സോഷ്യൽ മീഡിയയിലൂടെ സൗഹൃദം, വിവാഹാഭ്യർത്ഥന നിരസിച്ച 21കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച് യുവതി
ലക്‌നൗ: വിവാഹാഭ്യർത്ഥന നിരസിച്ച 21കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതിക്കെതിരെ കേസ്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ബികോം വിദ്യാർത്ഥിയായ ധീരജ് ആണ് ആക്രമണത്തിനിരയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ പ്രിയ എന്ന യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രിയയും ധീരജും സമൂഹമാദ്ധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് യുവതി വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും യുവാവ് നിരസിക്കുകയായിരുന്നു. പിന്നാലെ യുവതി ധീരജിനെ വിളിച്ചുവരുത്തി പാനീയത്തിൽ മരുന്ന് കലർത്തി മയക്കിയതിനുശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ രണ്ടുപേരെ ഏർപ്പാടാക്കുകയായിരുന്നു.
പ്രിയയും ധീരജും ആറുമാസം മുൻപാണ് പരിചയത്തിലായതെന്ന് ധീരജിന്റെ പിതാവ് ഹൻസ്‌രാജ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പിന്നാലെ ധീരജിനെ കാണാൻ പ്രിയ ഗ്രേറ്റർ നോയിഡയിലെത്തി. തുടർന്ന് ഇരുവരും കാറിൽ സഞ്ചരിക്കുന്നതിനിടെ പ്രിയ ധീരജിന്റെ പാനീയത്തിൽ മയക്കുമരുന്ന് കലർത്തുകയും കൊലപ്പെടുത്താൻ രണ്ടുപേരെ വിളിച്ചുവരുത്തുകയും ചെയ്തെന്നും പരാതിയിൽ ആരോപിക്കുന്നു.
ധീരജ് കാറിൽ ബോധരഹിതനായി കിടക്കുന്നതുകണ്ട ചില പരിചയക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രിയയ്ക്കും രണ്ട് സുഹൃത്തുക്കൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Source link