ഹാപ്പി ന്യൂഇയർ പറഞ്ഞില്ല; തൃശൂരിൽ യുവാവിനെ 24 തവണ കുത്തി, ഗുരുതരാവസ്ഥയിൽ
തൃശൂർ: ഹാപ്പി ന്യൂഇയർ പറയാത്തതിന് യുവാവിനെ കുത്തി. തൃശൂർ മുള്ളൂർക്കരയിലാണ് സംഭവം. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാഫിയാണ് സുഹൈബിനെ കുത്തിയത്. പുതുവത്സരാശംസ നേരാത്തതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
സുഹൈബും നാല് സുഹൃത്തുക്കളും ചെറുതുരുത്തിയിൽ നിന്ന് ഗാനമേള കഴിഞ്ഞ് മടങ്ങുന്നതിനിടെ മുള്ളൂർക്കരയിലെ ഒരു ബസ് സ്റ്റോപ്പിൽ കയറിയിരുന്നു. ഷാഫിയും സുഹൃത്തുക്കളും അവിടേക്കെത്തുകയും ഇവരോട് ഹാപ്പി ന്യൂഇയർ പറയുകയും ചെയ്‌തു. എന്നാൽ, സുഹൈബും കൂട്ടുകാരും തിരികെ പറഞ്ഞില്ല. തുടർന്നുണ്ടായ തർക്കത്തിലാണ് സുഹൈബിന് കുത്തേറ്റതെന്നാണ് നിഗമനം.
നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൈബ് ഗുരുതരാവസ്ഥയിലാണ്. 24 കുത്തേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
തൃശൂരിൽ പുതുവത്സരാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ ഞെട്ടൽ മാറുന്നതിന് മുമ്പാണ് വീണ്ടും കത്തിക്കുത്ത് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയാണ് യുവാവ് കുത്തേറ്റ് മരിച്ചത്. പാലിയം റോഡിൽ എടക്കളത്തൂർ വീട്ടിൽ ടോപ് റസിഡൻസിയിൽ ജോൺ ഡേവിഡിന്റെ മകനാണ് കൊല്ലപ്പെട്ട ലിവിൻ ( 29 ). പിടിയിലായവരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ലിവിനാണ് ആദ്യം കത്തി വീശിയതെന്നാണ് മൊഴി നൽകിയത്. എന്നാൽ, പ്രതികളായ വിദ്യാർത്ഥികളെ സ്വഭാവ ദൂഷ്യത്തിന് സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും പറയുന്നുണ്ട്.
Source link