KERALAM

മലയാള സാഹിത്യത്തെപ്പറ്റി വിലപിക്കേണ്ട :കൽപ്പറ്റ

ശിവഗിരി: മലയാള സാഹിത്യത്തിന് എന്തെങ്കിലും കുറവ് സംഭവിച്ചെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് നോവലിസ്റ്റും നിരൂപകനുമായ കല്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. മലയാള സാഹിത്യത്തിൽ മികച്ച കൃതികൾ ധാരാളമുണ്ടായിരുന്നു. അവയെല്ലാം ഇപ്പോഴും വായിക്കപ്പെടുന്നുമുണ്ട്. അതിനാൽ പോയകാലം പോയെന്ന് വിലപിക്കേണ്ട കാര്യമില്ലെന്നും ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. പുതിയ എഴുത്തുകാർക്ക് വലിയ സ്വാതന്ത്ര്യം കിട്ടുന്നുണ്ട്. ലോക കവിയാവാനുള്ള വൈഭവം കുമാരനാശാനുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ കവിതകൾ മറ്റു ഭാഷയിലേക്ക് വിവർത്തനം ചെയ്യുമ്പോൾ ദുർബ്ബലപ്പെടുന്ന അവസ്ഥയുണ്ട്.

ശ്രീനാരായണഗുരുവിനെ തിരിച്ചറിഞ്ഞാൽ മലയാള സാഹിത്യത്തിന് പ്രതീക്ഷാനിർഭരമായ ഭാവിയുണ്ടെന്ന് അദ്ധ്യക്ഷത വഹിച്ച കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ പറഞ്ഞു. ഗുരുദർശനം ലോകമെമ്പാടും കൂടുതൽ ശ്രദ്ധേയമാവുന്നതിന്റെ ചില അനുരണനങ്ങൾ കാണാനാവുന്നുണ്ട്. ഒരു വെളിച്ചം പോലെ അത് കടന്നുവരികയാണ്. ആചാരത്തിൽ അധിഷ്ഠിതമായിരുന്ന കുടുംബബന്ധങ്ങൾക്ക് സ്നേഹമെന്ന മഹത്തായ അടിത്തറ കൊണ്ടുവന്നത് ഗുരുവിന്റെ നവോത്ഥാന പ്രവർത്തനങ്ങളാണ്.

കവിയും ഗാനരചയിതാവുമായ റഫീക്ക്അഹമ്മദ്, നിരൂപകൻ ഡോ.എൻ.പി.വിജയകൃഷ്ണൻ, ഷീജ വക്കം, ഡോ.എൻ.വിശ്വരാജൻ കുടവട്ടൂർ, കെ.സുദർശനൻ, ഡോ.പത്മകുമാർക്ളാപ്പന, ഡോ.വെള്ളിമൺ നെൽസൺ എന്നിവർ പങ്കെടുത്തു. സ്വാമി അവ്യയാനന്ദ സ്വാഗതവും ഡോ.എസ്.ജയപ്രകാശ് നന്ദിയും പറഞ്ഞു.


Source link

Related Articles

Back to top button