നിയുക്ത ഗവർണർ കേരളത്തിലെത്തി; സത്യപ്രതിജ്ഞ നാളെ രാവിലെ പത്തരയ്‌ക്ക്
തിരുവനന്തപുരം: നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്‌പീക്കർ എഎൻ ശംസീറും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു.
നാളെ രാവിലെ 10.30ന് രാജ്‌ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സർക്കാരുമായി നിരന്തരം കൊമ്പുകോർത്തിരുന്ന ആരിഫ് മുഹമ്മദ് ഖാന് ശേഷം വരുന്ന ഗവർണർ ഏത് രീതിയിലുള്ള സമീപനം സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്.
ഇന്ന് രാവിലെ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുമായി ഗോവ രാജ്‌ഭവനിൽ വച്ച് രാജേന്ദ്ര അർലേകർ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ദീർഘകാലം ആർഎസ്‌എസ് ചുമതലകൾ വഹിച്ചശേഷം 1989ലാണ് രാജേന്ദ്ര അർലേകർ ബിജെപിയിൽ അംഗത്വമെടുക്കുന്നത്. ഗോവയിൽ സ്‌പീക്കർ, മന്ത്രി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രാജേന്ദ്ര അർലേകർ സ്‌പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.
Source link