KERALAM

14കാരൻ യുവാവിനെ ആക്രമിച്ചത് കൊല്ലാനുള്ള ഉദ്ദേശത്തോടെ, തൃശൂരിലെ കൊലപാതകത്തിൽ അറസ്റ്റ് രേഖപ്പെടുത്തി

തൃശൂർ: നഗരമദ്ധ്യത്തിൽ പുതുവർഷത്തലേന്ന് കൗമാരക്കാരുടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ എഫ്‌ഐ‌ആർ പുറത്ത്. പ്രതികളായ 14ഉം 15ഉം വയസ് പ്രായമുള്ള കുട്ടികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പാലിയം റോഡിൽ എടക്കളത്തൂർ വീട്ടിൽ ടോപ് റസിഡൻസിയിൽ ജോൺ ഡേവിഡിന്റെ മകൻ ലിവിൻ (29) ആണ് കൊല്ലപ്പെട്ടത്.

മയക്കുമരുന്ന് ഉപയോഗിക്കുകയാണെന്ന് കരുതിയാണ് ലിവിൻ പ്രതികളെ ചോദ്യം ചെയ്തതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ഇതേത്തുടർന്ന് പ്രതികളുമായി തർക്കമുണ്ടായി. തുടർന്നുണ്ടായ സംഘർഷമാണ് കൊലയിൽ കലാശിച്ചത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് 14കാരൻ ലിവിനെ ആക്രമിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ രണ്ട് പ്രതികളുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ലിവിനെ കൊല്ലാൻ ഉപയോഗിച്ച കത്തി 14കാരന്റേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സഹപാഠിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനാണ് ഈ കുട്ടിയെ നേരത്തെ സ്‌കൂളിൽ നിന്ന് പുറത്താക്കിയത്. പ്രതികൾ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രണ്ട് പ്രതികളുടെയും വൈദ്യ പരിശോധന നടത്തി.

പ്രതികളായ സ്‌കൂൾ വിദ്യാർത്ഥികൾ രണ്ട് പെൺകുട്ടികൾക്കൊപ്പം മൈതാനത്ത് നടന്ന് പോകുകയായിരുന്നു. പെൺകുട്ടികളുമായി ഇരുട്ടത്ത് പോകുന്നത് കണ്ടതോടെ ലിവിൻ ചോദ്യം ചെയ്തു. ഇതിന്റെ പേരിൽ തർക്കമായി. ഇതിനിടെയാണ് വിദ്യാർത്ഥികളിലൊരാൾ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ലിവിനെ കുത്തിയതെന്നും വിവരമുണ്ട്. ഒറ്റക്കുത്തിൽ തന്നെ ലിവിൻ മരണപ്പെട്ടതായാണ് വിവരം. നെഞ്ചത്താണ് കുത്തേറ്റത്. തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


Source link

Related Articles

Back to top button