ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഉടുപ്പഴിക്കുന്ന സമ്പ്രദായം തിരുത്തണം: സ്വാമി സച്ചിദാനന്ദ
ശിവഗിരി: ഉടുപ്പ് അഴിച്ചുകൊണ്ടേ ക്ഷേത്രങ്ങളിൽ കയറാവൂ എന്ന നിർബന്ധബുദ്ധി തിരുത്തിയേ മതിയാവൂ എന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശിവഗിരി മഠത്തിന്റെ മാർഗ്ഗനിർദ്ദേശം അതാണെന്നും തീർത്ഥാടന സമ്മേളനത്തിലെ അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉടുപ്പ് അഴിക്കണമെന്ന നിർബന്ധം ചില ശ്രീനാരായണീയ ക്ഷേത്രങ്ങളിലുമുണ്ട്. ഇത് തിരുത്തിയേ മതിയാവൂ. കാരണം ഗുരുദേവൻ ക്ഷേത്രസംസ്കാരത്തെ പരിഷ്കരിച്ചയാളാണ്. പണ്ട് സവർണർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു. അവരിൽ പൂണുലുള്ളവരെ തിരിച്ചറിയാനാണ് ഉടുപ്പ് അഴിക്കുന്ന സമ്പ്രദായം കൊണ്ടുവന്നത്. ‘ഇന്നലെ ചെയ്തോരബദ്ധം മൂഢർക്ക് ഇന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാകാം ‘എന്ന് മഹാകവി കുമാരനാശാൻ എഴുതിയപോലെ , ഈ അന്ധവിശ്വാസം ശ്രീനാരായണ സമൂഹത്തിലുള്ളവരും മുറുകെ പിടിക്കുന്നു. അവരിൽ ശ്രീനാരായണ പാരമ്പര്യം പിന്തുടരുന്ന ചില വൈദികരുമുണ്ട്.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും ഇക്കാര്യത്തിൽ തുറന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ട്. അത് മനസിലാക്കി ശ്രീനാരായണ സമൂഹം ഉണർന്നു പ്രവർത്തിക്കണം.
ഗുരുദേവൻ എടുത്തുകളഞ്ഞ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തിരികെ വന്നുകൊണ്ടിരിക്കുന്നു. പലതിലും ശ്രീനാരായണസമൂഹം ഭാഗഭാക്കാവുകയും മറ്റുചിലതിൽ കൈയും കെട്ടി നോക്കി നിൽക്കുകയും ചെയ്യുന്നു. മനുഷ്യന്റെ പേരിൽ യാഗം, മാംസം ഹോമിക്കുന്ന യാഗം തുടങ്ങിയ അന്ധാചാരങ്ങളിലേക്കുപോലും രാജ്യം വഴിമാറിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ ജ്യോത്സ്യവും പ്രശ്നവും അന്ധവിശ്വാസങ്ങളും പ്രചരിക്കുകയാണ് . ശ്രീനാരായണ സമൂഹം അറിഞ്ഞോ അറിയാതെയോ ഇതിലൊക്കെ ചെന്നുവീഴുകയാണ്.പ്രതിഷ്ഠ നടത്താൻ മുഹൂർത്തം നോക്കണമെന്ന് പറഞ്ഞപ്പോൾ, പ്രതിഷ്ഠ നടത്തി ഇനി മുഹൂർത്തം നോക്കിക്കോളൂ എന്നാണ് ഗുരു പറഞ്ഞത്. ആ മഹാ ഗുരുവിന്റെ അനുയായികൾ ജ്യോത്സ്യന്മാരുടെയും പ്രശ്നക്കാരുടെയും പിന്നാലെ പോകാൻ പാടില്ല. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ എല്ലാ ജാതിമത വിഭാഗക്കാർക്കും പ്രവേശനമുണ്ടായിരുന്നു. ഇപ്പോൾ ചിലിടത്ത് മറ്റു മതക്കാർക്ക് പ്രവേശനമില്ല. അതു കാണുമ്പോൾ ഖേദം തോന്നുന്നുവെന്നും സ്വാമിസച്ചിദാനന്ദ പറഞ്ഞു.
പ്രധാന്യമുള്ള ഇടപെടൽ: മുഖ്യമന്ത്രി
ശിവഗിരി: ക്ഷേത്രങ്ങളിൽ ഉടുപ്പ് അഴിക്കണമെന്ന സമ്പ്രദായം തിരുത്തിയേ മതിയാവൂ എന്ന ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നിർദ്ദേശം വലിയ സാമൂഹിക ഇടപെടൽ എന്ന് പ്രശംസിച്ച് മുഖ്യമന്ത്രി പിണറായിവിജയൻ. സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷ പ്രസംഗത്തിന് പിന്നാലെ ഉദ്ഘാടന പ്രസംഗത്തിന്റെ ആമുഖമായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സാമൂഹിക ഇടപെടലിന്റെ ഭാഗമായുള്ള ഒരു സന്ദേശമാണ് സ്വാമി സച്ചിദാനന്ദയിൽ നിന്നുണ്ടായത്. ഗുരുവിന്റെ സദ് പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെയാണ് സമൂഹത്തിന് മുന്നിൽ ഈ നിർദ്ദേശം സ്വാമി സച്ചിദാനന്ദ വച്ചിരിക്കുന്നത്. ഇത് വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലായി മാറാൻ സാദ്ധ്യതയുണ്ട്. ഈ വഴിക്ക് പല ആരാധനാലയങ്ങളും നാളെ വരുമെന്ന കാര്യം ഉറപ്പാണ്. ആരെയും നിർബന്ധിക്കേണ്ടതില്ല. പല ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങൾ മാത്രമായിരിക്കില്ല, മറ്റ് ആരാധനാലയങ്ങളും ആ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷ-മുഖ്യമന്ത്രി പറഞ്ഞു.
Source link