KERALAM

ഗുരുദേവൻ പരമ ദൈവം: സ്വാമി സച്ചിദാനന്ദ 

ശിവഗിരി :ശ്രീനാരായണ ഗുരുദേവൻ ജനകോടികളുടെ വഴികാട്ടിയായ പരമഗുരുവും പരമദൈവവുമാണ്. “ഗുരു പ്രത്യക്ഷ ദൈവതം ‘ എന്നത് ജനലക്ഷങ്ങൾ ശ്രീനാരായണ ഗുരുദേവനിലൂടെയാണ് സാക്ഷാത്ക്കരിച്ചത്. അവർക്ക് ഗുരുദേവൻ ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും യേശുക്രിസ്തുവിന്റെയും മുഹമ്മദ്നബിയുടെയും ശ്രീശങ്കരഭഗവദ്പാദരുടെയും മൂർത്തരൂപമായിരുന്നു. സകലദേവീ ദേവസ്വരൂപമായ പ്രത്യക്ഷബ്രഹ്മമായിരുന്നുവെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ 92-ാമത് ശിവഗിരി തീർത്ഥാടന സന്ദേശത്തിൽ പറഞ്ഞു.

. അറിയുന്നവരെയെല്ലാം ആരാധകരാക്കി മാറ്റാൻ പോന്ന അദ്ഭുത വ്യക്തിവൈശിഷ്ട്യത്തിന്റെ ഉടമയായിരുന്ന ഗുരുദേവനെ “ജീവിച്ചിരുന്നോരു നാളിൽ ആരും പൂവിട്ടു പൂജിച്ചിരുന്നു. മഹാഗുരുവിന്റെ തിരുനാമധേയത്തിൽ നടക്കുന്ന ഏറ്റവും മഹത്തരമായ ആത്മീയയജ്ഞമാണ് ശിവഗിരി തീർത്ഥാടനം. അഞ്ചു പേരിൽ തുടങ്ങിയ തീർത്ഥാടനം ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മഹാമഹമായി വളർന്നു പന്തലിച്ചിരിക്കുന്നു. ‘അറിവിന്റെ

തീർത്ഥാടനം’ എന്ന ഈ മഹിതമായ തീർത്ഥാടനത്തിനു തുല്യമായ മറ്റൊരു ജ്ഞാനദായക തീർത്ഥപ്രവാഹം എവിടെയും കാണാനാവില്ല.. ശിവഗിരിയിൽ പിതാംബരധാരികളായി ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ ജ്ഞാന തീർത്ഥത്തിൽ അടനം ചെയ്യുന്നതിനോടൊപ്പം ഗുരുദേവനെ പരമദൈവമായി ദർശിച്ച് അനുഗ്രഹം നേടി ജീവിതം അർത്ഥ പൂർണ്ണമാക്കുന്നു. ജനലക്ഷങ്ങളുടെ തീർത്ഥാടനം ഈശ്വരസ്വരൂപനായ മഹാഗുരുവിൽ അഭയവും ആനന്ദവും കണ്ടെത്തി അനുഗൃഹീതരാകുന്നതിനു കൂടിയാണ്. . ശ്രീകൃഷ്ണപരമാത്മാവിനെ അവതാരപുരുഷനായും ക്രിസ്തുദേവനെ ദൈവപുത്രനായും മുഹമ്മദ് നബിയെ ദൈവദൂതനായും കണക്കാക്കി ലോകം വാഴ്ത്തുമ്പോൾ ആ പരമ്പരയിൽ വന്നുദിച്ച ശ്രീനാരായണഗുരുദേവൻ സാക്ഷാത് ഈശ്വരൻ തന്നെയെന്ന് അവിടന്നെഴുതിയ ആത്മവിലാസത്തിലെ വരികൾ ‘നാമും ദൈവവും ഒന്നായിരിക്കുന്നുവെന്നാണ്’

ജീവജാലങ്ങൾ ജനിച്ചും മരിച്ചും കൊണ്ടി രിക്കും. എന്നാൽ ജനനമരണമേതുമില്ലാതെ നിത്യമായി നിലകൊള്ളുന്നത് അറിവാണ് – ഈശ്വരനാണ്. ഗുരുദേവൻ ആ അറിവ് അഥവാ ഈശ്വരൻ തന്നെയാകുന്നു. മറ്റുള്ളവരെല്ലാം ആ ഈശ്വരന്റെ സ്വരൂപം തന്നെ. വത്തിക്കാനിൽ വച്ച് അഭിവന്ദ്യനായ ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശീർവാദത്തിൽ ആലുവ സർവ്വമതസമ്മേളനത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ലോകമത പാർലമെന്റ് നടന്നതിന്റെ മികവിലാണ് 92-ാമത് ശിവഗിരി തീർത്ഥാടനം കൊണ്ടാടുന്നത്. ‘ലോകമൊരു കുടുംബ’മാണെന്ന് ശ്രീനാരായണഗുരു പ്രഖ്യാപിച്ചു. ഗുരു ജീവിതം മനുഷ്യർക്കായി സമർപ്പിച്ചു. ഗുരുവിന്റെ സന്ദേശത്തിലൂടെ ലോകസമാധാനം കൈവരിക്കാം തുടങ്ങിയ വചനങ്ങളാണ് മാർപ്പാപ്പയിലൂടെ ലോകം ശ്രവിച്ചത്. ശ്രീനാരായണഗുരു വിശ്വഗുരുവെന്ന് അക്ഷരാർത്ഥത്തിൽ ലോകം അംഗീകരിച്ചിരിക്കുന്നു.


Source link

Related Articles

Back to top button