"എന്റെ എം. ടി. കഥകൾ" – സോഹൻലാൽ
“എം. ടി. വാസുദേവൻനായർ എന്ന മഹാവൃക്ഷത്തിന്റെ തണലിൽ ഒരല്പനേരം ഇരിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. അതൊരു മഹാഭാഗ്യമാണ്. ആ തണലിലിരുന്നു ഞാൻ കണ്ട ഇലയനക്കങ്ങളും നിഴൽചിത്രങ്ങളും ഓർത്തെടുത്തു പങ്കുവയ്ക്കുകയാണിവിടെ.” – സോഹൻലാൽ
ഭാഗം 1
അന്ന് വൈകുന്നേരമാണ് എം. ടി യെ ഞാൻ ആദ്യമായി കണ്ടത്!
അന്നെനിക്ക് ഇരുപത്തിയൊന്ന് വയസായിരുന്നു. കോളേജ് പഠനകാലത്തോടൊപ്പം ദൂരദർശനിൽ നിന്ന് ടെലിവിഷൻ പ്രോഗ്രാം നിർമാണത്തിൽ നേടിയ പ്രവൃത്തി പരിചയം കാണിച്ചു സ്വകാര്യ ടി. വി. ചാനലുകളിൽ പ്രോഗ്രാം പ്രൊഡ്യൂസറാകാനുള്ള അപേക്ഷകൾ അയച്ചു തുടങ്ങിയ കാലം. തിരുവനന്തപുരം C-dac pace ൽ വെബ് ഡിസൈനിങ് പഠിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
എം. ടി. വാസുദേവൻനായർ ചെയർമാനായി ഡോ. എം. കെ. മുനീർ ‘ഇന്ത്യാവിഷൻ’ എന്ന ടി. വി. ചാനൽ തുടങ്ങുന്നു എന്ന വാർത്ത പത്രത്തിലാണ് കണ്ടത്. ബയോഡാറ്റയോടൊപ്പം ഒരു നോൺ ഫിക്ഷൻ ടി. വി. പരമ്പരയുടെ ആശയവും വേണമായിരുന്നു ഇന്ത്യാവിഷനിൽ പ്രോഗ്രാം പ്രൊഡ്യൂസറായി അപേക്ഷിക്കാൻ. ‘സോപാനം’ എന്ന പേരിൽ ഞാനൊരു പ്രോജക്ടിന്റെ രൂപരേഖ തയ്യാറാക്കി. മോഹിനിയാട്ടം മുതൽ കഥകളി വരെയുള്ള കേരളത്തിന്റെ തനതു കലാരൂപങ്ങൾ അഭ്യസിക്കുന്ന യുവതലമുറയ്ക്കായുള്ള ഒരു മത്സര പരമ്പരയായിരുന്നു അത്. കലാമണ്ഡലത്തിലെ കൂത്തമ്പലമായിരുന്നു ലൊക്കേഷൻ.
ഇന്ത്യാവിഷന്റെ കൊച്ചി ഓഫീസിലേക്കായിരുന്നു അപേക്ഷ അയച്ചു കൊടുത്തത്. ഒരാഴ്ചയ്ക്കകം അവിടെ നിന്നും വിളി വന്നു. ഇന്ത്യാവിഷനിലെ പ്രോഗ്രാം ഡിസൈനർ ശ്രീദേവി മോഹനായിരുന്നു വിളിച്ചത്. കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ഇന്ത്യാവിഷന്റെ ഓഫീസിൽ പോയി എം. ടി.വാസുദേവൻനായരെ നേരിട്ട് കാണാൻ അവർ സമയം നൽകി.
അന്ന് ഇന്ത്യാവിഷന്റെ HR ഹെഡ് ആയിരുന്ന സരിത ആൻ തോമസിനെയാണ് കോഴിക്കോട് ഓഫീസിൽ ഞാൻ ആദ്യം കണ്ടത്. രാവിലെ പതിനൊന്നു മണിക്കായിരുന്നു ഇന്റർവ്യൂ തീരുമാനിച്ചിരുന്നത്. ഇന്റർവ്യൂ ചെയ്യുന്നത് എം. ടി. ആയതുകൊണ്ട് രാവിലെ പത്തുമണിക്കേ ഞാൻ അവിടെ എത്തിയിരുന്നു. എം. ടി. സർ തിരക്കിലായതിനാൽ വൈകുന്നേരം 4 മണിക്കേ ഓഫീസിൽ വരൂ എന്ന് സരിത ചേച്ചി പറഞ്ഞു.
കോഴിക്കോടേക്കുള്ള ട്രെയിൻ യാത്രയിൽ ഒരിക്കൽക്കൂടി ‘മഞ്ഞു’ വായിച്ച മനസുമായാണ് ഞാനന്നവിടെ ചെന്നത്. എം.ടി. സാറിനെ കാണാൻ ഇനിയും 5 മണിക്കൂർ സമയമുണ്ട്. ‘ആദ്യമായി കോഴിക്കോട് വന്നതല്ലേ, മിട്ടായിത്തെരുവൊക്കെ ഒന്ന് കണ്ടിട്ട് വരൂ എന്ന് സരിതേച്ചി പറഞ്ഞു. ‘ശരി ചേച്ചി’ എന്നും പറഞ്ഞു ഞാനവിടെ നിന്നും ഇറങ്ങി.
വെബ്ഡിസൈനിംഗ് ക്ലാസ്സിലെ കമ്പ്യൂട്ടറിൽ യാഹൂ മെസഞ്ചറും ഓർക്കുട്ടും ഒക്കെ ഉപയോഗിച്ച് തുടങ്ങിയ കാലമായിരുന്നു അത്. യാഹൂ മെസഞ്ചറിൽ ‘sweetsine’ എന്ന പേരിൽ പരിചയപ്പെട്ട ഒരു സുഹൃത്ത് എനിക്കന്നു കോഴിക്കോടുണ്ടായിരുന്നു. ഞങ്ങളുടെ ഓൺലൈൻ പരിചയം ഫോൺ വിളികളിലേക്കു വളർന്നിരുന്നു. ഞാൻ അവളെ വിളിച്ചു. എം. ടി. യെ കാണാൻ വന്നയാളെ കാണാൻ അവൾ ഓടി വന്നു. ഞങ്ങൾ ബീച്ചിൽ പോയി. തിരകളിൽ ചാടി കളിച്ചു. കടൽത്തീരത്തെ ബാസ്കിൻ റോബിൻസിൽ നിന്ന് ഐസ് ക്രീം കഴിച്ചു.
നാലു മണി. ചെറൂട്ടി റോഡിലെ ഇന്ത്യാവിഷൻ ഓഫീസ്. എം. ടി. യുടെ മുറി. നിർവികാരനായ ഒരു നിരീക്ഷകനെ പോലെ എന്റെ മുന്നിൽ സാക്ഷാൽ എം.ടി.! ബീഡി ചുണ്ടിലേക്കടുപ്പിക്കാനായി വിരലനക്കുന്നുണ്ടെന്നല്ലാതെ വേറെ ചലനങ്ങളൊന്നുമില്ല. ഒന്നും മിണ്ടുന്നുമില്ല.
ഞാനൊരല്പം പരിഭ്രമിച്ചു ഇരിക്കുകയായിരുന്നു. ജീൻസിലും ഷൂസിലും കടലിന്റെ നനവ് മാറിയിട്ടില്ല, എത്ര കുടഞ്ഞിട്ടും പോകാത്ത മണലും. തിരിച്ചു വന്നു ഞാൻ ഓഫീസിലേക്ക് കയറിയപ്പോൾ തന്നെ സരിതച്ചേച്ചി അത് ശ്രദ്ധിച്ചിരുന്നു. ഫ്ലോറിലാകെ അതിന്റെ പാടുകൾ പതിപ്പിച്ചു കൊണ്ടാണ് ഞാൻ എം. ടി. സാറിന്റെ മുന്നിൽ വന്നിരുന്നത്. എം. ടി. സർ അത് കണ്ടിരുന്നോ! അറിയില്ല.
“സോപാനം ഞാൻ വായിച്ചു.” ഒന്ന് നിശ്ശബ്ദനായിട്ടു എം. ടി. പറഞ്ഞു: “ക്ലാരിറ്റി ഉണ്ട്.”
എം.ടി. എന്നോട് പറഞ്ഞ ആദ്യ വാക്കുകൾ! ഇന്നും നഷ്ടമാകാതെ സൂക്ഷിക്കുന്ന, നഷ്ടമാകരുതേ എന്ന് പ്രാർത്ഥിക്കുന്ന ആ ക്ലാരിറ്റി എനിക്ക് കിട്ടിയത് അവിടെനിന്നാണ്.
“എത്രയാണ് സാലറി പ്രതീക്ഷിക്കുന്നത്?”
പെട്ടെന്ന് അങ്ങനെയൊരു ചോദ്യം എം.ടി.യിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. എം.ടി. യുടെ കീഴിൽ ജോലി ചെയ്യാനാവുക എന്നതിന് ഏതൊരു കമ്പനിക്കും ഓഫർ ചെയ്യാനാവുന്ന ശമ്പളത്തേക്കാൾ മൂല്യമുണ്ടെന്നു അന്നെനിക്ക് പറയാനായതുപോലൊക്കെ പറഞ്ഞൊപ്പിച്ചു.
ബീഡിക്കുറ്റി ആഷ്‌ട്രേയിൽ കുത്തിയണച്ചു എം. ടി. സർ ചാരിയിരുന്നു. വീണ്ടും നീണ്ട മൗനം .
‘പറഞ്ഞതെന്തെങ്കിലും തെറ്റായിപ്പോയോ’, ‘കുറച്ചു കൂടി ആത്മവിശ്വാസത്തോടെ സംസാരിക്കണമായിരുന്നോ…’ എന്റെ മനസിനെ ചഞ്ചലമാക്കിയ ആ നിശബ്ദത ഭേദിച്ച്, ഇരുന്ന റിവോൾവിങ്ചെയർ മേശയോടടുപ്പിച്ചു എം.ടി പറഞ്ഞു:
“നിന്റെ ക്രിയേറ്റിവിറ്റിക്ക് നീ വില പറയണം. അല്ലെങ്കിൽ അതൊരിക്കലും ഒരിടത്തും വില മതിക്കപ്പെടുകയില്ല.”
മേശപ്പുറത്തുണ്ടായിരുന്ന എന്റെ അപ്പോയ്ന്റ്മെന്റ് ഓർഡറിൽ എം.ടി. ഒപ്പിട്ടു: “അടുത്ത മുറിയിൽ ഗോപാലകൃഷ്‌ണൻ ഉണ്ട്. സാലറി യുടെ കാര്യമൊക്കെ അയാളോട് സംസാരിക്കൂ.”
പിന്നീടൊരു ഒന്നരവർഷത്തോളം ഒരേ സ്ഥാപനത്തിൽ എം.ടി.യുടെ കീഴിൽ പ്രവർത്തിക്കാൻ എനിക്ക് അവസരമുണ്ടായി. അക്കാലത്താണ് എം. ടി. യുടെ സർഗാത്മക നിർദ്ദേശത്തോടെ ‘കണി കാണും നേരം’ ചെയ്തത്.
(തുടരും)
Source link