KERALAM

പണം ചോദിച്ചിട്ട് കൊടുത്തില്ല; ലഹരിക്കടിമയായ മകൻ മാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: ലഹരിക്കടിമയായ മകന്റെ വെട്ടേറ്ര് ഗുരുതരപരിക്കുകളോടെ മാതാവിനെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ കാരയ്ക്കാമണ്ഡപം ശിവക്ഷേത്രത്തോടു ചേർന്ന് മേടയിൽ വീട്ടിൽ താമസിക്കുന്ന ഖാദറിന്റെ മകൻ മുസമ്മിലാണ് (23) പണം നൽകാത്തതിന്റെ പേരിൽ അമ്മ സാജിതയെ (40) കറിക്കത്തിക്ക് വെട്ടിപ്പരിക്കേൽപ്പിച്ചത്.

ഇവരെക്കൂടാതെ മറ്രാരും അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല.ആക്രമണത്തിൽ സാജിതയുടെ തലയ്ക്കും മുഖത്തും ഇടതു കൈയ്ക്കും പരിക്കേറ്രു.വെട്ടേറ്റു നിലവിളച്ചുകൊണ്ട് പുറത്തേയ്ക്കോടിയ സാജിതയെ കണ്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. ഇവർ അറിയിച്ചതിനെ തുടർന്ന് നേമം എസ്.ഐ സുധിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മുസമ്മിലിനെ കസ്റ്റഡിയിലെടുക്കുകയും സാജിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് 6ഓടെയായിരുന്നു സംഭവം.

മുസമ്മിൽ പണം ചോദിച്ചെങ്കിലും ലഹരിക്കടിമയായ മകന് സാജിത പണം നൽകിയില്ല. ഇതിന്റെ വൈരാഗ്യത്തിൽ ഇയാൾ കറിക്കത്തി കൊണ്ട് സാജിതയെ തലങ്ങും വിലങ്ങും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.പൊലീസ് എത്തുമ്പോൾ ഇയാൾ വീട്ടിൽ തന്നെയുണ്ടായിരുന്നു.കസ്റ്റഡിയിലെടുത്ത മുസമ്മിലിനെ ചോദ്യം ചെയ്തു വരുന്നു.സാജിതയുടെ നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കിഴക്കേകോട്ടയിൽ ജ്യൂസ് കടയിലെ തൊഴിലാളിയാണ് മുസമ്മിൽ. പിതാവ് കിഴക്കേകോട്ടയിൽ ഫ്രൂട്ട്സ് കച്ചവടക്കാരനാണ്.


Source link

Related Articles

Back to top button