KERALAM

കൽപ്പറ്റയിൽ അഞ്ച് സെന്റിലും നെടുമ്പാലയിൽ പത്ത് സെന്റിലും വീട്, പുനരധിവാസ നി‌ർമാണ ചുമതല ഊരാളുങ്കലിന്

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല പുനരധിവാസം സംബന്ധിച്ച് ക്യാബിനറ്റ് ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമ്പാല എസ്റ്റേറ്റിലും കൽപ്പറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലുമായാണ് മോഡൽ ടൗൺഷിപ്പുകൾ ഉയർന്നുവരുന്നതെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വിശദീകരിച്ചു. മുഖ്യമന്ത്രിക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അവർ.

‘കൽപ്പറ്റ ടൗൺഷിപ്പിലായിരിക്കും കൂടുതൽ പ്ളോട്ടുകൾ ഉണ്ടാവുക. അഞ്ച് സെന്റ് വീതമുള്ള പ്ളോട്ടിൽ ആയിരം ചതുരശ്ര അടിയിലെ വീടുകളായിരിക്കും നിർമിക്കുക. റോ‌ഡുകളും പാർക്കുകളും പൊതുജനങ്ങൾക്ക് ആവശ്യമായ മറ്റ് സൗകര്യങ്ങളും ഉണ്ടാവും. സുസ്ഥിരമായ രീതിയിലെ നിർമാണ പ്രവർത്തനമായിരിക്കും നടത്തുക. ആർസിസി ഫ്രെയിമിലെ നിർമാണമായിരിക്കും. ദേശീയ പാതയ്ക്ക് സമീപമായാണ് ടൗൺഷിപ്പ് വരുന്നത്.

നെടുമ്പാല കുറച്ചുകൂടി മലയോര പ്രദേശമാണ്. മേപ്പാടി പഞ്ചായത്തിലാണ് നെടുമ്പാല ഉൾപ്പെടുന്നത്. ഇവിടെ പത്ത് സെന്റിൽ ആയിരം ചതുരശ്ര അടിയിലാണ് വീടുകൾ നിർമിക്കുന്നത്. രണ്ടുനില കെട്ടാനുള്ള സൗകര്യംകൂടി ഉൾപ്പെടുത്തിയായിരിക്കും വീടിന് അടിസ്ഥാനമിടുന്നത്. വീടുകളിൽ പാർക്കിംഗ് സൗകര്യങ്ങൾ ഉണ്ടാവും. ക്ളസ്റ്റർ മാതൃകയിലായിരിക്കും വീടുകൾ നിർമിക്കുക’- ചീഫ് സെക്രട്ടറി വ്യക്തമാക്കി.

‘ഉപജീവനമാർഗം ഉൾപ്പെടെയുള്ള പുനരധിവാസമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സഹായങ്ങളും ഏകോപിപ്പിച്ചായിരിക്കും പദ്ധതി പൂർത്തിയാക്കുക. എൽസ്റ്റോൺ എസ്റ്റേറ്റിലും 58.5 ഹെക്‌ടറും നെടുമ്പാലയിൽ 48.96 ഹെക്‌ടറുമാണ് ഏറ്റെടുക്കുക. ‌‌ഡ്രോൺ സർവേയിലൂടെയാണ് ഭൂമി കണ്ടെത്തിയത്. ഇപ്പോൾ ഫീൽഡ് സർവേ നടക്കുകയാണ്. വീടുകൾക്ക് പുറമെ മാർക്കറ്റ്, ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, ശുചിത്വ സംവിധാനങ്ങൾ തുടങ്ങിയവ ഉണ്ടാകും.

ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമ പട്ടിക ജനുവരി 25നകം പുറത്തിറക്കാൻ കഴിയും വിധമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ദുരന്തത്തിനിരയായവർക്ക് ഉപജീവനമാർഗം ഒരുക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ മൈക്രോ പ്ളാൻ സർവേ നടത്തി. മേപ്പാടി പഞ്ചായത്തിലെ 4658 പേരിലാണ് സർവേ നടത്തിയത്. ഇതിൽ 79 പേർ മൃഗസംരക്ഷണ മേഖല, 192 പേർ കാർഷിക മേഖല, 1034 പേർ സൂക്ഷ്മ സംരംഭങ്ങളും, 585 പേ‌ർ മറ്റ് വരുമാന പ്രവർത്തനങ്ങളുമാണ് തിരഞ്ഞെടുത്തത്. ടൗൺഷിപ്പിലേയ്ക്ക് പുനരധിവസിക്കപ്പെട്ടതിന് ശേഷവും ദുരന്തമേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശവും അവർക്ക് തന്നെയായിരിക്കും.

പ്രോജക്‌ട് മാനേജ്‌‌മെന്റ് കൺസൾട്ടൻസിയായി കിഫ്‌‌ബിയെ ചുമതലപ്പെടുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. തൊഴിലുടമയുടെ പ്രതിനിധിയായി കിഫ്‌ബിയുടെ അനുബന്ധ സ്ഥാപനമായ കിഫ്‌കോണിനെ ചുമതലപ്പെടുത്തും. ധന- നിയമ വകുപ്പുകളുടെ അഭിപ്രായപ്രകാരം ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയെ നിർമാണങ്ങൾക്കുള്ള കരാറുകാരായി നാമനിർദേശം ചെയ്യാനും തീരുമാനമായി. ത്രിതല സംവിധാനമാണ് പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ ഉണ്ടാവുക. മുഖ്യമന്ത്രി അദ്ധ്യക്ഷനായ വയനാട് പുനർനിർമാണ സമിതിക്കായിരിക്കും പദ്ധതിയുടെ നേതൃത്വം. പ്രതിപക്ഷ നേതാവും മറ്റ് മന്ത്രിമാരും ഉൾപ്പെടുന്ന ഉപദേശക സമിതിയും രൂപീകരിക്കും. സ്ഥിരമായ പുനരധിവാസത്തിന് ഒരു കുടുംബത്തിന് വേണ്ടിവരുന്ന നിരക്ക് പത്തുലക്ഷം രൂപയാണ്’- മുഖ്യമന്ത്രി വ്യക്തമാക്കി.


Source link

Related Articles

Back to top button