ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ലോറിയിലിടിച്ചു, ആലപ്പുഴയിൽ 60കാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടർ ഒരേദിശയിൽ വന്ന ലോറിയിലിടിച്ച് 60കാരിക്ക് ദാരുണാന്ത്യം. തണ്ണീർമുക്കം സ്വദേശി അപ്പുക്കുട്ടന്റെ ഭാര്യ രതിയാണ് മരിച്ചത്. ദേശീയപാതയിൽ പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. അപ്പുക്കുട്ടനായിരുന്നു സ്‌കൂട്ടർ ഓടിച്ചിരുന്നത്. ലോറിയ്ക്കടിയിൽ രതി അകപ്പെടുകയായിരുന്നു. അപ്പുക്കുട്ടൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. രതിയുടെ മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, തൃശൂരിൽ ടോറസ് ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് അപകടം. മിണാലൂരിലാണ് സംഭവം. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് ബസ് പിന്നിൽ വന്ന് ഇടിച്ചത്. അപകടത്തിൽ ബസിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബസിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചിരുന്നു.അരുവിക്കര സ്വദേശിയായ ഷാലു അജയ് (21)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരമാണ്. ഇന്നലെ രാത്രി പതിനൊന്നരക്കാണ് അപകടമുണ്ടായത്. ബൈക്ക് എതിരെ വന്ന ഓട്ടോയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കും ഓട്ടോയും പൂർണ്ണമായി തകർന്നിട്ടുണ്ട്. ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഷാലുവിനൊപ്പമുണ്ടായിരുന്ന ആളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Source link