗരസഭ കൗൺസിലർ രാഖി , കെ.മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
ശ്രിനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നന്ദിയും പറഞ്ഞു.
ആധുനിക കേരളത്തിന് ഗുരു
അടിത്തറ പാകി:എൻ.കെ.പ്രേമചന്ദ്രൻ
ശിവഗിരി: ആധുനിക കേരളത്തിന്റെ അടിത്തറ പാകിയത് ഗുരുദേവൻ നടത്തിയ മൂന്ന് പ്രതിഷ്ഠകളാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ശിവഗിരി തീർത്ഥാടന സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ കൊടിയ വിവേചനവും ചാതുർവർണ്യവും അടിച്ചമർത്തലും ഉൾപ്പെടെയുള്ള സാമൂഹിക വ്യവസ്ഥ നിലനിൽക്കുമ്പോഴാണ് 1888-ൽ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. ശാന്തനും സൗമ്യനുമായി ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ ഏറ്റവും വലിയ നിശബ്ദ സാമൂഹിക വിപ്ളവമായിരുന്നു. പൗരോഹിത്യ മതത്തെ ജനകീയവത്കരിച്ച ചരിത്രപരമായ വിപ്ളവം. 1903-ൽ എസ്.എൻ.ഡി.പി യോഗം സ്ഥാപിച്ചുകൊണ്ട് ശിഥിലമായ വർഗ്ഗബോധം ഉണ്ടായിരുന്ന ഒരു സമൂഹത്തെ അദ്ദേഹം സംഘടിപ്പിച്ചു. സംഘടനാപരമായ ആ പ്രതിഷ്ഠ വലിയ ഐക്യബോധമുണ്ടാക്കി, സാമൂഹിക നീതിയിലേക്ക് മുന്നേറാൻ സഹായിച്ചു. 1912-ൽ വിദ്യാദേവതയായ ശാരദാപ്രതിഷ്ഠ നടത്തി. അറിവ് എല്ലാവർക്കും പ്രാപ്യമാക്കുകയായിരുന്നു ആ പ്രതിഷ്ഠയുടെ ലക്ഷ്യം. 19-ാം നൂറ്റാണ്ടിൽ പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന് ചാവറഅച്ചൻ പറഞ്ഞപോലെ ഒരു ഘട്ടമെത്തിയപ്പോൾ ഗുരു പറഞ്ഞത് ഇനി വേണ്ടത് ക്ഷേത്രങ്ങളല്ല, വിദ്യാലയങ്ങളാണ് എന്നാണ്. അറിവിന്റെ ശക്തി തിരിച്ചറിഞ്ഞ ലോകഗുരുവായിരുന്നു ശ്രീനാരായണഗുരു. മതാതീത ആത്മീയത എന്ന മഹദ് ദർശനമാണ് അദ്ദേഹം പകർന്ന് നൽകിതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
Source link