CINEMA

ശസ്ത്രക്രിയ വിജയകരം; കാന്‍സര്‍ മുക്തനായെന്ന് നടന്‍ ശിവ രാജ്കുമാര്‍

അർബുദ ചികിത്സയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്നു വെളിപ്പെടുത്തി കന്നഡ നടൻ ശിവ രാജ്കുമാറും കുടുംബവും. കാൻസർ മുക്തനായെന്നും തന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെ പറയുന്നു.

ഡിസംബര്‍ 24-ന് അമേരിക്കയിലെ മിയാമി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എംസിഐ) മൂത്രാശയ അര്‍ബുദത്തിനുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നു. ശിവ് രാജ്കുമാറും ഭാര്യ ഗീതയും ഒരുമിച്ചെത്തിയാണ് ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്.

‘‘സംസാരിക്കുമ്പോള്‍ ഞാന്‍ വികാരാധീനനാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു, കാരണം യുഎസിലേക്ക് പോകുമ്പോള്‍ ഞാന്‍ അല്‍പ്പം വികാരഭരിതനായിരുന്നു. എന്നാല്‍ ധൈര്യം പകരാന്‍ ആരാധകര്‍ ഉണ്ട്. ചില സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഡോക്ടര്‍മാരും കൂടെയുണ്ടായിരുന്നു.

എന്റെ ജീവിതത്തിലുടനീളം, ഗീതയില്ലാതെ ശിവണ്ണയില്ല. എനിക്ക് മറ്റാരില്‍ നിന്നും അത്തരം പിന്തുണ ലഭിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് അവളില്‍ നിന്ന് അത് ലഭിക്കും.

ആദ്യ ഘട്ടത്തില്‍ വിശ്രമമെടുത്ത് മുന്നോട്ട് പോകാനും മാര്‍ച്ചിന് ശേഷം പൂര്‍ണ ശക്തിയോടെ ജോലിയില്‍ പ്രവേശിക്കാനും ഡോക്ടര്‍മാര്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ തീര്‍ച്ചയായും പഴയ ഊർജത്തോടെ വരും, എങ്ങോട്ടുംപോകില്ല. ശിവണ്ണ മുമ്പ് എങ്ങനെയായിരുന്നോ അതുപോലെ തന്നെ നൃത്തത്തിലും ലുക്കിലും ഇരട്ടി ശക്തി ഉണ്ടാകും. നിങ്ങളുടെ അനുഗ്രഹത്താല്‍ ഞാന്‍ എപ്പോഴും ഊര്‍ജസ്വലനായിരിക്കും.’’–ശിവ രാജ്കുമാറിന്റെ വാക്കുകൾ.

English Summary:
Shiva Rajkumar, Kannada star is now cancer-free after surgery in US, shares emotional message: ‘I’ll be back stronger’


Source link

Related Articles

Back to top button