‘ഒരാളിൽ നിന്ന് വാങ്ങിയത് 2900 രൂപ, അതിൽ ഉൾപ്പെടുത്തിയാണ് സാരി നൽകിയത്’; വിശദീകരണവുമായി മൃദംഗ വിഷൻ
തൃശൂർ: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കാഡ‌് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയിലെ പണപ്പിരിവ് സംബന്ധിച്ച വിവാദത്തിൽ വിശദീകരണവുമായി മൃദംഗ വിഷൻ എംഡി എം നിഘോഷ്‌കുമാർ രംഗത്ത്. 2900 രൂപ ഒരാളിൽ നിന്ന് വാങ്ങിയെന്നും അതിൽ ഉൾപ്പെടുത്തിയാണ് സാരി നൽകിയതെന്നും നിഘോഷ്‌കുമാർ വ്യക്തമാക്കി. മൃദംഗ വിഷനെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു.
‘2900 രൂപയാണ് ഒരാളിൽ നിന്ന് വാങ്ങിയത്. അതിൽ ഉൾപ്പെടുത്തിയാണ് സാരി നൽകിയത്. 390 രൂപയുടെ സാരി 1600 രൂപയ്ക്ക് നൽകിയിട്ടില്ല. രണ്ട് പാട്ടുസാരി, ലഷു ഭക്ഷണം എന്നിവയാണ് ഒരാൾക്ക് വാഗ്ദാനം ചെയ്തത്. 3.5 കോടി രൂപ ശേഖരിച്ചു. 3.10 കോടി രൂപ ചെലവായി. 24 ലക്ഷം രൂപ ഗിന്നസ് വേൾഡ് റെക്കോഡിന് കെെമാറി. എല്ലാ പണമിടപാടും ബാങ്കുവഴിയാണ് നടന്നത്.
ജിഎസ്ടി കഴിച്ച് ഉള്ള കണക്ക് ആണ് 3.56കോടി. ഒരു രൂപ പോലും സാരി ഇനത്തിൽ അധികമായി വാങ്ങിയിട്ടില്ല. ജിഎസ്ടി കിഴിച്ച് ഒരാളിൽ നിന്ന് 2900 വാങ്ങി. ഇൻഡിവിജ്വലായി ഗിന്നസ് റെക്കോഡ് സർട്ടിഫിക്കറ്റ് ലഭിക്കും. അത് ഞങ്ങളും ഗിന്നസും തമ്മിലുള്ള കരാറാണ്. രണ്ട് മാസമാണ് അതിനുള്ള പ്രോസസിംഗ് ടെെം.
എംഎൽഎക്ക് സംഭവിച്ച അപകടത്തിൽ ഖേദിക്കുന്നു. റെക്കോഡ് പൂർത്തിയയതിന് ശേഷമുള്ള നാല് മണിക്കൂർ പ്രോഗ്രാമുകൾ ഞങ്ങൾ ഉപേക്ഷിച്ചു. പക്ഷേ റെക്കോഡിനായുള്ള പരിപാടി ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു. പല സ്ഥലത്ത് നിന്ന് എത്തിയ ആളുകളാണ്. അവരെ മടടക്കി അയയ്ക്കാൻ കഴിയില്ല. കൊച്ചിയിലെ ഇവർമാനേജ്മെന്റ് കമ്പനിയാണ് പെർമിഷൻ കാര്യങ്ങൾ നോക്കിയത്. അതിനുള്ള പണം അവർക്ക് കെെമാറിയിട്ടുണ്ട്. എല്ലാ പെർമിഷനും അവർ എടുത്തിട്ടുണ്ടെന്നാണ് ഞങ്ങളെ അറിയിച്ചത്. സുരക്ഷാ വീഴ്ച സംഭവിച്ചതായി തോന്നുന്നില്ല’,- നിഘോഷ്‌കുമാർ പറഞ്ഞു.
അതേസമയം, ഒരു മന്ത്രിയും എംഎൽഎയുമടക്കം വിഐപികളും 15000ലേറെ പേർ പങ്കെടുക്കുകയും ചെയ്ത മെഗാ നൃത്തസന്ധ്യ സ്റ്റേഡിയത്തിൽ മൃദംഗ വിഷൻ സംഘടിപ്പിച്ചത് പല അനുമതികളുമില്ലാതെയാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സംഭവത്തിൽ നൃത്തപരിപാടി സംഘടകർക്കെതിരെ പൊലീസ് കേസെടുത്തു. എം നിഘോഷ്‌കുമാർ (40), ഇയാളുടെ ഭാര്യ, മൃദംഗ വിഷൻ സി.ഇ.ഒ ഷെമീർ അബ്ദുൾ റഹീം, നൃത്ത അദ്ധ്യാപിക എന്നിവരടക്കം അഞ്ച് പേരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.
Source link